ETV Bharat / state

'അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ല'; പ്രിയ വർഗീസിന്‍റെ നിയമനത്തില്‍ ഹൈക്കോടതി

author img

By

Published : Nov 15, 2022, 7:42 PM IST

എറണാകുളം  കണ്ണൂർ സർവകലാശാല  ഹൈക്കോടതി  ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ  അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെ  ഹൈക്കോടതിയുടെ വിമർശനം  പ്രിയാ വർഗീസിന്‍റെ നിയമനത്തിനെതിരെ ഹൈക്കോടതി  HIGH COURT ON PRIYA VARGHESE APPOINTMENT  KANNUR UNIVERSITY  KERALA LATEST NEWS
'അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെ'; പ്രിയാ വർഗീസിന്‍റെ നിയമനത്തിനെതിരെ ഹൈക്കോടതിയുടെ വിമർശനം

പ്രിയ വർഗീസിന്‍റെ നിയമനത്തിൽ സ്ക്രീനിങ് കമ്മിറ്റി എങ്ങനെയാണ് യോഗ്യത രേഖകൾ വിലയിരുത്തിയതെന്ന് കണ്ണൂർ സർവകലാശാലയോട് ഹൈക്കോടതി ചോദിച്ചു.

എറണാകുളം: പ്രിയ വർഗീസിന്‍റെ നിയമനത്തിൽ കണ്ണൂർ സർവകലാശാലയ്ക്ക് ഹൈക്കോടതിയുടെ വിമർശനം. ജസ്‌റ്റിസ് ദേവൻ രാമചന്ദ്രൻ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിച്ചത്. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വർഗീസിന്‍റെ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിനെതിരായ ഹർജി പരിഗണിക്കവെയാണ് ഹൈക്കോടതി കണ്ണൂർ സർവകലാശാലയ്ക്ക് നേരെ വിമർശന സ്വരത്തിൽ ചോദ്യങ്ങൾ ഉന്നയിച്ചത്.
അസോസിയേറ്റ് പ്രൊഫസർ നിയമനം കുട്ടിക്കളിയല്ലെന്ന് പറഞ്ഞ ഹൈക്കോടതി സ്ക്രീനിങ് കമ്മിറ്റി എങ്ങനെയാണ് യോഗ്യത രേഖകൾ വിലയിരുത്തിയതെന്ന് ചോദിച്ചു. രേഖകൾ സ്ക്രീനിങ് കമ്മിറ്റി പരിശോധിച്ചതിനു ശേഷമല്ലേ സെലക്ഷൻ കമ്മിറ്റി നടപടിക്രമങ്ങൾ ആരംഭിക്കുകയുള്ളൂ എന്നും കോടതി ആരാഞ്ഞു.

സർവകലാശാല രജിസ്ട്രാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ അതൃപ്‌തി പ്രകടിപ്പിച്ചാണ് കോടതിയുടെ പരാമർശമുണ്ടായത്. അധ്യാപന പരിചയം സംബന്ധിച്ച കാലയളവ് പരിശോധിച്ചതുമായി ബന്ധപ്പെട്ടാണ് സർവകലാശാലയോട് കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. ഏത് തലത്തിലുള്ള അധ്യാപക നിയമനമാണെങ്കിലും മികവിൽ വിട്ടുവീഴ്‌ച ചെയ്യാനാകില്ല.

അധ്യാപകർ രാഷ്ട്ര നിർമാതാക്കളാണ്. മികച്ച ആളുകളെയാണ് അധ്യാപകരായി നിയമിക്കേണ്ടത്. എന്നാൽ ഇക്കാര്യത്തിൽ സർവകലാശാലയ്ക്ക് മറ്റൊരു നിലപാടാണെന്നാണ് തോന്നുന്നതെന്നും കോടതി കുറ്റപ്പെടുത്തി. നിയമന നടപടികൾ പൂർത്തിയായില്ലെന്നും പ്രിയ വർഗീസിന് മതിയായ യോഗ്യതയുണ്ടെന്നുമായിരുന്നു സർവകലാശാലയുടെ സത്യവാങ്മൂലം.

ഹർജി ഹൈക്കോടതി വീണ്ടും പരിഗണിക്കാനായി മാറ്റി. നിയമന പട്ടികയിൽ രണ്ടാം റാങ്കുകാരനായ ജോസഫ് സ്‌കറിയയാണ് ഹർജി നൽകിയത്. പ്രിയ വർഗീസിനെ ഒഴിവാക്കി റാങ്ക് പട്ടിക പുനഃക്രമീകരിക്കണമെന്നാണ് ഹർജിക്കാരന്‍റെ ആവശ്യം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.