ETV Bharat / state

SFI Alappuzha: വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം; തോറ്റ ജില്ല നേതാവിന് എംകോമിന് പ്രവേശനം, നടപടിയെടുത്ത് സിപിഎം

author img

By

Published : Jun 17, 2023, 4:24 PM IST

എസ്‌എഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് സിപിഎം നടപടി

ആലപ്പുഴ  nikhil thomas m com admission controversy  SFI Alappuzha leader nikhil thomas m com admission  വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം
SFI Alappuzha

ആലപ്പുഴ: എസ്‌എഫ്‌ഐയില്‍ വീണ്ടും വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദം. എസ്‌എഫ്‌ഐ ആലപ്പുഴ ജില്ല കമ്മിറ്റി അംഗം നിഖില്‍ തോമസിനെതിരെയാണ് ആരോപണം. ഇതേ സംഘടനയിലെ മറ്റൊരു അംഗമാണ് നിഖിലിനെതിരെ പരാതി നല്‍കിയത്. എംകോം പ്രവേശനത്തിന് വേണ്ടി ഹാജരാക്കിയത് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണെന്നാണ് ജില്ല നേതാവിനെതിരായ ആരോപണം.

കെ വിദ്യയുടെ വ്യാജരേഖ വിവാദത്തിന് പിന്നാലെയാണ് എസ്‌എഫ്‌ഐ ആലപ്പുഴ നേതൃത്വവും വിവാദത്തില്‍ ഇടംപിടിച്ചത്. ആരോപണം ഉയര്‍ന്നതോടെ സിപിഎം ജില്ല നേതൃത്വം ഇടപെട്ട് നടപടിയെടുത്തിരുന്നു. ആരോപണം ഗൗരവമാണെന്ന് കണ്ടതോടെയാണ് സിപിഎം ഇന്നലെ നിഖിലിനെ വിളിച്ചുവരുത്തി വിശദീകരണം തേടി. തുടര്‍ന്ന്, പാര്‍ട്ടി നേതൃത്വം ഇയാളെ എസ്‌എഫ്‌ഐ ജില്ല കമ്മിറ്റിയില്‍ നിന്നും നീക്കാന്‍ നിര്‍ദേശം നല്‍കി.

എസ്‌എഫ്‌ഐ ആലപ്പുഴ ജില്ല സമ്മേളനം ഇപ്പോള്‍ നടക്കുകയാണ്. ഇതിനിടെയാണ് വിവാദം ഉയർന്നത്. നിലവില്‍ കായംകുളം എംഎസ്‌എം കോളജ് രണ്ടാം വര്‍ഷ എംകോം വിദ്യാര്‍ഥിയാണ് നിഖില്‍. എംകോം പ്രവേശനത്തിന് നിഖില്‍ തോമസ് സമര്‍പ്പിച്ച ഡിഗ്രി സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്നാണ് പരാതി. 2018 - 2020 കാലഘട്ടത്തില്‍ നിഖില്‍ കായംകുളം എംഎസ്‌എം കോളജില്‍ ബികോം പഠിച്ചിരുന്നു. എന്നാല്‍, ഡിഗ്രി പാസാകാന്‍ കഴിഞ്ഞിരുന്നില്ല. ഈ കാലത്ത് 2019 ല്‍ കായംകുളം എംഎസ്‌എം കോളജില്‍ യുയുസിയും 2020ല്‍ സര്‍വകലാശാല യൂണിയന്‍ ജോയിന്‍റ് സെക്രട്ടറിയുമായിരുന്നു ഇയാള്‍.

നിഖിലിനെതിരായ പരാതി ഉയര്‍ന്നത് മാസങ്ങള്‍ക്ക് മുന്‍പ്: ഡിഗ്രി തോറ്റ നിഖില്‍ പക്ഷേ 2021ല്‍ കായംകുളം എംഎസ്‌എം കോളജില്‍ തന്നെ എംകോമിന് ചേര്‍ന്നു. പ്രവേശനത്തിനായി (2019 - 2021) കാലത്തെ കലിംഗ സര്‍വകലാശാലയിലെ ഡിഗ്രി സര്‍ട്ടിഫിക്കറ്റാണ് ഇയാള്‍ ഹാജരാക്കിയത്. ആലപ്പുഴയിലെ എസ്‌എഫ്‌ഐ ജില്ല കമ്മിറ്റിയംഗവും എംഎസ്‌എം കോളേജില്‍ നിഖിലിന്‍റെ ജൂനിയറുമായ പെണ്‍കുട്ടിയാണ് പരാതി നല്‍കിയത്. ഒരേ കാലയളവില്‍ രണ്ട് യൂണിവേഴ്‌സിറ്റികളില്‍ എങ്ങനെ പഠിക്കാനാവുമെന്നാണ് പരാതിയിലുള്ളത്. മൂന്ന് മാസം മുന്‍പാണ് നിഖിലിനെതിരെ പരാതി ഉയര്‍ന്നത്.

ഇതിന്‍റെ പശ്ചാത്തലത്തിലാണ് ആലപ്പുഴയില്‍ ഇന്നലെ ചേര്‍ന്ന സിപിഎം ഫ്രാക്ഷന്‍ നിഖിലിനെ വിളിച്ചുവരുത്തിയാണ് പരാതി ചര്‍ച്ച ചെയ്‌തത്. യഥാര്‍ഥ ബിരുദ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ നിഖിലിനോട് പാര്‍ട്ടി ആവശ്യപ്പെട്ടു. എന്നാല്‍, സര്‍വകലാശാലയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെന്ന വാദമാണ് നിഖില്‍ ഉന്നയിച്ചത്. തുടര്‍ന്നാണ് പാര്‍ട്ടി നേതൃത്വം ഇടപെട്ട് നിഖിലിനെ എസ്‌എഫ്‌ഐ ജില്ല കമ്മിറ്റി അംഗത്വത്തില്‍ നിന്നും നീക്കിയത്.

വിഷയം പാർട്ടി തലത്തിൽ വിശദമായി അന്വേഷിക്കാനാണ് തീരുമാനം. എംകോം പ്രവേശനത്തിന് വേണ്ടി എസ്‌എഫ്‌ഐ നേതാവ് വ്യാജ ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയെന്ന ആരോപണം പരിശോധിക്കുമെന്ന് എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി പിഎം ആര്‍ഷോ മാധ്യമങ്ങളോട് പ്രതികരിച്ചു. എന്നാൽ, കോളജ് മാനേജ്‌മെന്‍റിന്‍റെ പിന്തുണയോടെയാണ് എസ്‌എഫ്‌ഐ ക്രമക്കേട് നടത്തിയതെന്ന് കെഎസ്‌യു ആരോപിച്ചു.

വിദ്യയുടെ കേസിലും പ്രതിക്കൂട്ടിലായി എസ്‌എഫ്‌ഐ: മുന്‍ നേതാവ് കെ വിദ്യ, വ്യാജരേഖ ചമച്ചുവെന്ന കേസിലാണ് നേരത്തേ സമാന വിഷയത്തില്‍ എസ്എഫ്‌ഐ പ്രതിക്കൂട്ടിലായത്. ഈ കേസില്‍ താന്‍ നിരപരാധിയാണെന്ന് ചൂണ്ടിക്കാട്ടി വിദ്യ മുൻകൂർ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരുന്നു. ഹർജിയിൽ സിംഗിൾ ബഞ്ച് ജൂണ്‍ 11ന് സർക്കാരിന്‍റെ നിലപാട് തേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.