എറണാകുളം: ഉത്സവാന്തരീക്ഷത്തിൽ പുതുവത്സരത്തെ വരവേറ്റ് ഫോർട്ട് കൊച്ചിയിൽ ഒരുമിച്ച് കൂടിയ ആയിരങ്ങൾ. ശനിയാഴ്‌ച വൈകുന്നേരത്തോടെ ആരംഭിച്ച ആഘോഷങ്ങള്‍ പുലർച്ചെ 12 മണിക്ക് പാപ്പാഞ്ഞിയെ കത്തിച്ചതോടെയാണ് പൂര്‍ത്തിയായത്. പോയവർഷത്തെ തിന്മകളെ അകറ്റി പുതിയ ജീവിതത്തിലേക്ക് കടക്കുന്നതിന്‍റെ പ്രതീകമായാണ് പാപ്പാഞ്ഞിയെ അഗ്നിക്കിരയാക്കിയത്.
ആയിരത്തോളം പൊലീസുകാരെ വിന്യസിച്ച് ശക്തമായ സുരക്ഷയിലായിരുന്നു കൊച്ചിയിലെ ആഘോഷങ്ങൾ നടന്നത്. സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട പുതുവത്സരാഘോഷ കേന്ദ്രമായ ഫോർട്ട് കൊച്ചിയിലേക്ക് ശനിയാഴ്‌ച വൈകുന്നേരത്തോടെ തന്നെ ആയിരങ്ങൾ ഒഴുകിയെത്തിയിരുന്നു. രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം കൊവിഡ് നിയന്ത്രണങ്ങളില്ലാതെ നടന്ന ആഘോഷത്തിന് കാർണിവലും, ബിനാലെയും, പാപ്പാഞ്ഞിയെ കത്തിക്കൽ ചടങ്ങുകളും, അലങ്കാര വിളക്കുകളും, നക്ഷത്രങ്ങളും, ക്രിസ്‌മസ് ട്രീയും മാറ്റ് കൂട്ടി.
വിദേശികളായ ടൂറിസ്റ്റുകൾക്ക് വേണ്ടി പാപ്പാഞ്ഞിയെ കത്തിക്കുന്ന പരേഡ് മൈതാനിയിൽ പ്രത്യേക സ്ഥലം ഏർപ്പെടുത്തിയിരുന്നു. 12 മണിക്ക് പാപ്പാഞ്ഞിയെ കത്തിച്ചതോടെ പുതുവത്സരാഘോഷം അവസാനിപ്പിച്ചാണ് ആളുകൾ മടങ്ങിയത്. പുതുവത്സരാഘോഷത്തിനെത്തിയവർ പുലർച്ചെ ഒരു മണിക്ക് മുമ്പ് തന്നെ ഫോർട്ട് കൊച്ചിയിൽ നിന്ന് മടങ്ങണമെന്ന കർശന നിർദേശം പൊലീസ് നേരത്തെ നല്‍കിയിരുന്നു.
ഇത്തവണത്തെ ആഘോഷങ്ങള്‍ക്കായി ചരിത്രത്തിലെ ഏറ്റവും വലിയ പാപ്പാഞ്ഞിയെയാണ് കാർണിവൽ കമ്മിറ്റി തയാറാക്കിയത്. പാപ്പാഞ്ഞിയുടെ നിർമാണത്തിനിടെ നേരത്തെ വിവാദവും ഉടലെടുത്തിരുന്നു. പാപ്പാഞ്ഞിയുടെ മുഖത്തിന് പ്രധാനമന്ത്രിയുടെ മുഖച്ഛായ ഉണ്ടെന്നായിരുന്നു ബിജെപിയുടെ ആരോപണം.
ബിജെപി ജില്ല ഘടകം പൊലീസിൽ പരാതിയും നൽകിയിരുന്നു. ഇതേ തുടർന്ന് പൊലീസിന്‍റെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് പ്രശ്‌നം പരിഹരിച്ചത്. പാപ്പാഞ്ഞിയുടെ മുഖത്തിന് രൂപമാറ്റം വരുത്തിയാണ് പിന്നാലെ നിർമാണം പൂർത്തിയാക്കിയത്.