ETV Bharat / sports

മാഡ്രിഡ് ഡെര്‍ബിയിലെ 'ഗോളടിമേളം', അത്‌ലറ്റിക്കോയുടെ 'തലയരിഞ്ഞ്' റയല്‍ സൂപ്പര്‍ കപ്പ് ഫൈനലില്‍

author img

By ETV Bharat Kerala Team

Published : Jan 11, 2024, 7:07 AM IST

Spanish Super Cup Semi-Final Result: സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഒന്നാം സെമി ഫൈനല്‍ പോരാട്ടത്തില്‍ റയല്‍ മാഡ്രിഡിന് ജയം. അത്‌ലറ്റിക്കോ മാഡ്രിഡിനെ റയല്‍ തകര്‍ത്തത് 5-3 എന്ന സ്കോറിന്.

Spanish Super Cup  RMA vs ATM  Madrid Derby  സ്‌പാനിഷ് സൂപ്പര്‍ കപ്പ്
Spanish Super Cup

റിയാദ് : റയല്‍ മാഡ്രിഡ് (Real Madrid) സ്‌പാനിഷ് സൂപ്പര്‍ കപ്പിന്‍റെ (Spanish Super Cup/ Supercopa) ഫൈനലില്‍. റിയാദിലെ അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ നടന്ന ആവേശപ്പോരാട്ടത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെയാണ് (Atletico Madrid) റയല്‍ തകര്‍ത്തത്. എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട മത്സരത്തില്‍ 5-3 എന്ന സ്കോറിനാണ് റയലിന്‍റെ ജയം (Real Madrid vs Atletico Madrid Super Cup Semi Final Result).

മാഡ്രിഡ് ഡെര്‍ബിയുടെ ആവേശം അതുപോലെ നിറഞ്ഞതായിരുന്നു സൂപ്പര്‍ കപ്പിലെ സെമി പോരാട്ടവും. അല്‍ അവാല്‍ സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുതല്‍ തന്നെ മത്സരം കത്തിക്കയറി. മുന്നേറ്റങ്ങള്‍ക്ക് തുടക്കം കുറിച്ച അത്‌ലറ്റിക്കോ മത്സരത്തിന്‍റെ ആറാം മിനിറ്റില്‍ ലീഡും പിടിച്ചു.

കോര്‍ണറില്‍ നിന്നും മരിയോ ഹെര്‍മോസോയായിരുന്നു (Mario Hermoso) അത്‌ലറ്റിക്കോയുടെ ആദ്യ ഗോള്‍ നേടിയത്. ഇതോടെ, തിരിച്ചടിക്കാനുള്ള നീക്കങ്ങള്‍ റയലും തുടങ്ങി. 19-ാം മിനിറ്റില്‍ ജൂഡ് ബെല്ലിങ്‌ഹാമിന്‍റെ ഗോള്‍ ശ്രമം പുറത്തേക്ക്.

പിന്നാലെ, റയലിന് അനുകൂലമായിട്ടൊരു കോര്‍ണര്‍. ലൂക്കാ മോഡ്രിച്ച് ഗ്രൗണ്ടിന്‍റെ വലതുമൂലയില്‍ നിന്നുമെടുത്ത കോര്‍ണര്‍ കിക്ക് പ്രതിരോധനിര താരം അന്‍റോണിയോ റൂഡിഗര്‍ (Antonio Rudiger) തലകൊണ്ട് മറിച്ച് അത്‌ലറ്റിക്കോയുടെ വലയിലെത്തിച്ചു. ആ ഗോളിന്‍റെ ആഘോഷം കെട്ടടങ്ങുന്നതിന് മുന്‍പ് തന്നെ റയലിന് രണ്ടാമതും അത്ലറ്റിക്കോ ഗോള്‍വല കുലുക്കാനായി.

ഇത്തവണ, പ്രതിരോധനിരയിലെ ഫെര്‍ലന്‍ഡ് മെന്‍ഡിയാണ് (Ferland Mendy) റയലിനായി ഗോള്‍ കണ്ടെത്തിയത്. മത്സരത്തിന്‍റെ 29-ാം മിനിറ്റിലായിരുന്നു ഗോളിന്‍റെ പിറവി. എന്നാല്‍, ഈ ലീഡ് അധികം നേരം കൈവശം വയ്‌ക്കാന്‍ റയലിന് സാധിച്ചിരുന്നില്ല.

മത്സരത്തിന്‍റെ 37-ാം മിനിറ്റില്‍ അന്‍റോയിന്‍ ഗ്രീസ്‌മാനിലൂടെ (Antoine Griezmann) അത്‌ലറ്റിക്കോ റയലിനൊപ്പം പിടിച്ചു. ഇതോടെ, മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ നേടി സമനില പാലിക്കാന്‍ ഇരു ടീമിനും സാധിച്ചു. രണ്ടാം പകുതിയില്‍ 78-ാം മിനിറ്റിലായിരുന്നു മത്സരത്തിലെ അടുത്ത ഗോള്‍ പിറക്കുന്നത്.

റയല്‍ താരം റൂഡിഗറുടെ സെല്‍ഫ് ഗോളില്‍ അത്‌ലറ്റിക്കോയാണ് മുന്നിലെത്തിയത്. 85-ാം മിനിറ്റില്‍ ഡാനി കാര്‍വാളിലൂടെ (Dani Carvajal) റയല്‍ തിരിച്ചടിച്ചു. ഇതോടെ, നിശ്ചിത സമയം അവസാനിച്ചപ്പോള്‍ സ്കോര്‍ 3-3 എന്ന നിലയിലായി.

പിന്നാലെ, മത്സരം എക്‌സ്‌ട്രാ ടൈമിലേക്ക്. എക്‌സ്‌ട്രാ ടൈമിന്‍റെ ആദ്യ 15 മിനിറ്റില്‍ ഗോള്‍ നേടാന്‍ ഇരു ടീമിനും സാധിച്ചില്ല. പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് മത്സരം കടക്കുമെന്ന് കളി കണ്ടിരുന്നവര്‍ കരുതി.

എന്നാല്‍, 116-ാം മിനിറ്റില്‍ ജൊസേലുവിലൂടെ (Joselu) റയല്‍ ലീഡ് പിടിച്ചു. ഇതോടെ, സമനില ഗോളിനായി അത്‌ലറ്റിക്കോ ഗോള്‍കീപ്പര്‍ ഉള്‍പ്പടെ ബോക്‌സ് വിട്ട് പുറത്തേക്കിറങ്ങി. ഇഞ്ചുറി ടൈമില്‍ റയല്‍ ബോക്‌സില്‍ നിന്നുള്ള ജൊസേലുവിന്‍റെ ലോങ് ബോള്‍ പിടിച്ചെടുത്ത ബ്രഹിം ഡയസ് (Brahim Diaz) ആളൊഴിഞ്ഞ അത്‌ലറ്റിക്കോ ഗോള്‍ പോസ്റ്റിലേക്ക് അനായാസം പന്ത് അടിച്ചുകയറ്റുകയായിരുന്നു.

അതേസമയം, ജനുവരി 12ന് പുലര്‍ച്ചെ നടക്കുന്ന ബാഴ്‌സലോണ ഒസാസുന രണ്ടാം സെമി ഫൈനല്‍ പോരാട്ടത്തിലെ വിജയിയെ ആണ് ഫൈനലില്‍ റയല്‍ മാഡ്രിഡ് നേരിടുക. ജനുവരി 15നാണ് കലാശപ്പോരാട്ടം (Spanish Super Cup Final).

Also Read : പായിച്ചത് 33 ഷോട്ട്, ഗോളായത് 2 എണ്ണം ; എഫ്‌എ കപ്പ് മൂന്നാം റൗണ്ടും കടന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.