ETV Bharat / state

ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം; വിപണനവും കടത്തലും നിരോധിച്ചു

author img

By

Published : Oct 26, 2022, 9:24 PM IST

ആലപ്പുഴ ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്ത സംഭവത്തെ തുടര്‍ന്ന് പരിശോധനയ്‌ക്ക് അയച്ച സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്‍റെ സാന്നിധ്യം, കര്‍ശന നിയന്ത്രണവുമായി ജില്ലാ ഭരണകൂടം

Bird Flu  Bird Flu in alappuzha  alappuzha  Harippad Municipality  District authority  ആലപ്പുഴ  പക്ഷിപ്പനി  വിപണനവും കടത്തലും നിരോധിച്ചു  ജില്ലാ ഭരണകൂടം  ഹരിപ്പാട് നഗരസഭ  ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്ത സംഭവത്തെ  എച്ച്5 എന്‍ 1  പരിശോധന  പക്ഷി  തദ്ദേശ സ്വയംഭരണ വകുപ്പ്  ജില്ല കലക്‌ടര്‍  കൃഷ്‌ണതേജ
ആലപ്പുഴയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലം; വിപണനവും കടത്തലും നിരോധിച്ചു, ജാഗ്രതയോടെ ജില്ലാ ഭരണകൂടം

ആലപ്പുഴ: ഹരിപ്പാട് നഗരസഭയില്‍ താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരണം. ഇതേ തുടര്‍ന്ന് ജില്ല കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണതേജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അടിയന്തര യോഗം ഈ മേഖലകളില്‍ രോഗപ്രതിരോധ നടപടികള്‍ ഊര്‍ജിതമാക്കാന്‍ തീരുമാനിച്ചു. ഭോപ്പാലിലെ നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി ആനിമല്‍ ഡിസീസസില്‍ നടത്തിയ പരിശോധനയിലാണ് സാമ്പിളുകളില്‍ എച്ച്5 എന്‍ 1 വൈറസിന്‍റെ സാന്നിധ്യം കണ്ടെത്തിയത്.

ഹരിപ്പാട് നഗരസഭയിലെ ഒന്‍പതാം വാര്‍ഡിലെ വഴുതാനം പടിഞ്ഞാറ്, വഴുതാനം വടക്ക് പാടശേഖരങ്ങളില്‍ നിന്നാണ് സാമ്പിളുകള്‍ ശേഖരിച്ചത്. ഇവയിലാണ് എച്ച്5 എന്‍ 1 വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന്‍റെ ഭാഗമായി രോഗം സ്ഥിരീകരിച്ച സ്ഥലങ്ങളുടെ ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള മേഖലയിലെ താറാവുകളെയും മറ്റു പക്ഷികളെയും കൊന്ന് മറവു ചെയ്യുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ നിര്‍ദേശം ലഭിക്കുന്ന മുറയ്ക്ക് ഉടന്‍ ആരംഭിക്കും. ഇതിനായി എട്ട് ആര്‍.ആര്‍.ടി (റാപ്പിഡ് റെസ്‌പോണ്‍സ് ടീം) കളെയും സജ്ജമാക്കിയിട്ടുണ്ട്.

കള്ളിംഗ് നടത്തുന്നതിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കാന്‍ ഹരിപ്പാട് നഗരസഭയുടെയും പള്ളിപ്പാട് ഗ്രാമപഞ്ചായത്തിന്‍റെയും അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഇതോടെ 20,471 പക്ഷികളെയാണ് കൊന്നൊടുക്കേണ്ടി വരിക. ഹരിപ്പാട് നഗരസഭയില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച മേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിന്നും പക്ഷികളെ കൊണ്ടു വരുന്നതും കൊണ്ടുപോകുന്നതും നിരോധിച്ചു. ഇത് കൃത്യമായി നിരീക്ഷിക്കാന്‍ പൊലീസ്, റവന്യൂ വകുപ്പ് അധികൃതരെ ചുമതലപ്പെടുത്തിയിട്ടുമുണ്ട്. പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാതിരിക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടി ശക്തമാക്കുന്നതിന് ആരോഗ്യവകുപ്പിന് കലക്‌ടര്‍ നിര്‍ദേശം നല്‍കി.

വിപണനവും കടത്തലും നിരോധിച്ചു: പ്രദേശത്ത് പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ എടത്വ, തലവടി, തകഴി, തൃക്കുന്നപ്പുഴ, വീയപുരം, കുമാരപുരം, കരുവാറ്റ, ചെറുതന, ചെന്നിത്തല, ചിങ്ങോലി, ചേപ്പാട്, കാർത്തികപ്പള്ളി, പള്ളിപ്പാട്, ബുധനൂർ, ചെട്ടിക്കുളങ്ങര എന്നീ പഞ്ചായത്തുകളിലും ഹരിപ്പാട് നഗരസഭയിലും താറാവ്, കോഴി, കാട, മറ്റ് വളർത്ത് പക്ഷികൾ, ഇവയുടെ ഇറച്ചി, മുട്ട, കാഷ്‌ടം (വളം) എന്നിവയുടെ ഉപയോഗവും വിപണനവും കടത്തലും ഒക്‌ടോബർ 30 വരെ നിരോധിച്ച് ജില്ല കലക്‌ടർ ഉത്തരവായി.

ഈ ഉത്തരവ് കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാനായി തദ്ദേശ സ്വയംഭരണ വകുപ്പ് സെക്രട്ടറിമാരും കാർത്തികപ്പള്ളി, കുട്ടനാട്, മാവേലിക്കര, ചെങ്ങന്നൂർ തഹസീൽദാർമാരും പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് പരിശോധന നടത്താനും ഉത്തരവിൽ നിർദേശിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.