ETV Bharat / state

നിത്യ സംഭവമായി സ്വർണവേട്ട; നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 1274.46 ഗ്രാം സ്വർണവുമായി വയനാട് സ്വദേശി അറസ്‌റ്റിൽ

author img

By

Published : May 26, 2023, 6:15 PM IST

ജിദ്ദയിൽ നിന്നും മുംബൈ മാർഗം കൊച്ചിയിലെത്തിയ യാത്രക്കാരനിൽ നിന്ന് ക്യാപ്‌സ്യൂളുകളായി സ്വർണം പിടികൂടി

വയനാട് സ്വദേശി അറസ്‌റ്റിൽ  സ്വർണവേട്ട  നെടുമ്പാശ്ശേരി വിമാനത്താവളം  Gold seized  Nedumbassery airport  Gold seized from Nedumbassery airport  Gold  സ്വർണക്കടത്ത്  ഡിആർഐ  സ്വർണം പിടികൂടി
സ്വർണവേട്ട

എറണാകുളം : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും ഡിആർഐ സ്വർണം പിടികൂടി. ജിദ്ദയിൽ നിന്നും കൊച്ചിയിലെത്തിയ വയനാട് സ്വദേശിയായ കല്ലുമ്പുറത്ത് മൊയ്‌തീൻ എന്ന യാത്രക്കാരനെയാണ് സ്വർണവുമായി അറസ്റ്റ് ചെയ്‌തത്. ഇയാളിൽ നിന്ന് 1274.46 ഗ്രാം സ്വർണം പിടികൂടി. ഇൻഡിഗോ എയർലൈൻസ് ഫ്ലൈറ്റിൽ 6E62-ൽ ജിദ്ദയിൽ നിന്ന് മുംബൈയിലേക്ക് വന്നതിനുശേഷം മുംബൈയിൽ നിന്ന് 6E6701 ഫ്ലൈറ്റിൽ കൊച്ചിയിലേക്ക് എത്തുകയായിരുന്നു.

നാല് ക്യാപ്‌സ്യൂളിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം മുംബൈ വരെ എത്തിച്ചത്. എന്നാൽ മുംബൈയിലെത്തിയ ശേഷം സ്വർണം ബാഗിന്‍റെ പോക്കറ്റിലേക്ക് മാറ്റുകയായിരുന്നു. തുടർന്ന് ആഭ്യന്തര വിമാനത്തിൽ യാത്ര ചെയ്‌ത്‌ കൊച്ചിയിലെത്തി.

സ്വർണം കടത്തുന്ന കാരിയര്‍മാർ : ഇവിടെ വച്ചാണ് ഡിആർഐ സംഘം ഇയാളെ കസ്റ്റഡിയിലെടുത്തത്. സ്വർണം ഗുളിക രൂപത്തിലാക്കി ശരീരത്തിൽ ഒളിപ്പിച്ച് വിമാന മാർഗം കടത്തുന്നവരുടെ എണ്ണം കൂടുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സ്വർണം കടത്തുന്ന കാരിയര്‍മാർ പിടിയിലാകുന്നത് കൊച്ചി എയർപോർട്ടിൽ നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഈ മാസം മാത്രം അര ഡസനോളം യാത്രക്കാരെയാണ് എയർപോർട്ട് കസ്റ്റംസ് പിടികൂടിയത്.

കഴിഞ്ഞ രണ്ടാം തീയതി രണ്ട് യാത്രക്കാരനിൽ നിന്നും 1784.09 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സംഭവത്തിൽ പാലക്കാട് സ്വദേശിയായ മുഹമ്മദ് സഹീറിനെ കസ്റ്റംസ് അറസ്റ്റു ചെയ്‌തിരുന്നു. അനധികൃതമായി കടത്തിയ ഈ സ്വർണം 84 ലക്ഷം രൂപ വിലമതിക്കുന്നതാണ്. മലേഷ്യയിൽ നിന്നും എ കെ 039 ഫ്ലൈറ്റിൽ കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തിലെത്തിയ സഹീറിനെ രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് വിശദമായി പരിശോധിച്ചത്.

also read : നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും 1784.09 ഗ്രാം സ്വർണം പിടികൂടി; ഒരാൾ അറസ്‌റ്റിൽ

ക്യാപ്‌സ്യൂളുകളാക്കി സ്വർണം : ദേഹപരിശോധനയിൽ 1199.34 ഗ്രാം തൂക്കമുള്ള സ്വർണം നാല് ക്യാപ്‌സ്യൂളുകളായി ശരീരത്തിൽ ഒളിപ്പിച്ച നിലയിലാണ് ആദ്യം പിടികൂടിയത്. ഇതിനു പുറമെ കുഴമ്പ് രൂപത്തിലാക്കിയ 584.75 ഗ്രാം സ്വർണം ഇയാൾ ധരിച്ചിരുന്ന പാന്‍റിന്‍റെ അര ഭാഗത്ത് തുന്നി ചേർത്ത നിലയിലും കണ്ടെടുത്തു. ഒരു യാത്രക്കാരനിൽ നിന്ന് തന്നെ ഇത്ര വലിയ അളവിൽ സ്വർണം കണ്ടെത്തിയ സംഭവത്തിന് പിന്നിൽ വലിയ സ്വർണക്കടത്തു സംഘം ഉണ്ടാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിച്ചിരുന്നു. പിടിയിലായ യാത്രക്കാരെല്ലാം കാരിയർമാർ ആണെന്നാണ് സൂചന.

അനധികൃതമായി കടത്തിയ ഒരു കോടിയിലേറെ വില വരുന്ന സ്വർണം കസ്റ്റംസ് നേരത്തെ പിടിച്ചെടുത്തിരുന്നു. അന്ന് തൃശൂർ, പാലക്കാട് സ്വദേശികളായ യാത്രക്കാരാണ് കേസിൽ പിടിയിലായത്. തുടർച്ചയായി കൊച്ചി വിമാനത്താവളം വഴി സ്വർണം കടത്തുന്നതിനിടെ യാത്രക്കാർ പിടിയിലാകുന്നത് കസ്റ്റംസ് ഗൗരവത്തോടെയാണ് കാണുന്നത്. അതേസമയം കസ്റ്റംസിന്‍റെ കണ്ണ്‌ വെട്ടിക്കുന്നതിന് വ്യത്യസ്‌തമായ രീതികളും കടത്ത് സംഘങ്ങൾ പരീക്ഷിക്കുന്നുണ്ട്.

സുരക്ഷ പരിശോധന മറികടന്നും കടത്ത് : സ്വർണ പാദുകം, സ്വർണ ബട്ടൻ, സ്വർണം മുക്കിയ തോർത്ത് മുണ്ട് എന്നിവയും യാത്രക്കാരിൽ നിന്നും കസ്റ്റംസ് പിടികൂടിയിരുന്നു. വിമാനത്താവളത്തിലെ പരിശോധനകൾ പൂർത്തിയാക്കി പുറത്ത് കടന്ന യാത്രക്കാരെ രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റു ചെയ്‌ത സംഭവവും ഈ അടുത്ത ദിവസങ്ങളിലാണ് പുറത്തുവന്നത്. എയർപോർട്ടിലെ സുരക്ഷ പരിശോധനകളെ വരെ മറികടന്ന് സ്വർണം കടത്താൻ കഴിവുള്ളവരായി സ്വർണക്കടത്ത് സംഘങ്ങൾ വളർന്നിരിക്കുകയാണെന്നും ഇത്തരം സംഭവങ്ങൾ തെളിയിക്കുന്നു.

മയക്കുമരുന്നുമായും കൊച്ചി എയർപോർട്ടിൽ യാത്രക്കാരൻ പിടിയിലായിരുന്നു. മാലിദ്വീപിലേക്ക് പോകാനെത്തിയ മാലിദ്വീപ് സ്വദേശി യൂസുഫ് ഫൗദ് എന്നയാളിൽ നിന്നുമാണ് 40 ലക്ഷം രൂപ വില വരുന്ന ആംഫെറ്റമിൻ എന്ന മയക്കുമരുന്നാണ് സി.ഐ.എസ്.എഫിന്‍റെ ദേഹപരിശോധനയിൽ അന്ന് പിടിച്ചെടുത്തത്. ഇയാളും 325 ഗ്രാം മയക്കുമരുന്ന് അതിവിദഗ്‌ധമായി 33 കാപ്‌സ്യൂളുകളാക്കി ശരീരത്തിന്‍റെ സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ചായിരുന്നു കടത്താൻ ശ്രമിച്ചത്. ഇയാളെ നാർകോട്ടിക് കൺട്രോൾ ബ്യൂറോയ്‌ക്ക് കസ്റ്റംസ് കൈമാറിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.