ETV Bharat / sports

ഇരട്ട ഗോളുമായി ക്യാപ്‌റ്റന്‍ എംബാപ്പെ; യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ നെതര്‍ലന്‍ഡ്‌സിനെ വീഴ്‌ത്തി ഫ്രാന്‍സ്

author img

By

Published : Mar 25, 2023, 8:28 AM IST

uefa euro cup 2024  euro cup 2024 qualifier  france  france vs netherlands  uefa  kylian mbappe  kylian mbappe goals againts netherlands  എംബാപ്പെ  യൂറോ കപ്പ്  യൂറോ കപ്പ് യോഗ്യത റൗണ്ട്  ഫ്രാന്‍സ് നെതര്‍ലന്‍ഡ്‌സ്  ഫ്രാന്‍സ്  നെതര്‍ലന്‍ഡ്‌സ്  കിലിയന്‍ എംബാപ്പെ  അന്‍റോയിന്‍ ഗ്രീസ്മാന്‍
Mbappe

നെതര്‍ലന്‍ഡ്‌സിനെതിരായ യൂറോ കപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളിനാണ് ഫ്രാഞ്ച് പടയുടെ വിജയം.

പാരിസ്: യൂറോ കപ്പ് യോഗ്യത മത്സരത്തില്‍ വമ്പന്‍ ജയവുമായി ലോകകപ്പ് റണ്ണറപ്പുകളായ ഫ്രാന്‍സ്. നെതര്‍ലന്‍ഡിനെതിരായി നടന്ന മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കാണ് എംബാപ്പെയും സംഘവും ജയം പിടിച്ചത്. നായകന്‍ കിലിയന്‍ എംബാപ്പെ ഇരട്ട ഗോളടിച്ച മത്സരത്തില്‍ അന്‍റോയിന്‍ ഗ്രീസ്മാന്‍, ദയോത് ഉപമെക്കാനോ എന്നിവരും ആതിഥേയര്‍ക്കായി എതിര്‍ വലകുലുക്കി.

നെതര്‍ലന്‍ഡിനെ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഞെട്ടിക്കാന്‍ ഫ്രാന്‍സിനായി. രണ്ടാം മിനിട്ടില്‍ തന്നെ അവര്‍ ആദ്യ ഗോള്‍ നേടി. കിലിയന്‍ എംബാപ്പെയുടെ അസിസ്റ്റില്‍ നിന്നും അന്‍റോയിന്‍ ഗ്രീസ്‌മാന്‍ ആണ് ആതിഥേയര്‍ക്ക് ആദ്യം ലീഡ് സമ്മാനിച്ചത്.

ഇതില്‍ നിന്നും മുക്തരാകും മുന്‍പ് തന്നെ നെതര്‍ലന്‍ഡ് വലയില്‍ ഫ്രാന്‍സ് വീണ്ടും പന്തെത്തിച്ചു. ഇത്തവണ പ്രതിരോധ നിര താരം ദയോത് ഉപമെക്കാനോ ആയിരുന്നു ഗോള്‍ സ്‌കോറര്‍. മത്സരത്തിന്‍റെ എട്ടാം മിനിട്ടിലായിരുന്നു ഫ്രാന്‍സിന്‍റെ രണ്ടാം ഗോള്‍ പിറന്നത്. തുടര്‍ന്നും മുന്നേറ്റങ്ങള്‍ നടത്തിയ ഫ്രാന്‍സ് 21-ാം മിനിട്ടില്‍ ലീഡ് മൂന്നാക്കി ഉയര്‍ത്തി. കിലിയന്‍ എംബാപ്പെയുടെ വക ആയിരുന്നു ഗോള്‍.

മൂന്ന് ഗോള്‍ പിന്നിലായതിന് പിന്നാലെ തന്ത്രങ്ങള്‍ മാറ്റി പരീക്ഷിക്കാന്‍ ഡച്ച് പരിശീലകന്‍ റൊണാൾഡ് കോമാൻ നിര്‍ബന്ധിതനായി. 33-ാം മിനിട്ടില്‍ മുന്നേറ്റനിര താരം വൗട്ട് വെര്‍ഘോസ്റ്റിനെ കളത്തിലിറക്കി ആക്രമണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാന്‍ ഓറഞ്ച് പട ശ്രമിച്ചു. എന്നാല്‍ ആദ്യ പകുതിയില്‍ തിരിച്ചടിക്കാന്‍ അവര്‍ക്കായില്ല.

രണ്ടാം പകുതിയിലും നിരവധി നീക്കങ്ങള്‍ നെതര്‍ലന്‍ഡ് നടത്തിയെങ്കിലും അതിലൊന്നും ഗോളാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. 88-ാം മിനിട്ടില്‍ ഫ്രാന്‍സ് നലാം ഗോള്‍ നേടി. കിലിയന്‍ എംബാപ്പെയുടെ രണ്ടാം ഗോളായിരുന്നു ഇത്.

Also Read: ക്യാപ്റ്റന്‍സിയില്‍ ഗ്രീസ്‌മാന് നിരാശയുണ്ടായിരുന്നു, ഞാന്‍ അവനോട് സംസാരിച്ചു; കിലിയന്‍ എംബാപ്പെ പറയുന്നു...

ഇഞ്ചുറി ടൈമില്‍ ആശ്വാസ ഗോള്‍ നേടാന്‍ പെനാല്‍റ്റിയിലൂടെ നെതര്‍ലന്‍ഡ്‌സിന് അവസരം ലഭിച്ചിരുന്നു. എന്നാല്‍ മുന്നേറ്റ നിര താരം ഡീപെ എടുത്ത കിക്ക് തടഞ്ഞിട്ട് ഫ്രാന്‍സ് ഗോള്‍ കീപ്പര്‍ മൈക്ക് മൈഗ്നൻ അവിടെ ഡച്ച് പടയുടെ വില്ലനായി.

ജയത്തോടെ യൂറോകപ്പ് യോഗ്യത റൗണ്ടില്‍ ബി ഗ്രൂപ്പില്‍ ഫ്രാന്‍സ് ഒന്നാം സ്ഥാനം സ്വന്തമാക്കി. മാര്‍ച്ച് 28ന് അയര്‍ലന്‍ഡിനെതിരെയാണ് ടീമിന്‍റെ അടുത്ത മത്സരം.

ഹാട്രിക്കടിച്ച് ലുക്കാക്കു: യുവേഫ യൂറോ കപ്പ് യോഗ്യത റൗണ്ടിലെ മറ്റ് മത്സരങ്ങളില്‍ ബെല്‍ജിയത്തിനും ചെക്ക് റിപ്പബ്ലിക്കിനും ജയം. ഗ്രൂപ്പ് എഫിലെ മത്സരത്തില്‍ സ്വീഡനെ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബെല്‍ജിയം വീഴ്‌ത്തിയത്. റൊമേലു ലുക്കാക്കുവിന്‍റെ ഹാട്രിക് ഗോളുകള്‍ക്കായിരുന്നു ബെല്‍ജിയത്തിന്‍റെ വിജയം. മത്സരത്തില്‍ 35, 49, 82 മിനിട്ടുകളിലാണ് ലുക്കാക്കു സ്വീഡന്‍റെ വലയില്‍ പന്തെത്തിച്ചത്.

ഗ്രൂപ്പ് ഇയിലെ മത്സരത്തില്‍ പോളണ്ടിനെയാണ് ചെക്ക് റിപ്പബ്ലിക്ക് തകര്‍ത്തത്. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ചെക്ക് പടയുടെ വിജയം.

സ്‌പെയിന്‍ കളത്തില്‍: യൂറോ കപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിനായി സ്‌പെയിന്‍ നാളെ ഇറങ്ങും. പുലര്‍ച്ചെ 1:15ന് ആരംഭിക്കുന്ന മത്സരത്തില്‍ നോര്‍വെയാണ് സ്‌പാനിഷ് പടയുടെ എതിരാളി. ക്രൊയേഷ്യ വെയ്‌ല്‍സ് പോരാട്ടവും ഈ സമയം നടക്കും.

Also Read: കളം നിറഞ്ഞ് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ; ലിച്ചെൻസ്റ്റീനെതിരെ പോര്‍ച്ചുഗലിന്‍റെ പടയോട്ടം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.