ETV Bharat / sports

സാഫ് കപ്പ് : ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നിശ്ചയിച്ച സമയത്ത് തന്നെ, വിസ പ്രശ്‌നങ്ങള്‍ പരിഹരിച്ചു

author img

By

Published : Jun 20, 2023, 5:22 PM IST

പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീമിന്‍റെ വിസയ്‌ക്കായുള്ള നടപടികള്‍ പൂര്‍ത്തിയാക്കി ഇന്ത്യന്‍ എംബസി

India vs Pakistan  SAFF Championship  Pakistan football team  SAFF Championship 2023  ഇന്ത്യ vs പാകിസ്ഥാന്‍  സാഫ് കപ്പ്  പാകിസ്ഥാന്‍റെ വിസ പ്രശ്‌നം പരിഹരിച്ചു  ഇന്ത്യന്‍ എംബസി  Indian Embassy
സാഫ് കപ്പ്

ന്യൂഡല്‍ഹി : സൗത്ത് ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ കപ്പ് (സാഫ് കപ്പ്) ടൂര്‍ണമെന്‍റിലെ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം നിശ്ചയിച്ച സമയത്ത് തന്നെ നടക്കും. പാകിസ്ഥാന്‍ ഫുട്‌ബോള്‍ ടീം ഇന്ത്യയില്‍ എത്തുന്നത് സംബന്ധിച്ച അനിശ്ചിതത്വങ്ങള്‍ അവസാനിച്ചതോടെയാണ് ഇക്കാര്യം ഉറപ്പായത്. നാളെ ബെംഗളൂരുവിലെ ശ്രീ കണ്ഠീരവ സ്റ്റേഡിയത്തിലാണ് മത്സരം ഷെഡ്യൂള്‍ ചെയ്‌തിരിക്കുന്നത്.

വിസ പ്രോസസ്സ് ചെയ്യുന്നതിലെ കാലതാമസത്തെത്തുടർന്ന് പാകിസ്ഥാന്‍ ടീമിന്‍റെ ഇന്ത്യയിലേക്കുള്ള വരവ് അനിശ്ചിതത്വത്തിലാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ച രാത്രിയോടെ തന്നെ എല്ലാ അപേക്ഷകളും ഇന്ത്യന്‍ എംബസി തീര്‍പ്പാക്കി. ചതുര്‍രാഷ്‌ട്ര ടൂര്‍ണമെന്‍റിനായി മൗറീഷ്യസിലായിരുന്ന പാകിസ്ഥാന്‍ അവിടെ നിന്നാണ് ഇന്ത്യയിലേക്ക് വരുന്നത്.

വാരാന്ത്യത്തില്‍ ഇന്ത്യൻ എംബസി അടച്ചതാണ് പാകിസ്ഥാൻ ടീമിന്‍റെ വിസ പ്രോസസിങ്ങില്‍ കാലതാമസവും മൗറീഷ്യസിൽ നിന്നുള്ള പുറപ്പെടൽ വൈകിയതിനും പിന്നിലെ കാരണം. ദേശീയ സ്‌പോര്‍ട്‌സ് ബോര്‍ഡില്‍ നിന്ന് ഏറെ വൈകിയാണ് ഇന്ത്യയില്‍ കളിക്കാനുള്ള എന്‍ഒസി പാകിസ്ഥാന്‍ ഫുട്‌ബോള്‍ ഫെഡറേഷന് ലഭിച്ചത്. ഇതോടെ ഇന്ത്യന്‍ വിസയ്‌ക്കായുള്ള പാകിസ്ഥാന്‍ ടീമിന്‍റെ അപേക്ഷയും ഏറെ വൈകിയിരുന്നു.

"പാകിസ്ഥാൻ ഫുട്‌ബോള്‍ ടീം ഇന്ന് വൈകുന്നേരത്തോടെയോ അല്ലെങ്കില്‍ രാത്രിയോടെയോ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഷെഡ്യൂൾ പ്രകാരം ബുധനാഴ്ച വൈകീട്ട് 7.30-ന് ശ്രീ കണ്ഠീരവ സ്റ്റേഡിയത്തില്‍ മത്സരം നടക്കും. ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എഐഎഫ്എഫ്) സ്ഥിതിഗതികൾ നിരന്തരം നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്". കർണാടക സ്റ്റേറ്റ് ഫുട്ബോൾ അസോസിയേഷൻ (കെഎസ്എഫ്എ) ഉദ്യോഗസ്ഥൻ വാര്‍ത്ത ഏജന്‍സിയോട് പ്രതികരിച്ചു.

ബെംഗളൂരുവിൽ ജൂൺ 21 മുതൽ ജൂലൈ 4 വരെയാണ് സാഫ് കപ്പ് നടക്കുന്നത്. 14-ാം പതിപ്പാണ് ഇത്തവണ അരങ്ങേറുന്നത്. ഇന്ത്യയും പാകിസ്ഥാനും ഉള്‍പ്പടെ എട്ട് ടീമുകളാണ് ടൂര്‍ണമെന്‍റിന്‍റെ ഭാഗമാവുന്നത്. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളാക്കി റൗണ്ട് റോബിന്‍ ഫോര്‍മാറ്റിലാണ് ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുക.

പിന്നീട് ഓരോ ഗ്രൂപ്പിലും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ എത്തുന്ന ടീമുകളാണ് സെമി ഫൈനലിന് യോഗ്യത നേടുക. കുവൈത്ത്, നേപ്പാള്‍ എന്നീ ടീമുകളോടൊപ്പം ഗ്രൂപ്പ് എയിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും മത്സരിക്കുന്നത്.

ബംഗ്ലാദേശ്, ഭൂട്ടാന്‍, ലെബനന്‍, മാലിദ്വീപ്, എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും. സൗത്ത് ഏഷ്യയ്‌ക്ക് പുറത്തുള്ള ലെബനനെയും കുവൈറ്റിനെയും ക്ഷണിച്ചത് ടൂർണമെന്‍റ് കൂടുതൽ മത്സരാധിഷ്ഠിതമാക്കുന്നതിന്‍റെ ഭാഗമായാണെന്ന് സംഘാടകര്‍ നേരത്തെ തന്നെ പ്രതികരിച്ചിരുന്നു.

ഇന്ത്യ-പാക് പോരാട്ടം അഞ്ച് വര്‍ഷത്തിന് ശേഷം : ഫുട്‌ബോളില്‍ ഏകദേശം അഞ്ച് വർഷത്തിന് ശേഷമാണ് ഇന്ത്യ - പാക്‌ ടീമുകള്‍ പരസ്‌പരം പോരടിക്കാന്‍ എത്തുന്നത്. നേരത്തെ 2018 സെപ്റ്റംബറില്‍ നടന്ന സാഫ് കപ്പിന്‍റെ സെമിയിലായിരുന്നു ഇരു ടീമുകളും തമ്മില്‍ മത്സരിച്ചത്. അന്ന് ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പാകിസ്ഥാനെതിരെ ഇന്ത്യ വിജയം നേടിയിരുന്നു.

ഇന്ത്യയ്‌ക്ക് ആധിപത്യം : തമ്മിലുള്ള മത്സരങ്ങളില്‍ പാകിസ്ഥാന്‍ ടീമിനെതിരെ ഇന്ത്യയ്‌ക്ക് വ്യക്തമായ ആധിപത്യമുണ്ട്. ഇതേവരെ ഔദ്യോഗികമായി 20-ലധികം അന്താരാഷ്ട്ര മത്സരങ്ങളാണ് ഇന്ത്യയും പാകിസ്ഥാനും കളിച്ചിട്ടുള്ളത്. ഇതില്‍ ഒരു ഡസനിലധികം കളികളും വിജയിച്ചത് ഇന്ത്യയാണ്.

ALSO READ: 'മെസിയും അര്‍ജന്‍റീനയും വരും; വരണ്ട തരാൻ കാശില്ലെന്ന് ഇന്ത്യ'....ഫുട്‌ബോൾ ആരാധകരെ ഞെട്ടിച്ച് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ട്

സാഫ് കപ്പിന്‍റെ ചരിത്രമെടുത്താലും ഏറ്റവും കൂടുതല്‍ തവണ വിജയിച്ച ടീമും ഇന്ത്യയാണ്. എട്ട് തവണയാണ് ഇതേവരെ ഇന്ത്യ സാഫ് കപ്പ് ഉയര്‍ത്തിയിട്ടുള്ളത്. നാല് തവണ രണ്ടാം സ്ഥാനക്കാരായി. ധാക്കയിൽ 2003-ൽ നടന്ന ടൂര്‍ണമെന്‍റിന്‍റെ അഞ്ചാം പതിപ്പിൽ മാത്രമാണ് ഇന്ത്യയ്‌ക്ക് ഫൈനലില്‍ എത്താന്‍ കഴിയാതിരുന്നത്. അന്ന് മൂന്നാം സ്ഥാനത്തായിരുന്നു ടീമിന് ഫിനിഷ്‌ ചെയ്യാന്‍ സാധിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.