ETV Bharat / state

നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 2 യാത്രക്കാരില്‍ നിന്നും പിടികൂടിയത് രണ്ടര കോടിയോളം വില വരുന്ന സ്വര്‍ണം

author img

By

Published : Apr 5, 2023, 3:56 PM IST

gold smuggling  nedumbassery airport  gold smuggling in nedumbassery  kochi  ernakulam  customs  സ്വര്‍ണ വേട്ട  സ്വര്‍ണക്കടത്ത്  നെടുമ്പാശ്ശേരി വിമാനത്താവളം  സ്വർണവേട്ട  രണ്ടര കോടിയോളം സ്വര്‍ണം  സ്വര്‍ണം  എറണാകുളം ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട; 2 യാത്രക്കാരില്‍ നിന്നും പിടികൂടിയത് രണ്ടര കോടിയോളം സ്വര്‍ണം

12 മണിക്കൂറിനിടെയാണ് രണ്ട് യാത്രക്കാരില്‍ നിന്നും രണ്ടര കോടിയോളം രൂപ വില വരുന്ന സ്വര്‍ണം പിടികൂടിയത്

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 12 മണിക്കൂറിനിടെ രണ്ട് യാത്രക്കാരിൽ നിന്നായി രണ്ടര കോടിയോളം വിലവരുന്ന സ്വർണമാണ് പിടികൂടിയത്. ഡി ആർ ഐ നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കസ്‌റ്റംസ് സ്വര്‍ണം പിടികൂടിയത്.

1812.11 ഗ്രാം സ്വർണവുമായി മലപ്പുറം സ്വദേശിയായ മുഹമ്മദ് അഷറഫിനെയാണ് ആദ്യം പിടികൂടിയത്. ദുബായിൽ നിന്നും എയർ ഇന്ത്യ വിമാനത്തിലെത്തിയ ഈ യാത്രക്കാരന്‍റെ ശരീരം പരിശോധിച്ചപ്പോള്‍, ശരീരത്തിനുള്ളിൽ ഒളിപ്പിച്ച 1157.32 ഗ്രാം ഭാരമുള്ള നാല് സ്വർണ ഗുളികകളും 654.79 ഗ്രാം തൂക്കമുള്ള അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണ പേസ്‌റ്റുമാണ് കണ്ടെടുത്തത്. കസ്‌റ്റംസ് കസ്‌റ്റഡിയിലുളള പ്രതിയെ വിശദമായി ചോദ്യം ചെയ്‌ത ശേഷം കോടതിയിൽ ഹാജരാക്കും.

അന്ത്യമില്ലാത്ത സ്വര്‍ണവേട്ട: മറ്റൊരു യാത്രക്കാരനയ മുഹമ്മദ് നസീഫിൽ നിന്നും 1817.93 ഗ്രാം സ്വർണമാണ് പിടികൂടിയത്. കസ്‌റ്റംസ് പിടികൂടിയ ഈ പ്രതിയും ദുബായിൽ നിന്ന് എത്തിയതായിരുന്നു. പ്രസ്‌തുത യാത്രക്കാരന്‍റെ പരിശോധനയിൽ, ശരീരത്തിനുള്ളിൽ ഒളിപ്പിച്ച നാല് സ്വർണ ഗുളികകളും അയാൾ ധരിച്ച അടിവസ്ത്രത്തിൽ ഒളിപ്പിച്ച സ്വർണ പേസ്‌റ്റുമാണ് കണ്ടെടുത്തത്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണങ്ങൾ നടന്നുവരികയാണ്. കഴിഞ്ഞ ദിവസവും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും സ്വർണം പിടികൂടിയിരുന്നു. 1170.75 ഗ്രാം സ്വർണമാണ് ക്യാപ്സ്യൂൾ രൂപത്തിൽ കോഴിക്കോട് സ്വദേശിയായ മുഹമ്മദ് റിനാസ് എന്ന യാത്രക്കാരൻ ശരീരത്തിൽ ഒളിപ്പിച്ച് കടത്തിയത്.

പലവിധ രൂപത്തില്‍ സ്വര്‍ണക്കടത്ത്: 50 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വർണ കാപ്സ്യൂളുകളാണ് കസ്റ്റംസ് യാത്രക്കാരനിൽ നിന്നും പിടിച്ചെടുത്തത്. ജിദ്ദയിൽ നിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് എസ്‌വി-784 വിമാനത്തിൽ വരികയായിരുന്നു ഈ യാത്രക്കാരൻ. സ്വർണക്കടത്തു സംഘങ്ങൾ ഒരു ഇടവേളയ്ക്ക് ശേഷം നെടുമ്പാശ്ശേരി എയർപോർട്ട് കേന്ദ്രീകരിക്കുന്നുവെന്ന് വ്യക്തമാക്കുന്നതാണ് കസ്‌റ്റംസ് തുടർച്ചയായി നടത്തുന്ന സ്വർണവേട്ടകൾ.

കസ്‌റ്റംസിന്‍റെ കണ്ണുവെട്ടിക്കുന്നതിന് ഏറെ വ്യത്യസ്‌തമായ രീതികളും കടത്ത് സംഘങ്ങൾ സ്വീകരിക്കുകയാണ്. സ്വർണം മുക്കിയ തോർത്ത് മുണ്ട്, സ്വർണ പാദുകം, സ്വർണ ബട്ടൻ എന്നിവയും യാത്രക്കാരിൽ നിന്നും കസ്‌റ്റംസ് പിടികൂടിയിരുന്നു.

സ്വര്‍ണം പൂശിയ വസ്‌ത്രം: ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ ദുബായില്‍ നിന്ന് സ്വര്‍ണം പൂശിയ പാന്‍റും ഷര്‍ട്ടും ധരിച്ചെത്തിയ യാത്രക്കാരന്‍ പിടിയിലായിരുന്നു. കോഴിക്കോട് വടകര സ്വദേശിയായ മുഹമ്മദ് സഫ്‌വാനായിരുന്നു പിടിയിലായത്. ഒരു കോടി രൂപ വിലമതിക്കുന്ന 1.75 കിലോ സ്വര്‍ണം വസ്‌ത്രത്തില്‍ തേച്ച് പിടിപ്പിച്ചാണ് ഇയാള്‍ കടത്താന്‍ ശ്രമിച്ചത്.

സംഭവ ദിവസം ഇയാള്‍ ഇന്‍ഡിഗോ വിമാനത്തിലായിരുന്നു കരിപ്പൂരിലെത്തിയത്. കസ്‌റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയതിന് ശേഷമാണ് ഇയാള്‍ പിടിയിലാകുന്നത്. മലപ്പുറം ജില്ല പൊലീസ് മേധാവി എസ്‌. സുജിത്തിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് സ്വര്‍ണം കണ്ടെത്തിയത്.

കരിപ്പൂര്‍ വിമാനത്താവളം വഴി സ്വര്‍ണക്കടത്ത് അധികരിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷം 15ല്‍ പരം സ്വര്‍ണക്കടത്ത് കേസുകളാണ് പിടികൂടിയത്.

also read: മധുരയിൽ പട്ടികജാതി വിദ്യാർഥികളെ കെട്ടിയിട്ട സംഭവം: അന്വേഷണം ഊർജിതമാക്കണമെന്ന ആവശ്യം ശക്തം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.