ETV Bharat / state

എറണാകുളത്ത് ഭര്‍ത്താവ് ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി ; തെളിയുന്നത് ഒന്നരവര്‍ഷത്തിനിപ്പുറം

author img

By

Published : Jan 12, 2023, 9:53 PM IST

Updated : Jan 12, 2023, 10:03 PM IST

കഴുത്തിൽ കയർ മുറുക്കി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയ ഭർത്താവ് അറസ്റ്റിൽ

husband killed his wife  killed his wife and buried  kochi murder  sajeevan arrest  remya murder  edavanakkadu murder  latest news in ernakulam  latest news today  ഭാര്യയെ കൊലപ്പെടുത്തി കുഴിച്ചുമൂടി  ഭര്‍ത്താവ് അറസ്‌റ്റില്‍  കഴുത്തിൽ കയർ മുറുക്കി  എടവനക്കാട് സ്വദേശി സജീവന്‍  രമ്യയുടെ കൊലപാതകം  ഞാറക്കൽ കൊലപാതകം  ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ്  ഇലന്തൂർ നരബലി  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  എറണാകുളം കൊലപാതകം
ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി കുഴിച്ചുമൂടി

കഴുത്തിൽ കയർ മുറുക്കി ഭാര്യയെ ക്രൂരമായി കൊലപ്പെടുത്തി ഭര്‍ത്താവ് അറസ്‌റ്റില്‍

എറണാകുളം : കൊച്ചി എടവനക്കാട് വാച്ചാക്കലിൽ ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ ഭർത്താവ് അറസ്റ്റിൽ. എടവനക്കാട് സ്വദേശി സജീവനാണ്(47)ഭാര്യ രമ്യയെ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടത്. രമ്യയുടെ ഫോൺ വിളികളും മറ്റും മൂലമുള്ള തർക്കത്തെ തുടർന്ന് കഴുത്തിൽ കയർ മുറുക്കി ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.

2021 ഓഗസ്‌റ്റിലാണ് സജീവന്‍റെ ഭാര്യ രമ്യയെ കാണാതാകുന്നത്. 2022 ഫെബ്രുവരിയിൽ ഭാര്യയെ കാണാനില്ലെന്ന് സജീവന്‍ ഞാറയ്‌ക്കൽ പൊലീസിൽ പരാതി നൽകി. തുടർന്ന് പൊലീസ് പ്രത്യേക ടീം രൂപീകരിച്ചുനടത്തിയ അന്വേഷണമാണ് സജീവനിലേക്ക് തന്നെയെത്തിയത്.

ഒരു വര്‍ഷമായി പൊലീസ് നിരീക്ഷണത്തിലായിരുന്ന ഇയാളെ തെളിവുകൾ സമാഹരിച്ച ശേഷമാണ് അറസ്റ്റ് ചെയ്‌തത്. ഇലന്തൂർ നരബലിയുമായി ബന്ധപ്പെട്ട് കാണാതായ സ്‌ത്രീകളെക്കുറിച്ച് അന്വേഷണം തുടങ്ങിയ വേളയിൽ രമ്യയുടെ തിരോധാനത്തെക്കുറിച്ചും പൊലീസ് അന്വേഷിച്ചിരുന്നു.

കഴിഞ്ഞ ദിവസം സജീവനെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് വിശദമായി ചോദ്യം ചെയ്‌തിരുന്നു. ഇതോടെയാണ് കൊലപാതകത്തിന്‍റെ ചുരുളഴിഞ്ഞത്. ഭാര്യയെ താൻ കൊലപ്പെടുത്തി വീട്ടുമുറ്റത്ത് കുഴിച്ചിട്ടതായി സജീവന്‍ വെളിപ്പെടുത്തുകയായിരുന്നു. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്.

പ്രതിയുടെ മൊഴിപ്രകാരം വീടിനോട് ചേർന്നുള്ള മുറ്റം കുഴിച്ച് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് മൃതദേഹത്തിന്‍റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഇത് ശാസ്‌ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും.

കൊലപാതകത്തിൽ പ്രതിയ്‌ക്ക് മറ്റാരുടെയെങ്കിലും സഹായം കിട്ടിയോയെന്നും പൊലീസ് അന്വേഷിക്കും. പ്രണയിച്ച് വിവാഹം കഴിച്ച സജീവനും രമ്യയും ബന്ധുക്കളുമായി അടുത്ത ബന്ധം പുലർത്തിയിരുന്നില്ല. ഭാര്യ മറ്റൊരാൾക്ക് ഒപ്പം പോയി എന്നാണ് ബന്ധുക്കളേയും നാട്ടുകാരെയും സജീവന്‍ പറഞ്ഞ് വിശ്വസിപ്പിച്ചത്.

പ്രതി അടുത്ത വിവാഹത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു. ഇതിനിടെയാണ് ഭാര്യയുടെ കൊലപാതകം, തെളിവ് നശിപ്പിക്കൽ എന്നീ കുറ്റകൃത്യങ്ങൾക്ക് അറസ്റ്റിലായിരിക്കുന്നത്. ഭാര്യയെ കൊന്ന് കുഴിച്ചുമൂടിയ വീട്ടിൽ കഴിഞ്ഞ ഒന്നര വർഷമായി സജീവന്‍ താമസിച്ച് വരികയുമായിരുന്നു.

Last Updated : Jan 12, 2023, 10:03 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.