ETV Bharat / state

ഗിന്നസ് റെക്കോഡിനൊരുങ്ങി 'കപ്പ് ഓഫ് ലൈഫ്': 24 മണിക്കൂറിൽ ഒരു ലക്ഷം മെൻസ്ട്രൽ കപ്പ്

author img

By

Published : Aug 28, 2022, 8:05 AM IST

ഓഗസ്‌റ്റ് 30 ന് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ മെൻസ്ട്രൽ കപ്പുകളുടെ വിതരണം ആരംഭിക്കും. സ്ത്രീകളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പൊതു സമൂഹം ചർച്ചയ്ക്ക് വിധേയമാക്കണമെന്ന് ഹൈബി ഈഡൻ എം.പി.

ഹൈബി ഈഡൻ  മെൻസ്ട്രൽ കപ്പുകളുടെ വിതരണം  കപ്പ് ഓഫ് ലൈഫ്  ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം  കേരള വാർത്തകൾ  എറണാകുളം വാർത്തകൾ  kerala latest news  cup of life  Hibi Eden  Distribution of one lakh menstrual cups  cup of life for Guinness record  ernakulam news
ഗിന്നസ് റെക്കോർഡിനൊരുങ്ങി 'കപ്പ് ഓഫ് ലൈഫ്': 24 മണിക്കൂറിനുള്ളിൽ ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണമാണ് ലക്ഷ്യം

എറണാകുളം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്‍റെയും ജില്ല ഭരണകൂടത്തിന്‍റെയും സഹകരണത്തോടെ ഹൈബി ഈഡൻ എം.പി നടപ്പാക്കുന്ന 'കപ്പ് ഓഫ് ലൈഫ്' ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങുന്നു. 24 മണിക്കൂറിൽ ഒരു ലക്ഷം മെൻസ്ട്രൽ കപ്പ് വിതരണം ചെയ്‌ത് റെക്കോഡ് കുറിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായി. ഒരു ലക്ഷം കപ്പുകളുടെയും 120 വേദികളുടെയും പ്രീ രജിസ്‌ട്രേഷൻ നടപടികളും പൂർത്തിയായി.

'കപ്പ് ഓഫ് ലൈഫ്' ഗിന്നസ് ബുക്കിൽ ഇടം നേടാനൊരുങ്ങുന്നു

'കപ്പ് ഓഫ് ലൈഫ്': ലോകത്തിലാദ്യമായാണ് ഇത്രയധികം മെൻസ്ട്രൽ കപ്പുകൾ ഒരുമിച്ച് വിതരണം ചെയ്യുന്നതെന്ന് പദ്ധതിക്ക് നേതൃത്വം നൽകുന്ന ഹൈബി ഈഡൻ എം.പി. പറഞ്ഞു. സ്ത്രീകളുടെ ശാരീരിക, മാനസിക ബുദ്ധിമുട്ടുകൾ പൊതു സമൂഹം ചർച്ചയ്ക്ക് വിധേയമാക്കുകയും തുറന്ന മനസോടെ അത് ഉൾക്കൊളളാൻ തയ്യാറാവുകയും വേണം. എല്ലാവരും ഒറ്റ ദിവസം കൊണ്ട് മെൻസ്ട്രൽ കപ്പിലേക്ക് മാറുമെന്ന അമിത പ്രതീക്ഷയില്ല.

പക്ഷെ ഒരു വലിയ മാറ്റത്തിന് തുടക്കം കുറിക്കാൻ സാധിച്ചു. പരിസ്‌ഥിതിക്ക് കൂടുതൽ ഇണങ്ങുന്ന ഒരു സുസ്‌ഥിര മോഡലിനെ കുറിച്ച് അവബോധം സൃഷ്‌ടിക്കാനും പറയാൻ മടിച്ചിരുന്ന വിഷയങ്ങൾ തുറന്ന മനസോടെ ചർച്ചയ്ക്ക് വിധേയമാക്കാനും 'കപ്പ് ഓഫ് ലൈഫ്' പദ്ധതിയിലൂടെ കഴിഞ്ഞു. കടൽക്ഷോഭം, പ്രകൃതി ദുരന്തങ്ങൾ, പ്രളയം തുടങ്ങിയ ഭീതികൾ വിട്ടൊഴിയാതെ നിൽക്കുമ്പോൾ സാനിറ്ററി നാപ്‌കിനുകൾ പ്രായോഗികമായ ഒരു കാര്യമല്ല.

ഈ സമയത്ത് സ്ത്രീകൾക്ക് ഏറ്റവും അനുയോജ്യമായ ഒന്നാണ് മെൻസ്ട്രൽ കപ്പ്. അതേസമയം ചെലവും കുറവാണ്. ഇത്തരം ഒരു ആശയം അതുകൊണ്ട് തന്നെ ചർച്ചയാക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടന്നും ഹൈബി ഈഡൻ എം.പി. പറഞ്ഞു.

ഗിന്നസ് റെക്കോഡിലേക്ക്: ഓഗസ്‌റ്റ് 30 ന് ഉച്ചയ്ക്ക് 2 മണി മുതൽ കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ വച്ചാണ് മെൻസ്ട്രൽ കപ്പുകളുടെ വിതരണം ആരംഭിക്കുക. ഗിന്നസ് ലോക റെക്കോഡിനായുള്ള ഔദ്യോഗിക അഡ്‌ജുഡിക്കേറ്ററുടെ സാന്നിധ്യത്തിലായിരിക്കും വിതരണം. ശേഷം വിതരണത്തിമായി രജിസ്റ്റർ ചെയ്‌തിട്ടുള്ള വേദികളുടെ പ്രതിനിധികൾ കപ്പുകൾ ഏറ്റുവാങ്ങും.

31 ന് രാവിലെ 10 മണി മുതൽ 120 വേദികളിൽ കപ്പുകൾക്കായി രജിസ്റ്റർ ചെയ്‌തിട്ടുള്ള ഗുണഭോക്താക്കൾക്ക് വിതരണം ചെയ്യും. വൈകിട്ട് അഞ്ച് മണിക്ക് ലുലു മാൾ ഏട്രിയത്തിൽ ഗിന്നസ് പ്രഖ്യാപന ചടങ്ങ് നടക്കും. അഞ്ച് മണിക്ക് പ്രശസ്‌ത കീബോർഡിസ്‌റ്റായ സ്റ്റീഫൻ ദേവസിയുടെ സംഗീത പരിപാടിയോടെ ചടങ്ങുകൾക്ക് തുടക്കമാകും.

6 മണിക്ക് 'കപ്പ് ഓഫ് ലൈഫ്' പദ്ധതി ഗിന്നസ് റെക്കോഡിൽ ഇടം പിടിച്ചത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. പദ്ധതിയുടെ നടത്തിപ്പിനായി ഒന്നരക്കോടി രൂപയാണ് സി എസ് ആർ ഫണ്ടിൽ നിന്ന് മുത്തൂറ്റ് ഫിനാൻസ് അനുവദിച്ചത്. നിരവധി ബോധവത്‌ക്കരണ പരിപാടികളാണ് കപ്പ് ഓഫ് ലൈഫ് പദ്ധതിയുടെ ഭാഗമായി നടന്നു വന്നത്.

ഐ എം എ കൊച്ചിയുടെ നേതൃത്വത്തിൽ ആയിരത്തോളം വോളണ്ടിയർമാർക്കാണ് ആർത്തവ ശുചിത്വം സംബന്ധിച്ചും മെൻസ്ട്രൽ കപ്പ് ഉപയോഗം സംബന്ധിച്ചും ഇതിനകം പരിശീലനം നൽകിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.