പെരുമൺ എൻജിനീയറിങ് കോളജിൽ ബസിന് തീപിടിച്ച സംഭവം; സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

author img

By

Published : Jul 4, 2022, 6:43 PM IST

kerala high court in peruman engineering college bus fire accident  high court suo moto intervenes in bus fire accident  peruman engineering college bus fire accident  പെരുമൺ എൻജിനീയറിങ് കോളജ് ബസ് തീപിടിച്ചു  ബസിന് തീപിടിച്ച സംഭവം സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

ആഘോഷങ്ങൾക്കിടെ ബസിന് തീപിടിക്കുന്ന ദൃശ്യങ്ങൾ പരിശോധിച്ച കോടതി, മോട്ടോർ വാഹന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്ന് വ്യക്തമാക്കി. വിഷയം ഹൈക്കോടതി വരുന്ന 7-ാം തീയതി വീണ്ടും പരിഗണിക്കും

എറണാകുളം: കൊല്ലം പെരുമൺ എൻജിനീയറിങ് കോളജിലെ വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസിന് മുകളിൽ പൂത്തിരി കത്തിച്ച സംഭവത്തിൽ സ്വമേധയാ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ വിശദീകരണം നൽകാൻ സർക്കാരിനോട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് നിർദേശിച്ചു.

അതേസമയം, ഇത്തരം നടപടികളെ നിയന്ത്രിക്കാൻ മോട്ടോർ വാഹന നിയമത്തിൽ ചട്ടങ്ങൾ ഉണ്ടെന്ന് എഎസ്‌ജി കോടതിയെ അറിയിച്ചു. സംസ്ഥാന സർക്കാരാണ് അവ നടപ്പിലാക്കേണ്ടതെന്നും അറിയിച്ചിട്ടുണ്ട്. ദൃശ്യങ്ങൾ പരിശോധിച്ച കോടതി, മോട്ടോർ വാഹന ചട്ടങ്ങളുടെ ലംഘനമുണ്ടായെന്നും വ്യക്തമാക്കി. വിഷയം ഹൈക്കോടതി വരുന്ന ജൂലൈ ഏഴാം തീയതി വീണ്ടും പരിഗണിക്കും.

പെരുമൺ എൻജിനീയറിങ് കോളജിലെ രണ്ടാം വർഷ വിദ്യാർഥികൾ വിനോദയാത്ര പുറപ്പെടുന്നതിനു മുൻപായാണ് ആഘോഷ പരിപാടിക്കിടെ ബസ് ജീവനക്കാർ ബസിന് മുകളിൽ പൂത്തിരി കത്തിച്ചത്. ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും വിവാദമാകുകയും ചെയ്‌തതോടെ മോട്ടോർ വാഹന വകുപ്പ് കേസെടുത്തിരുന്നു.

ഇലക്‌ട്രോണിക്‌സ്, കമ്പ്യൂട്ടർ സയൻസ് ബാച്ച് വിദ്യാർഥികൾക്ക് യാത്ര പോകുന്നതിനായി മൂന്ന് ടൂറിസ്റ്റ് ബസുകളാണ് എത്തിയത്. ഇതിൽ ഒരു ബസിന് മുകളിൽ രണ്ട് ഭാഗങ്ങളിലായി പൂത്തിരി കത്തിക്കുകയായിരുന്നു. തീ ആളിക്കത്തിയതോടെ ജീവനക്കാർ ചവിട്ടിയും വെള്ളമൊഴിച്ചും തീ കെടുത്താൻ ശ്രമിക്കുന്നതും ദൃശ്യങ്ങളിലുണ്ട്.

ബസ് തിരികെ എത്തിയതിന് പിന്നാലെ സംഭവത്തിൽ രണ്ട് ബസുകൾ മോട്ടോർ വാഹന വകുപ്പ് കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ കോളജിനു പങ്കില്ലെന്ന നിലപാട് നേരത്തെ തന്നെ കോളജ് അധികൃതർ വ്യക്തമാക്കിയിരുന്നു.

Also Read: കോളജ് ടൂര്‍ ആവേശമാക്കാന്‍ ബസിന് മുകളില്‍ പൂത്തിരി കത്തിച്ചു: ബസിന് തീ പിടിച്ചു

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.