ETV Bharat / sports

ബിഗ് ഫോർ മേധാവിത്വം അതിജീവിച്ച് യുവതാരങ്ങൾ, തലമുറ മാറ്റത്തിനൊരുങ്ങി പുരുഷ ടെന്നീസ്

author img

By

Published : Aug 21, 2022, 4:14 PM IST

Tennis  റോജർ ഫെഡറർ  റാഫേൽ നദാൽ  നൊവാക് ജോക്കോവിച്ച്  ആൻഡി മറെ  roger federer  rafael nadal  novak djokovic  andy murray  big four in tennis  ബിഗ് ഫോർ ടെന്നീസ്  പുരുഷ ടെന്നീസ്  mens tennis  Men Tennis for a generation change  ബിഗ് ഫോർ  tennis news  tennis news updates
ബിഗ് ഫോർ മേധാവിത്വം അതിജീവിച്ച് യുവതാരങ്ങൾ, തലമുറ മാറ്റത്തിനൊരുങ്ങി പുരുഷ ടെന്നീസ്

കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലമായി പുരുഷ ടെന്നീസ് അടക്കി ഭരിച്ചിരുന്ന ബിഗ് ഫോർ താരങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്ന ഒരുപിടി യുവതാരങ്ങൾ ആണ് സമീപകാലത്ത് ടെന്നീസ് കോർട്ടിൽ ഉദയം ചെയ്‌തത്.

ന്യൂയോർക്ക്: കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലമായി പുരുഷ ടെന്നീസ് അടക്കി ഭരിക്കുന്ന ബിഗ് ഫോറിന്‍റെ മേധാവിത്വം അവസാനിക്കുന്നുവോ..? അതിന്‍റെ സൂചനയാണ് യുഎസിലെ സിൻസിനാറ്റി ഓപ്പണിൽ നിന്നും ലഭിക്കുന്നത്. ടൂർണമെന്‍റിന്‍റെ അവസാന പതിനാറിൽ ഇടം പിടിച്ചവരുടെ പട്ടികയെടുത്താൽ ആദ്യ റാങ്കുകളിൽ വരാത്ത നിരവധി താരങ്ങളാണ് ഇടം പിടിച്ചിരുന്നത്.

യുഎസ് ഓപ്പൺ തുടങ്ങാൻ ഒരാഴ്‌ച മാത്രം ബാക്കി നിൽക്കേ, മുന്നൊരുക്കത്തിനായി മുൻനിര കളിക്കാരെല്ലാം സിൻസിനാറ്റിയിലാണ്. ടെന്നീസ് കോർട്ടുകൾ അടക്കി വാണിരുന്ന ബിഗ് ഫോർ എന്ന പേരിൽ അറിയപ്പെടുന്ന റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്, ആൻഡി മറെ എന്നിവരിൽ നദാലും, മറെയും സിൻസിനാറ്റി ഓപ്പണിൽ നിന്ന് പുറത്തായി കഴിഞ്ഞു. അമേരിക്കയുടെ കൊവിഡ് വാക്‌സിൻ നിയമം കാരണം യാത്ര ചെയ്യാൻ സാധിക്കാതെ ജോക്കോവിച്ച് പുറത്തിരുന്നപ്പോൾ 2021 വിംബിൾഡണിൽ പരിക്കേറ്റ ഫെഡററിന് ഒരു വർഷത്തിന് ശേഷവും കോർട്ടിലേക്ക് തിരികെ എത്താനായിട്ടില്ല.

ഈ ടൂർണമെന്‍റിന്‍റെ പ്രീ ക്വാർട്ടർ ലൈനപ്പ് പരിശോധിക്കുകയാണെങ്കിൽ കഴിഞ്ഞ രണ്ട്, മൂന്ന് വർഷത്തിനിടയിൽ ഉയർന്നു വന്ന താരങ്ങളിൽ ഒട്ടുമിക്കവരും ഇടം പിടിച്ചതായി കാണാം. എന്നാൽ ബിഗ് ഫോർ പട്ടികയിൽ നിന്ന് ഒരു താരവും ഇടം പിടിച്ചില്ല എന്ന് മാത്രമല്ല ഈ താരങ്ങൾക്ക് കീഴിൽ നിഴലായി കളിച്ചിരുന്ന കളിക്കാരിൽ നിന്ന് ആരും തന്നെയും അവസാന പതിനാറിൽ ഇടം പിടിച്ചില്ല.

അതുകൊണ്ട് തന്നെ ടെന്നീസ് ലോകത്തിന് ഒരു വ്യക്തമായ സൂചനയാണ് സിൻസിനാറ്റി വെസ്റ്റേൺ ആൻഡ് സതേൺ ഓപ്പൺ ടൂർണമെന്‍റ് നൽകുന്നത്. ആ നാല് പേർ കഴിഞ്ഞാൽ ആരെല്ലാം ടെന്നീസ് കോർട്ട് അടക്കി ഭരിക്കും എന്ന ചോദ്യത്തിന് ഉത്തരം നൽകാൻ സാധിക്കുന്ന പേരുകളാണ് ഇപ്പോൾ അവിടെ ഉയർന്ന് കേൾക്കുന്നത്. ടെന്നീസ് കോർട്ടിലെ തലമുറ മാറ്റം സംഭവിക്കുന്ന കാഴ്‌ചയിലൂടെയാണ് നാം ഇപ്പോൾ കടന്ന് പോയി കൊണ്ടിരിക്കുന്നത്. ഈ പട്ടികയിൽ ഉൾപ്പെട്ട എല്ലാവരും ചെറുപ്പമാണെന്നു മാത്രമല്ല, അതിസുന്ദരമായ ടെന്നീസ് പുറത്തെടുക്കുന്നതിലും മിടുക്കരാണ്.

നിലവിലെ ലോക ഒന്നാം നമ്പർ ഡാനിൽ മെദ്‌വദേവ്, സമീപകാലത്ത് ടെന്നീസിൽ അട്ടിമറികൾ ശീലമാക്കിയ യുവ സ്‌പാനിഷ് താരം കാർലോസ് അൽകാരസ്, ബ്രിട്ടീഷ് താരം കാമറോൺ നോറി, ഗ്രീസ് താരം സ്റ്റെഫാനോസ് സിറ്റ്‌സിപാസ്, ജോൺ ഇസ്‌നർ തുടങ്ങിയ താരങ്ങളാണ് അവസാന 16 ൽ ഇടം പിടിച്ചിരുന്നത്. ഇതിൽ തന്നെ ഡാനിൽ മെദ്‌വദേവ്, കാമറോൺ നോറി, സിറ്റ്‌സിപാസ്, കോറിച് എന്നിവരാണ് അവസാന നാലിൽ ഇടം പിടിച്ചിരിക്കുന്നത്.

ബിഗ് ഫോറിന്‍റെ മേധാവിത്വം അതിജീവിച്ച് ടെന്നീസ് കോർട്ടിൽ വിസ്‌മയം തീർക്കുന്ന യുവതാരങ്ങൾക്ക് ടെന്നീസ് ലോകത്തിന്‍റെ ബഹുമാനം എളുപ്പത്തിൽ പിടിച്ചുവാങ്ങാനാകില്ല. പക്ഷെ ഈ യുവ നിരയ്‌ക്ക്‌ ആദരവ് നേടിയെടുക്കണമെങ്കിൽ ഇതിഹാസ താരങ്ങളെ പോലെ നിശ്ചയദാർഢ്യവും, അച്ചടക്കവും, സമർപ്പണവും കാണിക്കണം. എങ്കിൽ മാത്രമെ ടെന്നീസിന്‍റെ ചരിത്ര പുസ്‌തകതാളുകളിൽ തങ്കലിപികളാൽ തങ്ങളുടെ പേരും എഴുതിച്ചേർക്കാനാകൂ..

ടെന്നീസിലെ താരതമ്പുരാക്കൻമാർ; കഴിഞ്ഞ രണ്ട് ദശാബ്‌ദക്കാലമായി പുരുഷ ടെന്നീസ് സിംഗിൾസിൽ രാജാക്കൻമാരാണ് റോജർ ഫെഡറർ, റാഫേൽ നദാൽ, നൊവാക് ജോക്കോവിച്ച്. ഇത്തവണത്തെ വിംബിൾഡൺ അടക്കം അവസാന 73 ഗ്രാൻഡ്‌ സ്ലാം ടൂർണമെന്‍റുകളിൽ 72ലും ഇവരിൽ ഒരാളെങ്കിലും അവസാന നാലിൽ വന്നിട്ടുണ്ട്. അതിൽ തന്നെ പത്തെണ്ണത്തിൽ ഒഴികെ ബാക്കി 63 എണ്ണത്തിലും കിരീടവും ഈ ബിഗ് ത്രീക്ക് തന്നെയാണ്. ബ്രീട്ടീഷ്‌ താരം ആൻഡി മറെയാണ് ഒരു ചെറിയ കാലയളവിലേക്കെങ്കിലും ബിഗ് ത്രീയെ ശരിക്കുമൊന്ന് ചലഞ്ച് ചെയ്‌തത്. അതുകൊണ്ട് തന്നെയാണ് ആൻഡി മറെ ബിഗ് ഫോർ പട്ടികയിൽ ഇടം നേടിയത്.

2021 വിബിൾഡണിൽ ക്വാർട്ടർ ഫൈനലിൽ പുറത്തായതിന് ശേഷം ഫെഡറർ കളത്തിലിറങ്ങിയിട്ടില്ല. പരിക്ക് കാരണമാണ് താരം കളത്തിൽ നിന്നും വിട്ടു നിൽക്കുന്നത്. ഇതിന് പിന്നാലെ തന്‍റെ 25 വർഷത്തെ കരിയറിലാദ്യമായി എടിപി റാങ്കിങ്ങില്‍ നിന്ന് പുറത്തായിരുന്നു. കരിയറിൽ 20 ഗ്രാന്‍റ് സ്ലാം കിരീടങ്ങൾ നേടിയ ഫെഡറർ വിംബിൾഡണിൽ എട്ട് കിരീടവുമായി കൂടുതൽ കിരീടം നേടിയ പുരുഷ താരമെന്ന നേട്ടത്തിനും അർഹനാണ്.

അതോടൊപ്പം തന്നെ കൊവിഡ് വാക്‌സിൻ സ്വീകരിക്കാത്ത കാരണം ചൂണ്ടിക്കാട്ടി നൊവാക് ജോക്കോവിച്ചിന് യുഎസ് ഓപ്പണിൽ പങ്കെടുക്കുന്നതിന് വിലക്കുണ്ട്. കഴിഞ്ഞ വർഷം ഇതേ കാരണം ചൂണ്ടിക്കാട്ടി ഓസ്‌ട്രേലിയൻ ഓപ്പണിന് എത്തിയപ്പോഴും താരത്തെ അധികൃതർ മടക്കി അയച്ചിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.