എറണാകുളം: കൊച്ചി ചേരനെല്ലൂർ ജങ്ഷനില്‍ പ്രവർത്തിക്കുന്ന 'സീറോ പോയിന്‍റ് ' എന്ന കടയിലെ ജീവനക്കാരനെ സിഐ വിപിൻ കുമാർ കസ്റ്റഡിയിലെടുക്കുന്ന ദൃശ്യങ്ങൾ വൈറലായി. പുതുവത്സരത്തിന് മുന്നോടിയായി നടപ്പിലാക്കുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി കടയുടമയോട് സ്റ്റേഷനിലെത്തി പ്രത്യേക അനുമതി വാങ്ങാൻ പൊലീസ് നിർദേശിച്ചിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും കടയുടമയോ ബന്ധപ്പെട്ടവരോ സ്റ്റേഷനിലെത്താതോടെയാണ് നടപടി.
മഫ്‌തിയിൽ സ്വകാര്യ കാറിലെത്തി കടയ്ക്ക് മുന്നിൽ നിർത്തി ഹോൺ മുഴക്കിയിട്ടും ജീവനക്കാരൻ കേട്ടതായി ഭാവിച്ചില്ല. ഇതോടെയാണ് സിഐ ഇറങ്ങി വന്ന് ജീവനക്കാരനെ നേരിട്ട് വിളിച്ചത്. ഈ സമയത്തും ഇയാൾ പ്രതികരിക്കാതെ ഫോണിൽ സംസാരം തുടർന്ന് കൊണ്ടിരുന്നു.
ഫോൺ താഴെ വെച്ച ശേഷവും യുവാവ് കണ്ട ഭാവം നടിക്കാതായതോടെയാണ് സിനിമാസ്റ്റെലിൽ കടയിൽ നിന്ന് യുവാവിനെ പിടിച്ചിറക്കി സ്റ്റേഷനിലേക്ക് കൊണ്ടുപോയത്. കടയിൽ നിന്ന് പിടിച്ചിറക്കി സ്വകാര്യ കാറിൽ കയറ്റാനുള്ള പൊലീസ് ശ്രമത്തിൽ നിന്നും കുതറി മാറാൻ യുവാവ് ആദ്യം ശ്രമിച്ചു. എന്നാൽ സിഐ ആണെന്നറിഞ്ഞതോടെയാണ് യുവാവ് കാറിൽ കയറി സ്റ്റേഷനിലേക്ക് പോയത്.
രാത്രി വൈകിയും പ്രവർത്തിക്കുന്ന ഈ സ്ഥാപനവും, പരിസരവും മയക്കുമരുന്ന് സംഘങ്ങൾ താവളമാക്കുന്നു എന്ന ആരോപണത്തെ തുടർന്നാണ് പുതുവർഷത്തിന് മുന്നോടിയായി അനുമതി വാങ്ങണമെന്ന് പൊലീസ് നിർദേശിച്ചത്. എന്നാൽ, നിരന്തരമായി ആവശ്യപ്പെട്ടിട്ടും കടയുടമയോ ബന്ധപ്പെട്ടവരോ സ്റ്റേഷനിലെത്താതോടെയാണ് സിഐ നേരിട്ട് കടയിലെത്തിയത്. കടയിൽ വന്ന സിഐയെ ജീവനക്കാരൻ അവഗണിച്ചതോടെയായിരുന്നു സിഐയുടെ രോഷപ്രകടനം.
ജീവനക്കാരനെ മണിക്കൂറുകളോളം സ്റ്റേഷനിലിരുത്തിയ ശേഷം നോട്ടിസ് നൽകി വിട്ടയച്ചു. മഫ്‌തി വേഷത്തിലെത്തിയ പൊലീസുകാരനെ തിരിച്ചറിഞ്ഞില്ലെന്നും തന്നെ പൊലീസ് വലിച്ചിഴച്ച് കൊണ്ടുപോയെന്നും കാണിച്ച് കാസർകോട് സ്വദേശിയായ യുവാവ് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്കും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് അറിയിച്ചു. അതേസമയം, ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ കടയിലെത്തിയ പൊലീസുകാരനെ അവഗണിച്ചതിനെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. പൊലീസുകാരന്‍റെ നടപടിയെ വിമർശിക്കുന്നവരുമുണ്ട്.
Also read: പുതുവത്സരാഘോഷത്തിന് നിയന്ത്രണം; കർശന പരിശോധന നടത്തുമെന്ന് പൊലീസ്