ETV Bharat / sports

'സൂപ്പര്‍ സബ്' ഡിബ്രൂയിന്‍, ന്യൂകാസില്‍ യുണൈറ്റഡിന്‍റെ തട്ടകത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ആവേശജയം

author img

By ETV Bharat Kerala Team

Published : Jan 14, 2024, 7:22 AM IST

Newcastle vs ManCity : പ്രീമിയര്‍ ലീഗില്‍ ന്യൂകാസില്‍ യുണൈറ്റഡിനെതിരായ മത്സരത്തില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് ജയം. 3-2 എന്ന സ്കോറിനാണ് സിറ്റി കളി പിടിച്ചത്. പകരക്കാരനായി കളത്തിലിറങ്ങിയ ഡിബ്രൂയിന്‍ മത്സരത്തില്‍ ഒരു ഗോള്‍ നേടി.

Premier League  Newcastle vs ManCity  Kevin De Bruyne Premier League  മാഞ്ചസ്റ്റര്‍ സിറ്റി
Newcastle vs ManCity

ലണ്ടന്‍: പ്രീമിയര്‍ ലീഗിലേക്കുള്ള (Premier League) തിരിച്ചുവരവ് കെവിന്‍ ഡിബ്രൂയിന്‍ (Kevin De Bruyne) ആഘോഷമാക്കിയപ്പോള്‍ ന്യൂകാസിലിനെതിരായ (Newcastle United) മത്സരത്തില്‍ ആവേശകരമായ ജയം സ്വന്തമാക്കി മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). ന്യൂകാസിലിന്‍റെ തട്ടകമായ സെന്‍റ് ജെയിംസ് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ആതിഥേയരെ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് മാഞ്ചസ്റ്ററിന്‍റെ നീലപ്പട തകര്‍ത്തത്. പകരക്കാരനായെത്തി ഒരു ഗോളും അസിസ്റ്റും സ്വന്തം പേരിലാക്കിയ സൂപ്പര്‍ താരം കെവിന്‍ ഡി ബ്രൂയിന്‍റെ പ്രകടനമാണ് സിറ്റി ജയത്തില്‍ നിര്‍ണായകമായത്.

ബെര്‍ണാഡോ സില്‍വയും (Bernado Silva) ഓസ്‌കര്‍ ബോബുമാണ് (Oscar Bobb) സിറ്റിക്കായി ഗോള്‍ നേടിയ മറ്റ് താരങ്ങള്‍. അലക്‌സാണ്ടര്‍ ഇസാക്ക് (Alexander Isak), ആന്‍റണി ഗോര്‍ഡന്‍ (Anthony Gordon) എന്നിവരാണ് ന്യൂകാസിലിന് വേണ്ടി സിറ്റി വലയില്‍ പന്തെത്തിച്ചത്. ജയത്തോടെ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്ക് എത്താനും മാഞ്ചസ്റ്റര്‍ സിറ്റിക്കായി.

ലീഗില്‍ ആദ്യ 20 മത്സരം പൂര്‍ത്തിയായപ്പോള്‍ സിറ്റി സ്വന്തമാക്കിയ 13-ാമത്തെ ജയമായിരുന്നു ഇത്. നാല് സമനിലയും മൂന്ന് തോല്‍വിയും അകൗണ്ടില്‍ ഉള്ള അവര്‍ക്ക് നിലവില്‍ 43 പോയിന്‍റാണുള്ളത്. ഒന്നാം സ്ഥാനക്കാരായ ലിവര്‍പൂളിനേക്കാള്‍ രണ്ട് പോയിന്‍റ് മാത്രം പിന്നിലാണ് സിറ്റി.

  • Oscar Bobb's late winner secured all three points over Newcastle United in the Premier League 💫

    You don't want to miss the goals from this one! 👇 pic.twitter.com/pVc49SfhVI

    — Manchester City (@ManCity) January 13, 2024 " class="align-text-top noRightClick twitterSection" data=" ">

സെന്‍റ് ജെയിംസ് പാര്‍ക്കിലെ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ കളം നിറഞ്ഞ് കളിച്ചത് ന്യൂകാസില്‍ യുണൈറ്റഡ് ആയിരുന്നു. ആദ്യം ഗോള്‍ വഴങ്ങിയെങ്കിലും പിന്നീട് അധികം വൈകാതെ തന്നെ രണ്ട് എണ്ണം തിരിച്ചടിച്ച് സന്ദര്‍ശകരെ പ്രതിരോധത്തിലാക്കാന്‍ അവര്‍ക്കായി. മത്സരത്തിന്‍റെ 26-ാം മിനിറ്റിലായിരുന്നു മാഞ്ചസ്റ്റര്‍ സിറ്റി അകൗണ്ട് തുറന്നത്.

ബെര്‍ണാഡോ സില്‍വ തകര്‍പ്പന്‍ ബാക്ക് ഹീലിലൂടെയാണ് ന്യൂകാസില്‍ വലയില്‍ പന്തെത്തിച്ചത്. കെയ്‌ല്‍ വാള്‍ക്കറായിരുന്നു ഗോളിന് അസിസ്റ്റ് നല്‍കിയത്. ഗോള്‍ വഴങ്ങിയതിന് പിന്നാലെ ന്യൂകാസില്‍ ആക്രമണങ്ങള്‍ കടുപ്പിച്ചു.

ഇതിന്‍റെ ഫലം മത്സരത്തിന്‍റെ 35-ാം മിനിറ്റില്‍ തന്നെ അവര്‍ക്ക് ലഭിച്ചു. ബ്രൂണോ ഗിമാറെസ് നീട്ടി നല്‍കിയ പന്ത് പിടിച്ചെടുത്ത് സിറ്റി ബോക്‌സിനുള്ളില്‍ കടന്ന ഇസാക്ക് കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു. സമനില ഗോളിന്‍റെ ആഘോഷം കെട്ടടങ്ങും മുന്‍പ് തന്നെ ആതിഥേയര്‍ സിറ്റി വലയില്‍ വീണ്ടും പന്തെത്തിച്ചു. ഇടതുവിങ്ങിലൂടെയുള്ള നീക്കത്തിനൊടുവില്‍ ആന്‍റണി ഗോര്‍ഡന്‍ കൃത്യമായി ലക്ഷ്യം കാണുകയായിരുന്നു.

സിറ്റിയുടെ ആക്രമണങ്ങളായിരുന്നു മത്സരത്തിന്‍റെ രണ്ടാം പകുതിയില്‍. പലപ്പോഴും ഗോളിന് അടുത്ത് വരെ മാത്രമായിരുന്നു അവര്‍ക്ക് എത്താന്‍ സാധിച്ചത്. എന്നാല്‍, മത്സരത്തിന്‍റെ 69-ാം മിനിറ്റില്‍ ബെര്‍ണാഡോ സില്‍വയെ പിന്‍വലിച്ച് പെപ് ഗാര്‍ഡിയോള കെവിന്‍ ഡി ബ്രൂയിനെ കളത്തിലിറക്കിയതോടെ സിറ്റിയുടെ കളിയും മാറി.

ഗ്രൗണ്ടിലിറങ്ങി അഞ്ചാം മിനിറ്റില്‍ തന്നെ ഡി ബ്രൂയിന്‍ സിറ്റിയുടെ സമനില ഗോള്‍ നേടി. റോഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഗോള്‍ പിറന്നത്. ഇഞ്ചുറി ടൈമില്‍ ഡിബ്രൂയിന്‍ നല്‍കിയ അസിസ്റ്റില്‍ നിന്നും ഓസ്‌കര്‍ ബോബ് സിറ്റിയുടെ വിജയഗോള്‍ കണ്ടെത്തുകയായിരുന്നു.

Also Read : പ്രതിരോധക്കോട്ട പൊളിച്ച് ഓസ്‌ട്രേലിയ ; ഏഷ്യന്‍ കപ്പില്‍ പൊരുതി വീണ് ഇന്ത്യ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.