ETV Bharat / state

'വ്യക്തികളുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാൻ അവകാശമില്ല'; മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി

author img

By

Published : Mar 20, 2023, 7:08 PM IST

ക്രൈം ഓണ്‍ലൈന്‍ ചാനലില്‍ പ്രവര്‍ത്തിച്ചിരുന്ന മാധ്യമപ്രവര്‍ത്തക നല്‍കിയ പരാതിയില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം

Kerala High Court on media peep  media peep into citizens lives  ക്രൈം ഓണ്‍ലൈന്‍  കേരള ഹൈക്കോടതി  രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി  ഹൈക്കോടതി
ഹൈക്കോടതി

എറണാകുളം: വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് സുപ്രധാന നിരീക്ഷണവുമായി കേരള ഹൈക്കോടതി. കൃത്യമായ കാരണം ഇല്ലെങ്കിൽ വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് എത്തിനോക്കാൻ സർക്കാർ ഏജൻസികൾക്ക് പോലും അവകാശമില്ല. അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്ന കാര്യത്തിൽ ഓൺലൈൻ മാധ്യമങ്ങൾ ആത്മപരിശോധന നടത്തേണ്ടതുണ്ടെന്നും മാധ്യമപ്രവര്‍ത്തക നല്‍കിയ കേസില്‍ ജാമ്യ ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിര്‍ദേശിച്ചു.

മന്ത്രി വീണ ജോർജ് ആണെന്ന വ്യാജേന തന്നെ വച്ച് അശ്ലീല വീഡിയോ ചിത്രീകരിക്കാൻ ശ്രമിച്ചു എന്ന്, നേരത്തെ ക്രൈം എഡിറ്റർ ടിപി നന്ദകുമാറിനെതിരെ യുവതി പരാതി നൽകിയിരുന്നു. ഈ യുവതിയെക്കുറിച്ച് അപകീർത്തികരമായ വീഡിയോ പ്രസിദ്ധീകരിച്ചെന്ന കേസിൽ ഓൺലൈൻ ചാനലിന്‍റെ രണ്ട് ജീവനക്കാർ സമർപ്പിച്ച മുൻകൂർ ജാമ്യ ഹർജി തള്ളിക്കൊണ്ടാണ് ജസ്റ്റിസ് വിജി അരുണിന്‍റെ നിരീക്ഷണങ്ങൾ. വ്യക്തികൾക്കോ മാധ്യമങ്ങൾക്കോ പൗരന്മാരുടെ സ്വകാര്യതയിലേക്ക് എത്തിനോക്കാനാവില്ല. തടയാൻ നിയമമില്ലെങ്കിൽ പോലും വ്യക്തികളുടെ സ്വകാര്യ നിമിഷങ്ങൾ പൊതുമധ്യത്തില്‍ പരസ്യപ്പെടുത്തുന്നത് കുറ്റകരമായ പ്രവൃത്തിയാണെന്നും കോടതി വിലയിരുത്തി. അശ്ലീല വീഡിയോ ചിത്രീകരിക്കാൻ നിന്നുകൊടുക്കാത്തതിന് തന്നെ മാനസികമായി പീഡിപ്പിച്ചെന്നും പരാതിക്കാരി കേസില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

'ഓൺലൈൻ മാധ്യമങ്ങൾ നിജസ്ഥിതി അന്വേഷിക്കണം': സ്വകാര്യത ഓരോ വ്യക്തിയുടെയും അവകാശമാണെന്നും കോടതി ഈ കേസില്‍ ചൂണ്ടിക്കാട്ടി. ഡിജിറ്റൽ കാലഘട്ടത്തിൽ മനുഷ്യൻ മറന്നാലും വിവരങ്ങൾ ഇന്‍റർനെറ്റ് മറക്കില്ല. മനുഷ്യനെ മറക്കാൻ അനുവദിക്കുകയുമില്ല. ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുന്ന അപകീർത്തികരമോ അധിക്ഷേപകരമോ ആയ പരാമർശം ബാധിക്കപ്പെടുന്ന വ്യക്തിയുടെ ജീവിതത്തിൽ മായാത്ത പാടായി അത് നിലനിൽക്കും. വ്യക്തികളുടെ ജീവിതത്തെക്കുറിച്ച് അപകീർത്തികരമായ വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിന് മുൻപ് ഓൺലൈൻ മാധ്യമങ്ങൾ നിജസ്ഥിതി അന്വേഷിക്കേണ്ടതുണ്ട്.

ചില ഓൺലൈൻ മാധ്യമങ്ങൾക്ക് വാർത്തകളേക്കാൾ അശ്ലീലം എഴുതി വിടുന്നതാണ് ശീലമെന്നും സിംഗിൾ ബഞ്ച് കുറ്റപ്പെടുത്തി. 'പൊതുജനങ്ങളില്‍ ഒരു വിഭാഗം ഇത്തരം 'മഞ്ഞ വാര്‍ത്തകള്‍' മറ്റൊന്നും നോക്കാതെ ആര്‍ത്തിയോടെ വിഴുങ്ങുന്ന സ്ഥിതിവിശേഷമുണ്ട്. ഈയൊരു സാഹചര്യം തടയാൻ ഇത്തരം വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമങ്ങള്‍ ആത്മപരിശോധന നടത്തേണ്ടത് അനിവാര്യമാണ്. ഏതാനും ചിലരുടെ മോശമായ പ്രവർത്തിയിലൂടെ, മാധ്യമങ്ങള്‍ എന്ന ജനാധിപത്യത്തിന്‍റെ നാലാം തൂണിലുള്ള വിശ്വാസ്യത പൊതുസമൂഹത്തില്‍ തകരുകയാണ്' - കോടതി ചൂണ്ടിക്കാട്ടി.

പരാതിക്കാരിയുടേത് ഗുരുതര ആരോപണം, നിഷേധിച്ച് പ്രതികള്‍: ക്രൈം ഓണ്‍ലൈന്‍ മാധ്യമത്തിനെതിരായ കേസില്‍, താൻ പട്ടികവർഗ വിഭാഗത്തിൽ ഉള്‍പ്പെട്ട ആളാണെന്ന് അറിഞ്ഞുകൊണ്ട് തന്നെയാണ് തന്നെ ഈ സംഭവത്തിലേക്ക് വലിച്ചിഴച്ചതെന്ന് പരാതിക്കാരി ആരോപിച്ചു. മുൻകൂർ ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളിയതിനെ തുടർന്നാണ് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചത്. യുവതി നല്‍കിയ പരാതിയിൽ തങ്ങൾക്കെതിരായ ആരോപണങ്ങൾ പ്രതികള്‍ നിഷേധിക്കുകയും മാധ്യമ സ്ഥാനത്തിന്‍റെ ഉടമക്കെതിരെ കേസ് മനപൂര്‍വം കെട്ടിച്ചമച്ചതാണെന്നും അവകാശവാദം ഉന്നയിച്ചു. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം പ്രകാരമുള്ള കുറ്റങ്ങൾ ഉള്‍പ്പെടുത്തി തങ്ങളെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട ആവശ്യമില്ലെന്നും പ്രതിഭാഗം വാദിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.