ETV Bharat / state

Fake certificate case| വ്യാജരേഖ ചമച്ച കേസ്; അഗളി പൊലീസ് മഹാരാജാസ് കോളജിലെത്തി മൊഴിയെടുത്തു

author img

By

Published : Jun 12, 2023, 1:27 PM IST

Updated : Jun 12, 2023, 4:21 PM IST

അഗളി ഡിവൈഎസ്‌പി മുരളീധരന്‍റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം മഹാരാജാസില്‍ എത്തിയത്. വൈസ് പ്രിൻസിപ്പാള്‍ ബിന്ദു ഷർമിളയിൽ നിന്ന് പൊലീസ് വിവരങ്ങൾ തേടി

fake certificate row  K Vidya fake certificate row  Agali police in Maharajas college  Agali police  Maharajas college  വ്യാജരേഖ ചമച്ച കേസ്  അഗളി പൊലീസ്  അഗളി ഡിവൈഎസ്‌പി  ബിന്ദു ഷർമിള  വിഎസ് ജോയി  കെ വിദ്യ  K Vidya fake certificate controversy
K Vidya fake certificate controversy

Fake certificate case | വ്യാജരേഖ ചമച്ച കേസ്; അഗളി പൊലീസ് മഹാരാജാസ് കോളജിലെത്തി മൊഴിയെടുത്തു

എറണാകുളം: മഹാരാജാസ് കോളജിന്‍റെ പേരിൽ വ്യാജ രേഖയുണ്ടാക്കി ഗസ്റ്റ് ലക്‌ചററായ പൂർവ വിദ്യാർഥിനി വിദ്യക്കെതിരായ കേസിൽ അഗളി പൊലീസ് കോളജിലെത്തി മൊഴിയെടുത്തു. പ്രിൻസിപ്പൽ വിഎസ് ജോയി അവധിയായതിനാൽ വൈസ് പ്രിൻസിപ്പാള്‍ ബിന്ദു ഷർമിളയിൽ നിന്നാണ് പൊലീസ് വിവരങ്ങൾ തേടിയത്. അഗളി ഡിവൈഎസ്‌പി മുരളീധരന്‍റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം മൊഴിയെടുത്തത്.

കോളജ് അധികൃതർ അന്വേഷണവുമായി പൂർണമായി സഹകരിക്കുന്നുണ്ടെന്നും ആവശ്യപ്പെട്ട രേഖകൾ എല്ലാം കൈമാറിയെന്നും ഡിവൈഎസ്‌പി മുരളീധരൻ പറഞ്ഞു. അന്വേഷണത്തിൽ മെല്ലെപ്പോക്കെന്ന ആരോപണത്തിൽ കഴമ്പില്ല. വെള്ളിയാഴ്‌ചയാണ് കേസുമായി ബന്ധപ്പെട്ട ഫയൽ ലഭിച്ചത്. കഴിഞ്ഞ രണ്ട് ദിവസം കോളജ് അവധിയായിരുന്നു. ഇന്ന് ഒരേ സമയം നാല് സ്ഥലത്ത് അന്വേഷണം നടക്കുകയാണ്. വിദ്യ എവിടെയാണെന്ന് അറിയില്ല. ഫോൺ രേഖകൾ ഉൾപ്പടെ പരിശോധിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മഹാരാജാസ് കോളജിൽ നിന്ന് നൽകുന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റിന്‍റെ മാതൃക പൊലീസിന് നൽകിയിട്ടുണ്ട്. കോളജിന്‍റെ പേരിലുള്ള വ്യാജ സർട്ടിഫിക്കറ്റും എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റും തമ്മിലുള്ള വ്യത്യാസം പൊലീസിനോട് വിശദീകരിച്ചതായി വൈസ് പ്രിൻസിപ്പാള്‍ ബിന്ദു ഷർമിള പറഞ്ഞു.

വ്യാജ സർട്ടിഫിക്കറ്റിൽ കാണിച്ചിരിക്കുന്ന ഇഷ്യൂ ഡേറ്റിൽ കോളജ് അവധിയായിരുന്നു. ഇതിൽ രേഖപ്പെടുത്തിയിരിക്കുന്ന സെക്ഷൻ കോളജിൽ പ്രവർത്തിക്കുന്നില്ല. പത്ത് വർഷമായി മഹാരാജാസ് കോളജിൽ മലയാള വിഭാഗത്തിൽ ഗസ്റ്റ് ലക്‌ചറർ നിയമനം നടന്നിട്ടില്ല. ഫെല്ലോഷിപ്പിന്‍റെ ഭാഗമായി കോളജ് നൽകിയ ജോയിനിങ് സർട്ടിഫിക്കറ്റിൽ നിന്നായിരിക്കാം കോളജിന്‍റെ സീലും പ്രിൻസിപ്പാളിന്‍റെ ഒപ്പും എടുത്തത്.

കോളജിൽ നിന്നും ഒരു സഹായവും വ്യാജ സർട്ടിഫിക്കറ്റ് നിർമിക്കുന്നതിന് ലഭിച്ചിട്ടില്ല. സർട്ടിഫിക്കറ്റ് വ്യാജമായി നിർമിച്ചതാണെന്നതിൽ സംശയമില്ലന്നും വൈസ് പ്രിൻസിപ്പാള്‍ വ്യക്തമാക്കി. ഒരു മണിക്കൂറോളം സമയം കോളജ് അധികൃതരിൽ നിന്നും വിവരങ്ങൾ തേടിയാണ് പൊലീസ് സംഘം മടങ്ങിയത്.

വ്യാജ രേഖ കേസിൽ മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്‍റെ പരാതിയിൽ എറണാകുളം സെൻട്രൽ പൊലീസ് പൂർവ വിദ്യാർഥി വിദ്യക്കെതിരെ ജാമ്യമില്ല വകുപ്പുകൾ പ്രകാരം കേസെടുത്തിരുന്നു. കഴിഞ്ഞ ചൊവ്വാഴ്‌ചയാണ് കേസെടുത്തത്. ഏഴ് വർഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന ഇന്ത്യൻ ശിക്ഷ നിയമത്തിലെ വകുപ്പുകൾ ഉൾപ്പെടുത്തിയാണ് എഫ്ഐആർ രജിസ്റ്റർ ചെയ്‌തിരിക്കുന്നത്.

കോളജ് അധികൃതരെ വഞ്ചിച്ച് ജോലി നേടുകയെന്ന ലക്ഷ്യത്തോടെയാണ് വ്യാജ രേഖ ചമച്ചതെന്നും പൊലീസ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. പരാതിക്കാരനായ മഹാരാജാസ് കോളജ് പ്രിൻസിപ്പാള്‍ വിഎസ് ജോയിയുടെ മൊഴിയും എറണാകുളം സെൻട്രൽ പൊലീസ് രേഖപ്പെടുത്തി. ഇതിനു ശേഷമാണ് കേസ് അഗളി പൊലീസിന് കൈമാറിയത്.

കോളജിന്‍റെ പേരിൽ വ്യാജരേഖ ചമച്ച് സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി പൂർവ വിദ്യാർഥിനിയായ കെ വിദ്യ ജോലി ചെയ്‌തിരുന്നു. തുടർന്ന് അട്ടപ്പാടി ഗവ. കോളജിൽ ഗസ്റ്റ് ലക്‌ചറർ അഭിമുഖത്തിന് എത്തിയിരുന്നു. എന്നാൽ കോളജ് അധികൃതർക്ക് സർട്ടിഫിക്കറ്റിൽ സംശയം തോന്നിയതോടെയാണ് തട്ടിപ്പ് പുറത്തായത്.

അട്ടപ്പാടി ഗവ. കോളജിലെ അധ്യാപകർ മഹാരാജാസ് കോളജ് അധികൃതരെ വിവരമറിയിച്ചതോടെയാണ് വ്യാജരേഖയാണെന്ന് പരിശോധനയിൽ വ്യക്തമായത്. അഞ്ച് വർഷം മുമ്പ് മഹാരാജാസ് കോളജിൽ നിന്നും മലയാളത്തിൽ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ കെ വിദ്യ മഹാരാജാസ് കോളജ് മലയാളം വിഭാഗത്തിൽ 2018-19, 2020-21വർഷങ്ങളിൽ ഗസ്റ്റ് ലക്‌ചററായിരുന്നു എന്ന വ്യാജ സർട്ടിഫിക്കറ്റാണ് നിർമിച്ചത്.

കോളജിന്‍റെ എംബ്ലവും പ്രിൻസിപ്പലിന്‍റെ വ്യാജ സീലും വ്യാജമായി നിർമിച്ച് മലയാളം വിഭാഗത്തിൽ രണ്ടുവർഷം ഗസ്റ്റ് ലക്‌ചററായിരുന്നെന്ന എക്‌സ്‌പീരിയൻസ് സർട്ടിഫിക്കറ്റുകൾ വ്യാജമായി ഉണ്ടാക്കിയെടുക്കുകയായിരുന്നു. ഈ വ്യാജ സർട്ടിഫിക്കറ്റുകൾ ഉപയോഗിച്ച് ഒരു വർഷം മുൻപ് പാലക്കാട് ഒരു സർക്കാർ കോളജിൽ ജോലി നേടുകയും ചെയ്‌തു. മലയാളം വിഭാഗത്തിൽ 2021-22 അധ്യയന വർഷത്തിൽ ഒക്‌ടോബർ മുതൽ മാർച്ച് വരെ ഗസ്റ്റ് ലക്‌ചററായി ജോലി ചെയ്യുകയും ചെയ്‌തിരുന്നു.

തുടർന്ന് കാസർകോട് ജില്ലയിലെ ഒരു സർക്കാർ കോളജിലും ഇവർ ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയിരുന്നു. പത്ത് വർഷമായി മഹാരാജാസ് കോളജിൽ ഗസ്റ്റ് ലക്‌ചറർ നിയമനം വേണ്ടി വന്നിട്ടില്ലന്ന് പ്രിൻസിപ്പാള്‍ വിഎസ് ജോയി വ്യക്തമാക്കി. സർട്ടിഫിക്കറ്റിലെ കോളജിന്‍റെ എംബ്ലവും സീലും വ്യാജമാണന്ന് പ്രാഥമിക അന്വേഷണത്തിൽ തന്നെ വ്യക്തമായെന്നും ഇതേതുടർന്നാണ് പൊലീസിൽ പരാതി നൽകിയതെന്നും അദ്ദേഹം അറിയിച്ചിരുന്നു.

അതേസമയം തുടർച്ചയായി സർക്കാർ കോളജുകളിൽ ഗസ്റ്റ് ലക്‌ചററായി നിയമനം നേടിയതിനു പിന്നിൽ ഉന്നത രാഷ്‌ട്രീയ ഇടപെടലുണ്ടെന്ന ആരോപണവുമായി കെഎസ്‌യു രംഗത്തുണ്ട്. ഈ വിദ്യാർഥിനിക്ക് എസ്എഫ്ഐ ബന്ധമുള്ളതായും ഇവർ ആരോപിക്കുന്നു. കോളജിന് വിദ്യാർഥിനി നടത്തിയ ക്രമക്കേടിൽ യാതൊരു ബന്ധവുമില്ലന്നാണ് കോളജ് വ്യക്തമാക്കിയത്.

Last Updated : Jun 12, 2023, 4:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.