ETV Bharat / sports

ഇതൊരു 'ചെറിയൊരു കാര്യം'; ഒഡിഷ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ പഠനച്ചെലവ് ഏറ്റെടുത്ത് സെവാഗ്

author img

By

Published : Jun 5, 2023, 1:42 PM IST

ഒഡിഷയിലെ ബാലസോറില്‍ ഉണ്ടായ ട്രെയിന്‍ അപകടത്തില്‍ 275 മരണം സംഭവിച്ചതായാണ് ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍. അപകടത്തില്‍ മരിച്ചവരുടെ കുട്ടികള്‍ക്ക് ബോര്‍ഡിങ് സൗകര്യം ഉള്‍പ്പടെ സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് വിരേന്ദര്‍ സെവാഗ് അറിയിച്ചത്.

Etv Bharat
Etv Bharat

ന്യൂഡല്‍ഹി: ഒഡിഷയിലെ ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരേന്ദര്‍ സെവാഗ്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ട്വിറ്ററിലൂടെയാണ് സെവാഗ് ഇക്കാര്യം അറിയിച്ചത്. സെവാഗ് ഇന്‍റര്‍നാഷണല്‍ സ്‌കൂളില്‍ ബോര്‍ഡിങ് സൗകര്യത്തോടെ കുട്ടികള്‍ക്ക് സൗജന്യ വിദ്യാഭ്യാസം നല്‍കുമെന്നാണ് താരത്തിന്‍റെ പ്രഖ്യാപനം.

  • This image will haunt us for a long time.

    In this hour of grief, the least I can do is to take care of education of children of those who lost their life in this tragic accident. I offer such children free education at Sehwag International School’s boarding facility 🙏🏼 pic.twitter.com/b9DAuWEoTy

    — Virender Sehwag (@virendersehwag) June 4, 2023 " class="align-text-top noRightClick twitterSection" data=" ">

രാജ്യത്തെ നടുക്കിയ ട്രെയിന്‍ അപകടത്തിന്‍റെ ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടായിരുന്നു സെവാഗ് ഇക്കാര്യം അറിയിച്ചത്. 'ഈ ദുഃഖസമയത്ത്, ഇങ്ങനെയൊരു ദാരുണമായ അപകടത്തില്‍ ജീവന്‍ നഷ്‌ടപ്പെട്ടവരുടെ കുട്ടികളുടെ വിദ്യാഭ്യാസം സംരക്ഷിക്കുക എന്നതാണ് എനിക്ക് ചെയ്യാന്‍ കഴിയുന്ന ചെറിയൊരു കാര്യം. സെവാഗ് ഇന്റർനാഷണൽ സ്‌കൂളിന്‍റെ ബോർഡിങ് സൗകര്യത്തിൽ ഞാന്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കാന്‍ ഒരുക്കമാണ്' മുന്‍ താരം ട്വിറ്ററില്‍ കുറിച്ചു.

ബാലസോറില്‍ ജൂണ്‍ രണ്ടിന് രാത്രിയിലുണ്ടായ അപകടത്തില്‍ 275 പേര്‍ മരണപ്പെട്ടുവെന്നാണ് ഔദ്യോഗിക കണക്കുകള്‍. നേരത്തെ, അപകടം ഉണ്ടായ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരെയും പരിക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ ആശുപത്രികളില്‍ എത്തിയ സന്നദ്ധ പ്രവര്‍ത്തകരെയും പ്രകീര്‍ത്തിച്ചുകൊണ്ടും സെവാഗ് ട്വീറ്റ് രേഖപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് താരം അപകടത്തില്‍ മരിച്ചവരുടെ കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് സ്വമേധയ ഏറ്റെടുക്കുന്നുവെന്ന് അറിയിച്ചത്.

ആരാധകരും സെവാഗിന്‍റെ പ്രവര്‍ത്തിയെ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. നേരത്തെ, പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ മക്കളുടെ പഠനച്ചെലവും സെവാഗ് ഏറ്റെടുത്തിരുന്നു. 2019ല്‍ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തില്‍ നാല്‍പ്പതോളം സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. കൊല്ലപ്പെട്ട സൈനികരുടെ മക്കള്‍ക്ക് തന്‍റെ ക്രിക്കറ്റ് അക്കാദമിയില്‍ സൗജന്യ പരിശീലനത്തിന് വേണ്ട സൗകര്യങ്ങളും സെവാഗ് ഒരുക്കി നല്‍കിയിരുന്നു.

ധനസഹായം പ്രഖ്യാപിച്ച് റെയില്‍വേ മന്ത്രി: ബാലസോറിലുണ്ടായ ട്രെയിന്‍ അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് പത്ത് ലക്ഷം രൂപയുടെ ധനസഹായമാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്‌ണവ് പ്രഖ്യാപിച്ചത്. ഗുരുതര പരിക്കുകളോടെ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് രണ്ട് ലക്ഷം രൂപയും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടവര്‍ക്ക് 50,000 രൂപയും നല്‍കുമെന്നാണ് അദ്ദേഹം അറിയിച്ചത്. അപകടം നടന്നതിന്‍റെ അടുത്ത ദിവസം സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം.

അപകടത്തില്‍ മരിച്ചയാളുകളുടെ ആശ്രിതര്‍ക്ക് പ്രധാനമന്ത്രി ദുരിതാശ്വാസ ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ നല്‍കാനും തീരുമാനം ആയിരുന്നു. പരിക്കേറ്റവര്‍ക്ക് 50,000 രൂപയുമാണ് ദുരിതാശ്വാസ ഫണ്ടില്‍ നിന്നും ധനസഹായമായി നല്‍കുക.

അതേസമയം, ട്രെയിന്‍ അപകടം നടന്ന ബാലസോറില്‍ ഗതാഗതം കഴിഞ്ഞ ദിവസമാണ് പുനഃസ്ഥാപിച്ചത്. രണ്ട് ലൈനുകളിലെയും തകര്‍ന്ന ട്രാക്കുകളുടെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ട്രെയിന്‍ ഗതാഗതം പൂര്‍ണമായും പുനഃസ്ഥാപിച്ചത്. അപകടം നടന്ന് 51 മണിക്കൂറിന് ശേഷമായിരുന്നു ഇരുവശങ്ങളിലേക്കുമുള്ള ഗതാഗതം സാധരണ നിലയിലേക്കെത്തിയത്.

ട്രാക്കുകളുടെ അറ്റകൂറ്റപ്പണികള്‍ പൂര്‍ത്തിയായതിന് പിന്നാലെ ഒരു ചരക്ക് തീവണ്ടിയായിരുന്നു ആദ്യം സര്‍വീസ് നടത്തിയത്. ഈ സമയം റെയില്‍മന്ത്രി അശ്വിനി വൈഷ്‌ണവും സ്ഥലത്തുണ്ടായിരുന്നു.

More Read : കൈകൂപ്പി പ്രാർഥിച്ച് മന്ത്രി, ബാലസോറിൽ രണ്ട് പാതകളിലും ട്രെയിൻ ഗതാഗതം പുനരാരംഭിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.