ETV Bharat / state

Harish Vasudevan On SC Verdict: 'വിധി സ്വവർഗ വിവാഹത്തിന് എതിരല്ല, വന്നത് ചരിത്രവിധി തന്നെ'; പ്രതികരിച്ച് അഡ്വ. ഹരീഷ് വാസുദേവ്

author img

By ETV Bharat Kerala Team

Published : Oct 18, 2023, 4:40 PM IST

Advocate And Activist Harish Vasudevan On Supreme Court Verdict Over Same Sex Marriage: സാങ്കേതികമായ കാരണങ്ങളാൽ സ്വവർഗ വിവാഹത്തിന് സുപ്രീംകോടതി നിയമസാധുത നൽകിയില്ലങ്കിലും വിധി സ്വവർഗ വിവാഹത്തിന് എതിരല്ലെന്ന് അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു

SC Verdict Over Same Sex Marriage  Same Sex Marriage and Supreme Court Verdict  LGBTQ Rights And Supreme Court Verdict  Harish Vasudevan On SC Verdict  Will Same Sex Marriage Legal in India  വിധി സ്വവർഗ വിവാഹത്തിന് എതിരല്ല  സ്വവർഗ വിവാഹത്തിലെ ചരിത്രവിധി  സ്വവർഗ വിവാഹത്തില്‍ സുപ്രീംകോടതി പറഞ്ഞതെന്ത്  സ്വവർഗ വിവാഹം പ്രമുഖരുടെ നിരീക്ഷണങ്ങള്‍  ഇന്ത്യയില്‍ സ്വവർഗ വിവാഹം സാധ്യമോ
Harish Vasudevan On SC Verdict Over Same Sex Marriage

അഡ്വ. ഹരീഷ് വാസുദേവ് പ്രതികരിക്കുന്നു

എറണാകുളം: സ്വവർഗ വിവാഹം സംബന്ധിച്ച സുപ്രീംകോടതി ഭരണഘടന ബെഞ്ചിന്‍റെ വിധി സുപ്രധാനമായ ചരിത്രവിധിയെന്ന് ആക്‌ടിവിസ്‌റ്റും അഭിഭാഷകനുമായ ഹരീഷ് വാസുദേവ്. സാങ്കേതികമായ കാരണങ്ങളാൽ സ്വവർഗ വിവാഹത്തിന് നിയമസാധുത നൽകിയില്ലെങ്കിലും വിധി സ്വവർഗ വിവാഹത്തിന് എതിരല്ലെന്നും അദ്ദേഹം ഇടിവി ഭാരതിനോട് പറഞ്ഞു.

സ്വവർഗ വിവാഹത്തിനായി വാദിക്കുന്നവരുടെ അവകാശങ്ങൾ ഏതെങ്കിലും കുറച്ച് ആളുകളുടേത് മാത്രമോ, നഗര ജീവിതം നയിക്കുന്ന വരേണ്യ വർഗത്തിന്‍റേത് മാത്രമോ അല്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയിൽ നിലനിൽക്കുന്ന നിയമം സ്വവർഗ വിവാഹത്തേയോ, സ്വവർഗ പങ്കാളികൾക്ക് ദത്ത് നൽകുന്നതിനെയോ അംഗീകരിക്കുന്നില്ല. വിവാഹമെന്നത് ഒരു കരാറാണെന്നും അത് സർക്കാർ ഒരു നിയമത്തിലൂടെയാണ് അംഗീകരിക്കുന്നത്.

ഈ കാരണങ്ങളാൽ സ്വവർഗ വിവാഹത്തിന് നിയമ നിർമാണമാണ് സാധ്യമായിട്ടുള്ളതെന്നാണ് സുപ്രീംകോടതി കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട നിയമ നിർമാണം അനന്തമായി നീട്ടിക്കൊണ്ടുപോകാതെ ഒരു പ്രത്യേക സമിതിയെ നിയോഗിച്ച്, അവർ അതിനെ കുറിച്ച് പഠിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകണമെന്നാണ് സുപ്രീംകോടതി പറഞ്ഞതെന്നും ഹരീഷ് വാസുദേവൻ അഭിപ്രായപ്പെട്ടു.

വന്നത് ചരിത്രവിധി തന്നെ: ഈ കേസിലൂടെ പതിറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു ചോദ്യത്തെയാണ് സുപ്രീംകോടതി അഭിമുഖീകരിച്ചത്. ചരിത്രപരമായ വിധിന്യായമായി ഇത് പരിഗണിക്കപ്പെടുമെന്നും അഡ്വ. ഹരീഷ് വാസുദേവൻ പറഞ്ഞു. ജുഡീഷ്യറിയുടെ അതിർവരമ്പുകൾ കൃത്യമായി പാലിച്ചുകൊണ്ടുള്ള ഒരു വിധിന്യായമാണ് ഈ കേസിൽ സുപ്രീംകോടതി നടത്തിയത്. നിയമ നിർമാണത്തിലേക്ക് ജുഡീഷ്യറി തന്നെ പ്രവേശിച്ചാലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് കോടതി ഈ വിധിന്യായത്തിൽ വ്യക്തമാക്കുന്നുണ്ട്.

നിയമനിർമ്മാണമെന്നത് പാർലമെന്‍റിന് വിട്ടു നൽകുകയും തങ്ങളുടെ അധികാരപരിധി നിയമം വ്യാഖ്യാനിക്കുന്നതിൽ പരിമിതിപ്പെടുത്തുകയും ചെയ്‌തത് ആശ്വാസകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സ്വവർഗ വിവാഹം, ദത്തെടുക്കൽ തുടങ്ങിയ വിഷയങ്ങൾ ഗൗരവമായി പരിഗണിക്കാനുള്ള ബാധ്യത കേന്ദ്ര സർക്കാറിന് വന്നിരിക്കുകയാണ്. നിയമ നിർമാണത്തിന് പാർലമെന്‍റിനെ സമ്മർദം ചെലുത്തുന്നതാണ് ഈ വിധി ന്യായമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

പോരായ്‌മ കണ്ടാല്‍ കോടതി ഇടപെടും: ഏതെങ്കിലുമൊരു ജനവിഭാഗത്തിന്‍റെ അവകാശങ്ങളെ എല്ലാകാലത്തും മൂടിവെക്കാൻ കഴിയുമെന്ന തെറ്റായ ധാരണ ഇതോടെ ഇല്ലാതാവുകയാണ്. ഭാവിയിൽ സ്വവർഗ വിവാഹം രജിസ്‌റ്റർ ചെയ്യുന്ന സാഹചര്യമുണ്ടാകരുതെന്ന് ഈ വിധിയിൽ സുപ്രീംകോടതി പറഞ്ഞിട്ടില്ല. ഇന്ന് നിലനിൽക്കുന്ന നിയമം സ്വവർഗ വിവാഹം രജിസ്‌റ്റർ ചെയ്യാൻ അനുവദിക്കുന്നില്ലെന്നും അത് ഭരണഘടന വിരുദ്ധമാണെന്ന് പറയാൻ കഴിയില്ലെന്നും ഇത് പരിഗണിച്ച് പാർലമെന്‍റാണ് നിയമം കൊണ്ടുവരേണ്ടതെന്നുമാണ് പറഞ്ഞത്.

പാർലമെന്‍റ് അത്തരത്തിൽ നിയമം കൊണ്ടുവരുമ്പോൾ ഏതെങ്കിലും തരത്തിൽ പോരായ്‌മകളുണ്ടായാൽ സ്വവർഗ വിവാഹത്തെ അനുകൂലിക്കുന്നവർക്ക് കോടതിയെ സമീപിക്കാൻ കഴിയുമെന്നും ഹരീഷ് വാസുദേവ് വ്യക്തമാക്കി.

വൈകിയേക്കാം, പക്ഷേ അനന്തമാവില്ല: സ്വവർഗ വിവാഹത്തെ അംഗീകരിക്കാത്ത രാഷ്ട്രീയ പ്രസ്ഥാനമായ ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ അധികാരത്തിലിരിക്കുമ്പോൾ സ്വവർഗ വിവാഹത്തിന് അഗീകാരം നൽകുന്ന നിയമം ഉണ്ടാകുമോയെന്നത് സംശയകരമാണ്. എന്നാൽ പാർലമെന്‍റ് അനന്തമായി നിയമനിർമാണം നീട്ടിക്കൊണ്ടുപോയാൽ സുപ്രീംകോടതി ഈ വിഷയത്തിൽ ഇടപെടില്ലെന്ന് പറയാനാകില്ല. പൗരൻമാരെ അറസ്‌റ്റ് ചെയ്യുന്ന കാര്യത്തിൽ ഇന്ത്യയിൽ ഒരു മാർഗരേഖ ഉണ്ടായിരുന്നില്ല. ഇത്ര ഗൗരവകരമായ വിഷയത്തിൽ പാർലമെന്‍റ് നിയമം കൊണ്ടുവരാത്ത സാഹചര്യത്തിൽ തങ്ങൾ ഒരു നിയമം കൊണ്ടുവരികയാണന്ന് സുപ്രീംകോടതി ഉത്തരവിടുകയുണ്ടായി.

സ്ത്രീകൾ തൊഴിലിടങ്ങളിൽ ചൂഷണം ചെയ്യാപ്പെടാതിരിക്കാനുള്ള നിയമവും വിശാഖ കേസിൽ ഒരു ഉത്തരവിലൂടെ പ്രാബല്യത്തിൽ വന്നതാണ്. എന്നാൽ പാർലമെന്‍റ് നിയമം പാസാക്കുന്നത് വരെയാണ് ഈ നിയമത്തിന്‍റെ കാലാവധി. ഇത്തരത്തിൽ പൗരന്മാർക്ക് ഇടക്കാല ആശ്വാസ നൽകുന്ന നിയമങ്ങൾ സുപ്രീംകോടതി നിർമിച്ചിട്ടുണ്ടെന്നും ഹരീഷ് വാസുദേവ് കൂട്ടിച്ചേര്‍ത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.