ETV Bharat / sports

ലെവന്‍ഡോസ്‌കിയ്‌ക്ക് ഹാട്രിക്, ജയിച്ച് തുടങ്ങി ബയേണും ബാഴ്‌സയും ; ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് തോല്‍വി

author img

By

Published : Sep 8, 2022, 8:25 AM IST

uefa champions league  robert lewandowski hattrick  uefa  റോബര്‍ട്ട് ലെവന്‍ഡോസ്‌കി  ലെവന്‍ഡോസ്‌കിയ്‌ക്ക് ഹാട്രിക്ക്  ബാഴ്‌സിലോണ  ബയേണ്‍ മ്യൂണിക്ക്  നാപ്പോളി  Barcelona  UEFA CHAMPIONS LEAGUE Results
ലെവന്‍ഡോസ്‌കിയ്‌ക്ക് ഹാട്രിക്ക്, ജയിച്ച് തുടങ്ങി ബയേണും ബാഴ്‌സയും; ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിന് തോല്‍വി

ചാമ്പ്യന്‍സ് ലീഗില്‍ ആറാമത്തെ ഹാട്രിക്കാണ്, റോബര്‍ട്ട് ലെവന്‍ഡോസ്‌കി വിക്ടോറിയ പ്ലെസനെതിരെ നേടിയത്

ബാഴ്‌സലോണ : റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ ഹാട്രിക് മികവില്‍ യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ബാഴ്‌സലോണയ്‌ക്ക് ജയത്തുടക്കം. കാംപ്‌നൗവില്‍ നടന്ന മത്സരത്തില്‍ ചെക്ക് ക്ലബ്ബായ വിക്ടോറിയ പ്ലെസനെ 5-1 നാണ് സ്‌പാനിഷ് വമ്പന്‍മാര്‍ തകര്‍ത്തത്. 44-ാം മിനുട്ടില്‍ ജാന്‍ സികോറയാണ് വിക്ടോറിയയുടെ ഏകഗോള്‍ സ്വന്തമാക്കിയത്.

13 മിനുട്ടില്‍ ഫ്രാങ്ക് കെസ്സിയാണ് ബാഴ്‌സലോണയെ മുന്നിലെത്തിച്ചത്. തുടര്‍ന്ന് നിയന്ത്രണം ഏറ്റെടുത്ത ലെവന്‍ഡോസ്‌കി ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് രണ്ട് പ്രാവശ്യം എതിര്‍ ഗോള്‍വല കുലുക്കി. 34-ാം മിനിട്ടിലും, ആദ്യ പകുതിയുടെ അധിക സമയത്തുമാണ് ലെവന്‍ഡോസ്‌കിയുടെ ആദ്യ രണ്ട് ഗോളുകള്‍ പിറന്നത്.

രണ്ടാം പകുതിയില്‍ 67-ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കി ഹാട്രിക് പൂര്‍ത്തിയാക്കി. ചാമ്പ്യന്‍സ് ലീഗില്‍ തന്‍റെ ആറാമത്തെ ഹാട്രിക്കാണ് ലെവ ചെക് ക്ലബ്ബിനെതിരെ സ്വന്തമാക്കിയത്. പിന്നാലെ ഫെറാന്‍ ടോറസാണ് ബാഴ്‌സലോണയുടെ ഗോള്‍ പട്ടിക പൂര്‍ത്തിയാക്കിയത്.

ജയത്തോടെ തുടങ്ങി ബയേണും : ഗ്രൂപ്പ് സിയിലെ മറ്റൊരു മത്സരത്തില്‍ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്ക് ഇറ്റാലിയന്‍ വമ്പന്‍മാരായ ഇന്‍റര്‍മിലാനെ പരാജയപ്പെടുത്തി. ഇന്‍ററിന്‍റെ ഡാനിലോയുടെ ഔണ്‍ ഗോള്‍ പിറന്ന മത്സരത്തില്‍ 2-0 ത്തിനായിരുന്നു ബയേണിന്‍റെ വിജയം. 25ാം മിനുട്ടില്‍ എല്‍. സാനെയാണ് ബയേണിന്‍റെ ഗോള്‍ നേടിയത്.

ലിവര്‍പൂളിനെ തകര്‍ത്ത് നാപ്പോളി : ഗ്രൂപ്പ് എ യില്‍ ഇംഗ്ലീഷ് വമ്പന്‍മാരും നിലവിലെ റണ്ണേര്‍സ്‌ അപ്പുമായ ലിവര്‍പൂളിന് തോല്‍വിത്തുടക്കം. ഇറ്റാലിയന്‍ ക്ലബ്ബായ നാപ്പോളി 4-1 എന്ന സ്‌കോറിനാണ് ലിവര്‍പൂളിനെ തകര്‍ത്തത്. നാപ്പോളിക്കായി പിയോറ്റർ സിലിൻസ്കി ഇരട്ടഗോളുകളുമായി തിളങ്ങി.

മത്സരത്തില്‍ പന്തടക്കത്തിലും പാസ്സിംഗിലും ലിവര്‍പൂളായിരുന്നു മുന്നില്‍. എന്നാല്‍ ലഭിച്ച അവസരങ്ങള്‍ കൃത്യമായി ലക്ഷ്യത്തിലെത്തിച്ച നാപ്പോളി ലിവര്‍പൂളിനെതിരെ വിജയം സ്വന്തമാക്കുകയായിരുന്നു. മത്സരത്തിന്‍റെ ആദ്യ പകുതിയിലാണ് നാപ്പോളിയുടെ മൂന്ന് ഗോളുകളും പിറന്നത്.

മത്സരത്തിന്‍റെ അഞ്ചാം മിനിട്ടില്‍ ലഭിച്ച പെനാല്‍ട്ടി ഗോളാക്കി സിലന്‍സ്‌കിയാണ് നാപ്പോളിയെ മുന്നിലെത്തിച്ചത്. 31-ാം മിനിട്ടില്‍ ലിവര്‍പൂള്‍ പ്രതിരോധം തകര്‍ത്ത സിലന്‍സ്‌കിയുടെ പാസ് സ്വീകരിച്ച ആന്ദ്രെ-ഫ്രാങ്ക് സാംബോ അംഗുയിസ രണ്ടാം ഗോള്‍ നേടി. നാല്‍പ്പത്തിനാലാം മിനിട്ടില്‍ നാപ്പോളിക്കായി ജിയോവാനി സിമിയോണി ലീഡുയര്‍ത്തി.

രണ്ടാം പകുതിയില്‍ 47-ാം മിനിട്ടില്‍ സിലന്‍സ്‌കിയാണ് നാപ്പോളിയുടെ നാലാം ഗോള്‍ നേടിയത്. പിന്നാലെ 49-ാം മിനിട്ടിലായിരുന്നു മത്സരത്തില്‍ ലിവര്‍പൂളിന്‍റെ ഏകഗോള്‍. ലൂയിസ് ഡയസാണ് ഇംഗ്ലീഷ് ടീമിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കിയത്. മറ്റ് മത്സരങ്ങളില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് പോര്‍ട്ടോയേയും, ടോട്ടന്നാം ഒളിമ്പിക് മാർസെയിലിനെയും പരാജയപ്പെടുത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.