ETV Bharat / sports

ഇഞ്ചുറി ടൈം ഗോളില്‍ ബാഴ്‌സലോണ വീണു, അന്‍റ്‌വെര്‍പിന് ചാമ്പ്യന്‍സ് ലീഗില്‍ നിന്ന് രാജകീയ മടക്കം

author img

By ETV Bharat Kerala Team

Published : Dec 14, 2023, 7:10 AM IST

UEFA Champions League  Antwerp vs Barcelona  Champions League Barcelona  Champions League Group H  Ferran Torres Marc Guiu Goals vs Antwerp  George Ilenikhena Goal Against Barcelona  ചാമ്പ്യന്‍സ് ലീഗ്  അന്‍റ്‌വെര്‍പ് ബാഴ്‌സലോണ  ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോള്‍  ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ച്
Antwerp vs Barcelona Result

Antwerp vs Barcelona Result: ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്ക് തോല്‍വി. മത്സരം പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി അവസാന 16ല്‍ കടന്ന് ബാഴ്‌സ.

ബ്രസല്‍സ് (ബെല്‍ജിയം): യുവേഫ ചാമ്പ്യന്‍സ് ലീഗ് (UEFA Champions League) പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ബാഴ്‌സലോണയ്‌ക്ക് (Barcelona) തോല്‍വി. ബെല്‍ജിയന്‍ ക്ലബ് അന്‍റ്‌വെര്‍പാണ് (Antwerp) കാറ്റാലന്‍ പടയെ തോല്‍പ്പിച്ചത്. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മത്സരം ബാഴ്‌സ കൈവിട്ടത്.

ഫെറാന്‍ ടോറസ് (Ferran Torres), മാര്‍ക് ഗ്യൂ (Marc Guiu) എന്നിവരാണ് ബാഴ്‌സയ്‌ക്ക് വേണ്ടി ഗോള്‍ നേടിയത്. ആര്‍തര്‍ വെര്‍മീരന്‍ (Arthur Vermeeran), വിന്‍സെന്‍റ് യാന്‍സ്സന്‍ (Vincent Janssen), ജോര്‍ജ് ഇലെനിഖെന (George Ilenikhena) എന്നിവരായിരുന്നു അന്‍റ്‌വെര്‍പിന്‍റെ ഗോള്‍ സ്കോറര്‍മാര്‍. ഇഞ്ചുറി ടൈമില്‍ ഇലെനിഖെന നേടിയ ഗോളാണ് മത്സരത്തില്‍ ബാഴ്‌സയ്‌ക്ക് തിരിച്ചടിയായത്.

ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് എച്ചിലെ അവസാന മത്സരത്തിനിറങ്ങിയ ബാഴ്‌സലോണയെ മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ അന്‍റ്‌വെര്‍പ് ഞെട്ടിച്ചു. ആദ്യ വിസില്‍ മുഴങ്ങി 90 സെക്കന്‍ഡ് പിന്നിടുന്നതിന് മുന്‍പാണ് അവര്‍ ആദ്യത്തെ ഗോള്‍ ബാഴ്‌സയുടെ വലയിലേക്ക് എത്തിച്ചത്. യുവതാരം ആര്‍തര്‍ വെര്‍മീരന്‍റെ വകയായിരുന്നു അവരുടെ ഗോള്‍.

തുടക്കം തന്നെ ഗോള്‍ വഴങ്ങിയതോടെ കരുതലോടെയായിരുന്നു ബാഴ്‌സയുടെ പിന്നീടുള്ള ഓരോ നീക്കവും. പന്ത് കൈവശം വച്ച് ശ്രദ്ധയോട കളിച്ച അവര്‍ക്ക് ആദ്യ പകുതി അവസാനിക്കുന്നതിന് മുന്‍പ് തന്നെ സമനില ഗോള്‍ കണ്ടെത്താനായി. 35-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെയാണ് ബാഴ്‌സ അന്‍റ്‌വെര്‍പിനൊപ്പം പിടിച്ചത്.

സമനിലയില്‍ പിരിഞ്ഞ ആദ്യ പകുതിക്ക് ശേഷം രണ്ടാം പകുതിയിലും ബാഴ്‌സയ പിന്നിലാക്കാന്‍ അന്‍റ്‌വെര്‍പിനായി. 56-ാം മിനിറ്റില്‍ വിന്‍സെന്‍റ് യാന്‍സ്സനിലൂടെയാണ് അവര്‍ ലീഡ് തിരിച്ചുപിടിച്ചത്. പിന്നീട് ഈ ഗോളിന് തിരിച്ചടി നല്‍കാനുള്ള ബാഴ്‌സലോണയുടെ ശ്രമങ്ങള്‍.

നിശ്ചിത 90 മിനിറ്റുവരെ സമനില ഗോള്‍ കണ്ടെത്താന്‍ അവര്‍ക്കായില്ല. ഒടുവില്‍ 7 മിനിറ്റ് ഇഞ്ചുറി ടൈം അനുവദിച്ച മത്സരത്തിന്‍റെ ആദ്യ മിനിറ്റില്‍ തന്നെ ബാഴ്‌സലോണ ഗോള്‍ നേടി. യുവതാരം മാര്‍ക് ഗ്യൂവിന്‍റെ തകര്‍പ്പന്‍ ഗോളായിരുന്നു ബാഴ്‌സയ്‌ക്ക് സമനില ഗോള്‍ സമ്മാനിച്ചത്.

എന്നാല്‍, ആ ഗോളില്‍ ഒരുപാട് നേരമൊന്നും ആശ്വസിക്കാന്‍ ബാഴ്‌സയ്‌ക്ക് സാധിച്ചില്ല. ബാഴ്‌സ ഗോള്‍ നേടിയതിന്‍റെ തൊട്ടടുത്ത നിമിഷം തന്നെ അന്‍റ്‌വെര്‍പ് തങ്ങളുടെ മൂന്നാം ഗോള്‍ കണ്ടെത്തുകയായിരുന്നു. ജോര്‍ജി ഇലിഖനെയുടെ ഗോളാണ് അവര്‍ക്ക് ജയമൊരുക്കിയത്.

ആദ്യ റൗണ്ടിലെ അവസാന മത്സരം പരാജയപ്പെട്ടെങ്കിലും ഗ്രൂപ്പ് ചാമ്പ്യന്മാരായി തന്നെ ചാമ്പ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ യോഗ്യത ഉറപ്പിക്കാന്‍ ബാഴ്‌സലോണയ്‌ക്ക് സാധിച്ചു. ഗ്രൂപ്പ് ഘട്ടത്തില്‍ ആറ് മത്സരങ്ങളില്‍ നിന്നും നാല് ജയത്തോടെ 12 പോയിന്‍റാണ് ബാഴ്‌സ സ്വന്തമാക്കിയത്. അതേസമയം ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരയ അന്‍റ്‌വെര്‍പിന്‍റെ ആദ്യ ജയമായിരുന്നു ഇത്.

Also Read : ദുരന്തമായി മാൻയു, ചാമ്പ്യൻസ് ലീഗിനും യൂറോപ്പ ലീഗിനും പുറത്ത്, അതേ വഴിയില്‍ പ്രീമിയർ ലീഗും... കിരീടമില്ലാക്കാലം തുടരും

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.