Premier League Manchester City vs West Ham : അഞ്ചില്‍ അഞ്ച് ! വെസ്റ്റ് ഹാമും വീണു, വിജയത്തേരില്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി

Premier League Manchester City vs West Ham : അഞ്ചില്‍ അഞ്ച് ! വെസ്റ്റ് ഹാമും വീണു, വിജയത്തേരില്‍ കുതിപ്പ് തുടര്‍ന്ന് മാഞ്ചസ്റ്റര്‍ സിറ്റി
Manchester City Fifth Win In Premier League 2023-24: പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്ക് തുടര്‍ച്ചയായ അഞ്ചാം ജയം. വെസ്റ്റ് ഹാം യുണൈറ്റഡിനെ സിറ്റി തോല്‍പ്പിച്ചത് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക്.
ലണ്ടന്‍ : പ്രീമിയര്‍ ലീഗില്‍ (Premier League 2023-24) വിജയക്കുതിപ്പ് തുടര്‍ന്ന് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി (Manchester City). വെസ്റ്റ്‌ഹാം (West Ham United) യുണൈറ്റഡാണ് സിറ്റിയുടെ തേരോട്ടത്തിന് മുന്നില്‍ വീണത്. വെസ്റ്റ് ഹാമിന്‍റെ തട്ടകമായ ലണ്ടന്‍ സ്റ്റേഡിയത്തിലേക്ക് (London Stadium) എത്തിയ സിറ്റി അവിടെ ആതിഥേയരെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് തകര്‍ത്തത്.
ജെറെമി ഡോകു (Jeremy Doku), ബെര്‍ണാഡോ സില്‍വ (Bernado Silva), എര്‍ലിങ് ഹാലന്‍ഡ് (Erling Haaland) എന്നിവരാണ് മത്സരത്തില്‍ സിറ്റിക്കായി ഗോള്‍ നേടിയത്. ജെയിംസ് വാര്‍ഡ് പ്രോസിന്‍റെ (James Ward Prowse) വകയായിരുന്നു വെസ്റ്റ്ഹാമിന്‍റെ ഗോള്‍. മത്സരത്തില്‍ ആദ്യം പിന്നിലായ ശേഷമായിരുന്നു സിറ്റി തിരിച്ചടിച്ച് കളിപിടിച്ചത്.
സീസണില്‍ തോല്‍വി അറിയാതെയാണ് നിലവില്‍ സിറ്റിയുടെ കുതിപ്പ്. കളിച്ച അഞ്ച് മത്സരങ്ങളിലും ജയം നേടിയ അവര്‍ 15 പോയിന്‍റോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്താണ് ഇപ്പോള്‍.
വെസ്റ്റ് ഹാമിനെതിരായ മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ നിരവധി അവസരങ്ങള്‍ സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചെങ്കിലും അതില്‍ ഒന്നും ഗോളാക്കി മാറ്റാന്‍ സിറ്റിക്കായില്ല. എന്നാല്‍, മറുവശത്ത് വെസ്റ്റ് ഹാമിന് ഒന്നാം പകുതിയില്‍ തന്നെ സിറ്റിയെ ഞെട്ടിക്കാനായി. മത്സരത്തിന്‍റെ 36-ാം മിനിട്ടിലാണ് അവര്‍ ആദ്യ ഗോള്‍ നേടിയത്.
റൈറ്റ് വിങ് ബാക്ക് താരം വ്ലാഡിമിർ കൗഫൽ (Vladimir Coufal) നല്‍കിയ പാസില്‍ നിന്നായിരുന്നു ജെയിംസ് വാര്‍ഡ് പ്രോസ് വെസ്റ്റ് ഹാമിനെ മുന്നിലെത്തിച്ചത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ സമനില പിടിക്കാന്‍ സിറ്റിക്കായിരുന്നു. 46-ാം മിനിട്ടിലാണ് സിറ്റി മത്സരത്തിലെ ആദ്യ ഗോള്‍ നേടി വെസ്റ്റ് ഹാമിനൊപ്പം എത്തിയത്.
ഈ സീസണില്‍ ടീമിലേക്ക് എത്തിയ മധ്യനിര താരം ജെറെമി ഡോകുവിന്‍റെ വകയായിരുന്നു സിറ്റിയുടെ സമനില ഗോള്‍. സിറ്റിക്കൊപ്പം താരത്തിന്‍റെ ആദ്യ ഗോള്‍ കൂടിയായിരുന്നുവിത് (Jeremy Doku First Goal For Manchester City). അരമണിക്കൂറിനിപ്പുറം ലീഡുയര്‍ത്താനും സിറ്റിക്കായി.
76-ാം മിനിട്ടില്‍ ബെര്‍ണാഡോ സില്‍വയാണ് വെസ്റ്റ് ഹാമിനെതിരെ സിറ്റിയുടെ രണ്ടാമത്തെ ഗോള്‍ നേടിയത്. ജൂലിയന്‍ അല്‍വാരസ് (Julian Alvarez) ആയിരുന്നു ഗോളിന് അസിസ്റ്റ് നല്‍കിയത്. 86-ാം മിനിട്ടില്‍ സില്‍വ നല്‍കിയ പാസില്‍ നിന്നും ഹാലന്‍ഡ് മത്സരത്തില്‍ സിറ്റിയുടെ അവസാന ഗോളും നേടുകയായിരുന്നു.
