ETV Bharat / sports

33ാം വയസില്‍ ബൂട്ടഴിച്ച് വെയ്‌ല്‍സ് ഇതിഹാസം; അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഗരെത് ബെയ്‌ല്‍

author img

By

Published : Jan 10, 2023, 9:56 AM IST

ജീവിതത്തിലെ ഏറ്റവും കടുപ്പമേറിയ തീരുമാനമാണിതെന്ന് വെയ്‌ല്‍സ് താരം ഗരെത് ബെയ്ല്‍ ട്വിറ്ററില്‍ കുറിച്ചു.

Gareth Bale Announces Retirement From Football  Gareth Bale  Gareth Bale twitter  Gareth Bale news  ഗാരെത് ബെയ്ല്‍  ഗാരെത് ബെയ്ല്‍ വിരമിച്ചു  ഗാരെത് ബെയ്ല്‍ ട്വിറ്റര്‍
അപ്രതീക്ഷിത വിരമിക്കല്‍ പ്രഖ്യാപിച്ച് ഗാരെത് ബെയ്‌ല്‍

ലോസ് ആഞ്ചല്‍സ്: വെയ്‌ല്‍സിന്‍റെ ഇതിഹാസ ഫുട്‌ബോളര്‍ ഗരെത് ബെയ്ല്‍ ബൂട്ടഴിച്ചു. 33ാം വയസിലാണ് രാജ്യാന്തര-ക്ലബ്ബ് ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതായി ബെയ്ല്‍ അറിയിച്ചിരിക്കുന്നത്. ഏറെ ആലോചിച്ചാണ് ഈ തീരുമാനമെടുത്തതെന്ന് ബെയ്ൽ ട്വിറ്ററിൽ കുറിച്ചു.

'ഫുട്‌ബോളറാകുക എന്ന സ്വപ്‌നം യാഥാര്‍ഥ്യമായതില്‍ സന്തോഷമുണ്ട്. 17 സീസണിലധികം കളിക്കാനായി. അത് വീണ്ടും ആവര്‍ത്തിക്കാനാവില്ല.

അടുത്ത അധ്യായം എന്താണെന്നറിയില്ല. എന്നാല്‍ ജീവിതത്തില്‍ ഞാനെടുത്ത ഏറ്റവും കടുപ്പമേറിയ തീരുമാനമാണിത്'. ബെയ്‌ല്‍ വ്യക്തമാക്കി.

നിലവിൽ യുഎസിലെ ലോസ് ആഞ്ചല്‍സ് എഫ്‌സിയുടെ താരമാണ് ബെയ്‌ല്‍. 17ാം വയിലാണ് ബെയ്‌ല്‍ രാജ്യാന്തര ഫുട്ബോളിൽ അരങ്ങേറ്റം നടത്തിയത്. തുടര്‍ന്ന് വെയ്ല്‍സിനായി ഏറ്റവുമധികം അന്താരാഷ്ട്ര മത്സരങ്ങള്‍ കളിക്കുകയും ഗോളടിക്കുകയും ചെയ്‌തു. രാജ്യത്തിനായി 111 മത്സരങ്ങളില്‍ നിന്നും 41 ഗോളുകളാണ് ബെയ്‌ല്‍ അടിച്ച് കൂട്ടിയത്.

1958 ന് ശേഷം വെയ്ല്‍സിനെ ലോകകപ്പ് ഫൈനൽ റൗണ്ടിലെത്തിക്കാനും ടീമിനായി ഗോള്‍ നേടാനും ബെയ്‌ലിന് കഴിഞ്ഞിരുന്നു. 2022ലെ ഖത്തര്‍ ലോകകപ്പില്‍ യുഎസ്‌എയ്‌ക്ക് എതിരായാണ് ബെയ്‌ല്‍ ഗോളടിച്ചത്. എന്നാല്‍ ടീം ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായിരുന്നു.

2016, 2020 യൂറോ കപ്പുകളിലും വെയ്ല്‍സിനെ നയിച്ചത് ബെയ്‌ലാണ്. 2016 യൂറോ കപ്പില്‍ സെമിയിലെത്തിയ ബെയ്‌ലും സംഘവും ചരിത്രം കുറിക്കുകയും ചെയ്‌തു. 16ാം വയസില്‍ ഇംഗ്ലീഷ്‌ ക്ലബ് സതാംപ്‌ടണിലൂടെയാണ് ബെയ്‌ല്‍ ക്ലബ് കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് ടോട്ടനത്തിലേക്കും അവിടെ നിന്ന് സ്പാനിഷ് ക്ലബ് റയൽ മഡ്രിഡിലേക്കും ചേക്കേറിയ ബെയ്‌ല്‍ ലോകോത്തര താരമായി വളര്‍ന്നു.

റയലിനായി 176 മത്സരങ്ങളിൽ നിന്നും 81 ഗോളുകളാണ് ബെയ്‌ല്‍ നേടിയത്. റയലിനൊപ്പം അഞ്ച് ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ക്ക് പുറമെ നാല് ഫിഫ ക്ലബ് ലോകകപ്പും മൂന്ന് ലാ ലിഗ കിരീടവും മൂന്ന് യുവേഫ സൂപ്പര്‍ കപ്പും ഒരു കോപ്പാ ഡെല്‍ റേയും ബെയ്‌ല്‍ നേടിയിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.