ETV Bharat / sports

Manchester United vs Copenhagen: ഹീറോ പരിവേഷത്തിൽ മഗ്വയറും ഒനാനയും; ചാമ്പ്യൻസ്‌ ലീഗിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് വിജയമധുരം

author img

By ETV Bharat Kerala Team

Published : Oct 25, 2023, 7:54 AM IST

Manchester United defeated Copenhagen: ഹാരി മഗ്വയർ യുണൈറ്റഡിന്‍റെ വിജയ ഗോൾ നേടിയപ്പോൾ, അവസാന നിമിഷത്തിൽ പെനാൽറ്റി രക്ഷപ്പെടുത്തിയാണ് ഒനാന ടീമിനെ വീജയതീരമണച്ചത്.

UCL  Manchester United vs Copenhagen  Manchester United  Copenhagen  ഹാരി മഗ്വയർ  ഒനാന  Harry Maguire  Andre Onana  Manchester United defeated Copenhagen  UEFA Champions League  Champions League news
Manchester United defeated Copenhagen in Champions League

മാഞ്ചസ്‌റ്റർ : തുടർതോൽവികൾക്ക് ഒടുവിൽ ചാമ്പ്യൻസ്‌ ലീഗിൽ വിജയം മധുരം നുണഞ്ഞ് മാഞ്ചസ്റ്റർ യുണൈറ്റഡ്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട യുണൈറ്റഡ് ഡാനിഷ് ക്ലബായ കോപൻഹേഗനെയാണ് പരാജയപ്പെടുത്തിയത്. ഓൾഡ് ട്രഫോർഡിൽ നടന്ന മത്സരത്തിൽ ഹാരി മഗ്വയർ നേടിയ ഏക ഗോളിലാണ് ജയം. അതോടൊപ്പം തന്നെ നിർണായക മത്സരത്തിലെ അതിനിർണായക നിമിഷത്തിൽ പെനാൽറ്റി രക്ഷപ്പെടുത്തിയ ഒനാനയുടെ പ്രകടനവും വിജയത്തിൽ നിർണായകമായി (Manchester United defeated Copenhagen in UEFA Champions League).

  • An important three points on an emotional night! ✔️#MUFC || #UCL

    — Manchester United (@ManUtd) October 24, 2023 " class="align-text-top noRightClick twitterSection" data=" ">

ഗോളടിക്കാനായി റാസ്‌മസ് ഹോയ്‌ലണ്ടിനെ നിയോഗിച്ച എറിക് ടെൻഹാഗ് വിങ്ങുകളിൽ റാഷ്‌ഫോർഡിനെയും ആന്‍റണിയെയും മധ്യനിരയിൽ ബ്രൂണോ ഫെർണാണ്ടസിനൊപ്പം അമ്രബാത്തും മക്‌ടോമിനയും ആദ്യ ഇലവിനിൽ കളത്തിലെത്തി. തുടർച്ചയായി മത്സരങ്ങളിൽ പകരക്കാരുടെ നിരയിലായിരുന്ന ഹാരി മഗ്വയർ, റാഫേൽ വരാനൊപ്പം യുണൈറ്റഡിന്‍റെ പ്രതിരോധം കാക്കാനെത്തി. മറുവശത്ത് പരമ്പരാഗതമായ 4-3-3 ഫോർമേഷനിലാണ് കോപൻഹേഗൻ ഇറങ്ങിയത്.

സമീപകാലത്ത് പഴയ പ്രതാപത്തിന്‍റെ നിഴലായി മാറിയ യുണൈറ്റഡ് ഈ മത്സരത്തിലും താളം കണ്ടെത്താൻ പ്രയാസപ്പെട്ടു. എതിരാളികളുടെ മൈതാനത്ത് നിർഭയം കളിമെനഞ്ഞ കോപൻഹേഗൻ നിരന്തരമായി യുണൈറ്റഡ് പ്രതിരോധത്തിൽ വെല്ലുവിളി ഉയർത്തി. മറുവശത്ത് മികച്ച മുന്നേറ്റങ്ങൾ നടത്തുന്നതിൽ യുണൈറ്റഡ് വമ്പൻ പരാജയമായിരുന്നു.

മത്സരത്തിന്‍റെ അഞ്ചാം മിനിറ്റിൽ തന്നെ യുണൈറ്റഡ് ഗോൾ വഴങ്ങുന്നതിന്‍റെ തൊട്ടടുത്തെത്തി. യുണൈറ്റഡ് മധ്യനിരയുടെ പിഴവിൽ നിന്ന് പന്ത് പിടിച്ചെടുത്ത് ഗോൺസാൽവസ് ഉതിർത്ത ഷോട്ട് പോസ്റ്റിൽ തട്ടി പുറത്തേക്ക് പോകുകയായിരുന്നു. പിന്നാലെ മത്സരത്തിലേക്ക് തിരിച്ചെത്തിയ പ്രീമിയർ ലീഗ് വമ്പൻമാർക്ക് കോപൻഹേഗൻ പ്രതിരോധം മറികടക്കാനായില്ല. ഇതോടെ ആദ്യ പകുതി ഗോൾരഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയിൽ വരുത്തിയ മാറ്റങ്ങൾ കളിയുടെ വേഗത കൂട്ടി. സൊഫ്‌യാൻ അമ്രബാത്തിന് പകരം എറിക്‌സൺ കളത്തിലെത്തിയതോടെ യുണൈറ്റഡ് മധ്യനിരയിൽ മാറ്റങ്ങൾ പ്രകടമായി. പിന്നാലെ കളത്തിലെത്തിയ ഗർണാച്ചോ കോപൻഹേഗൻ ഗോൾമുഖത്തെത്തിയെങ്കിലും ഗോൾകീപ്പറുടെ പ്രകടനം സന്ദർശകർക്ക് രക്ഷയായി.

തുടർന്ന് 72-ാം മിനിറ്റിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മത്സരത്തിൽ ലീഡെടുത്തു.വലത് വിങ്ങിൽ നിന്നും എറിക്‌സണ്‍ നല്‍കിയ ക്രോസില്‍ നിന്നും ഹെഡറിലൂടെയാണ് ഹാരി മഗ്വയർ പന്ത് വലയിലെത്തിച്ചത്. ഒറ്റ ഗോളിന്‍റെ പിൻബലത്തിൽ യുണൈറ്റഡ് ജയമുറപ്പിച്ച നിമിഷം. എന്നാൽ ഫൈനൽ വിസിലിന് സെക്കൻഡുകൾ ബാക്കിനിൽക്കെ മക്‌ടോമിനയുടെ ഫൗളിൽ യുണൈറ്റഡ് പെനാൽറ്റി വഴങ്ങി. മത്സരത്തിലുടനീളം മികച്ച സേവുകളുമായി ഗോൾവല കാത്ത ഒനാന രക്ഷകനായി അവതരിച്ചു. ജോർദാൻ ലാർസൻ എടുത്ത പെനാൽറ്റി മികച്ച ഡൈവിലൂടെ തടഞ്ഞ ഒനാന യുണൈറ്റഡിന്‍റെ ജയമുറപ്പിച്ചു.

ഈ ജയത്തോടെ യുണൈറ്റഡ് നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി. മൂന്ന് പോയിന്‍റുമായി മാഞ്ചസ്റ്റർ മൂന്നാം സ്ഥാനത്താണ്. ബയേൺ മ്യൂണിക്, ഗലാട്ടസറെ എന്നിവരാണ് ആദ്യ രണ്ട് സ്ഥാനങ്ങളിൽ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.