ETV Bharat / state

Women's Day : കൊച്ചി മെട്രോയില്‍ ഇന്ന് വനിതകള്‍ക്ക് വെറും 20 രൂപയ്ക്ക് യാത്ര ; 4 സ്‌റ്റേഷനുകളില്‍ നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ

author img

By

Published : Mar 8, 2023, 11:42 AM IST

സ്ത്രീകൾക്ക് കൊച്ചി മെട്രോയുടെ ഏത് സ്‌റ്റേഷനിൽ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാൻ കഴിയും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ നാല് മെട്രോ സ്റ്റേഷനുകളിൽ നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ സ്ഥാപിച്ചു

international womens day  അന്താരാഷ്ട്ര വനിതാ ദിനം  കൊച്ചി മെട്രോ  സ്‌പെഷ്യൽ ഓഫറുകൾ  നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ  ഇടപ്പള്ളി  കലൂർ  മഹാരാജാസ്  എറണാകുളം സൗത്ത്  മെട്രോ സ്റ്റേഷനുകൾ  ആഘോഷം
International Womens Day

കൊച്ചി : അന്താരാഷ്ട്ര വനിതാദിനത്തിൽ ശ്രദ്ധേയമായ ആനുകൂല്യങ്ങള്‍ അവതരിപ്പിച്ച് കൊച്ചി മെട്രോ. ഇന്ന് സ്ത്രീകൾക്ക് കൊച്ചി മെട്രോയിൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള അവസരമാണ് കെ എം ആർ എൽ ഒരുക്കിയിരിക്കുന്നത്. ഏത് സ്‌റ്റേഷനിൽ നിന്നും ഏത് ദൂരവും എത്ര തവണ വേണമെങ്കിലും വെറും ഇരുപത് രൂപയ്ക്ക് യാത്ര ചെയ്യാൻ കഴിയും.

ഇതിനൊപ്പം തന്നെ കഴിഞ്ഞ ഒരു വർഷത്തിനിടെ ഏറ്റവുമധികം തവണ കൊച്ചി മെട്രോയിൽ യാത്ര ചെയ്‌ത മൂന്ന് വനിതകളെ കെ എം ആർ എൽ എം ഡി ലോക്‌നാഥ് ബെഹ്റ ഉച്ചയ്‌ക്ക് 12 മണിക്ക് കലൂർ മെട്രോ സ്‌റ്റേഷനിൽ ആദരിക്കും. ഇവ കൂടാതെ കൊച്ചി മെട്രോയുടെ വിവിധ സ്‌റ്റേഷനുകളിൽ സ്ത്രീകൾക്കായി വിവിധ പരിപാടികളും മെഡിക്കൽ ക്യാംപുകളും മെട്രോ വകുപ്പ് സംഘടിപ്പിച്ചിട്ടുണ്ട്.

നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ : വനിതാദിനത്തിൽ നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ ഇന്ന് ഉദ്ഘാടനം ചെയ്യും. കൊച്ചി മെട്രോയുടെ ഏറ്റവും ശ്രദ്ധേയമായ ഈ പരിപാടി യാത്രക്കാരായ സ്ത്രീകൾക്ക് അത്യാവശ്യ ഘട്ടങ്ങളിൽ വളരെയധികം ഉപകാരപ്പെടും. ഇടപ്പള്ളി, കലൂർ, മഹാരാജാസ്, എറണാകുളം സൗത്ത് എന്നീ നാല് മെട്രോ സ്റ്റേഷനുകളിലാണ് നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ മെട്രോ അധികൃതർ സ്ഥാപിച്ചിട്ടുള്ളത്. ഇനി വരുന്ന ഘട്ടത്തിൽ മറ്റ് മെട്രോ സ്‌റ്റേഷനുകളിലും ഈ സൗകര്യം ലഭ്യമാകും.

ഈ വെൻഡിംഗ് മെഷീനുകളിൽ നിന്ന് സ്ത്രീകൾക്ക് സൗജന്യമായി നാപ്‌കിനുകൾ ലഭിക്കുന്നതിനുള്ള സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. കലൂർ മെട്രോ സ്‌റ്റേഷനിൽ ഉച്ചയ്‌ക്ക് 12.15ന് കെ എം ആർ എൽ എംഡി ലോക്‌നാഥ് ബെഹ്റ തന്നെയാവും നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ ഉദ്ഘാടനം ചെയ്യുക. നെക്സോറ അക്കാദമിയുമായി ചേർന്നാണ് കൊച്ചി മെട്രോ ഈ സേവനം ഒരുക്കിയത്. കംപ്യൂട്ടറിന്‍റെ സി പി യു പോലുള്ള ഇലക്ട്രോണിക് വേസ്‌റ്റുകളും റീസൈക്കിൾ ചെയ്‌ത അലൂമിനിയം, പ്ലാസ്‌റ്റിക് വേസ്‌റ്റുകളും ഉപയോഗിച്ച് നെക്സോറ അക്കാദമിയിലെ വിദ്യാർഥികളാണ് ചെലവ് കുറഞ്ഞ നാപ്‌കിൻ വെൻഡിംഗ് മെഷീനുകൾ നിർമ്മിച്ചിരിക്കുന്നത്.

സൗജന്യ ബോൺ ഡെൻസിറ്റി പരിശോധന : സ്ത്രീകൾക്കായി സൗജന്യ ബോൺ ഡെൻസിറ്റി പരിശോധനയും വനിതാദിനത്തിൽ മുട്ടം, ഇടപ്പള്ളി, എം ജി റോഡ്, വൈറ്റില സ്‌റ്റേഷനുകളിൽ ഒരുക്കിയിട്ടുണ്ട്. ക്രാഫ്റ്റ് ഫെർട്ടിലിറ്റി സെന്‍ററിന്‍റെയും മേയർ വിറ്റബയോട്ടിക്‌സിന്‍റെയും സഹകരണത്തോടെ രാവിലെ 11 മുതൽ വൈകിട്ട് 7 മണിവരെ നടക്കുന്ന മെഡിക്കൽ ക്യാംപിന്‍റെ ഉദ്ഘാടനം ഉച്ചക്ക് 1.15ന് ലോക്‌നാഥ് ബെഹ്റ നിർവഹിക്കും.

ഉച്ചയ്ക്ക്‌ 2.30ന് കലൂർ മെട്രോ സ്‌റ്റേഷനിൽ കൊച്ചിൻ ബിസിനസ് സ്‌കൂളിലെ വിദ്യാർഥികൾ ഫ്ലാഷ് മോബ് സംഘടിപ്പിക്കും. എറണാകുളം സൗത്ത് മെട്രോ സ്റ്റേഷനിൽ നിന്നും 2.30ന് സ്ത്രീകളുടെ ജീവിതത്തിലെ വിവിധ ഘട്ടങ്ങൾ ഉൾപ്പെടുത്തിയുള്ള ഫാഷൻ ഷോയും മൈമും അരങ്ങേറും. ഇത്തരത്തിൽ മെട്രോയുടെ വിവിധ സ്റ്റേഷനുകളിലായി ഒരു ദിവസം നീണ്ടുനിൽക്കുന്ന വിവിധ പരിപാടികളാണ് വനിതാദിനത്തിൽ സംഘടിപ്പിച്ചിട്ടുള്ളത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.