ETV Bharat / sports

മലേഷ്യ ഓപ്പൺ: സിന്ധുവിനെ തോല്‍പ്പിച്ചു; കരോലിന മാരിന് മുന്നേറ്റം

author img

By

Published : Jan 11, 2023, 5:46 PM IST

Malaysia Open 2023  Malaysia Open  PV Sindhu knocked out from Malaysia Open  Carolina Marin  Carolina Marin beat PV Sindhu  PV Sindhu  മലേഷ്യ ഓപ്പൺ  പിവി സിന്ധു  കരോലിന മാരിന്‍
സിന്ധുവിനെ തോല്‍പ്പിച്ചു; കരോലിന മാരിന് മുന്നേറ്റം

മലേഷ്യ ഓപ്പൺ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റിന്‍റെ ഒന്നാം റൗണ്ടില്‍ ഇന്ത്യയുടെ പിവി സിന്ധുവിനെ കീഴടക്കി സ്‌പെയിനിന്‍റെ കരോലിന മാരിന്‍.

കോലാലംപൂര്‍: മലേഷ്യ ഓപ്പൺ സൂപ്പർ 1000 ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ നിന്നും ഇന്ത്യയുടെ പിവി സിന്ധു പുറത്ത്. വനിത സിംഗിള്‍സിലെ ആദ്യ റൗണ്ട് പോരാട്ടത്തില്‍ സ്പെയിനിന്‍റെ കരോലിന മാരിനോടാണ് സിന്ധു തോല്‍വി വഴങ്ങിയത്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് സ്‌പാനിഷ് താരം കളി പിടിച്ചത്.

ആറാം സീഡായ സിന്ധുവിനെതിരെ തുടക്കം മുതല്‍ ആധിപത്യം പുലര്‍ത്തിയ മാരിന്‍ ഒന്നാം സെറ്റ് അനായാസം സ്വന്തമാക്കി. എന്നാല്‍ രണ്ടാം സെറ്റ് പിടിച്ച് സിന്ധു ശക്തമായ തിരിച്ചുവരവ് നടത്തി. ഇതോടെ നിര്‍ണായമായ മൂന്നാം സെറ്റ് നേടിയാണ് മാരിന്‍ കളി ജയിച്ചത്.

സ്‌കോര്‍: 12-21, 21-10, 15-21. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസില്‍ സ്വർണ മെഡൽ നേടിയതിന് ശേഷം പരിക്കേറ്റ് പുറത്തായ 27കാരിയായ സിന്ധു അഞ്ചുമാസത്തിന് ശേഷമാണ് കളിക്കളത്തിലേക്ക് മടങ്ങിയെത്തിയത്.

സിന്ധുവിനെപ്പോലെ മാരിനും സമീപ വർഷങ്ങളില്‍ പരിക്കുകളോട് മല്ലിടുകയായിരുന്നു. കാൽമുട്ടിന് പരിക്കേറ്റതിനെ തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതിനെത്തുടർന്ന് താരത്തിന് ടോക്കിയോ ഒളിമ്പിക്‌സും നഷ്‌ടമായിരുന്നു. കഴിഞ്ഞ വർഷം ഏപ്രിലിലാണ് മാരിന്‍ തിരിച്ചെത്തിയത്. തുടര്‍ന്ന് യൂറോപ്യൻ ചാമ്പ്യൻഷിപ്പ് നേടുകയും ചെയ്‌തിരുന്നു.

നേര്‍ക്കുനേര്‍ പോരാട്ടങ്ങളില്‍ സിന്ധുവിനെതിരെ വ്യക്തമായ മുന്‍തൂക്കമുള്ള താരമാണ് മാരിന്‍. അവസാന മൂന്ന് എറ്റുമുട്ടലുകളിലും സിന്ധുവിനെ തോല്‍പ്പിക്കാന്‍ 29കാരിയായ മാരിന് കഴിഞ്ഞിരുന്നു. ഇതടക്കം നേരത്തെ 15 തവണ മത്സരിച്ചപ്പോഴും 10 തവണയും വിജയം നേടാന്‍ മാരിന് കഴിഞ്ഞിരുന്നു. അഞ്ച് തവണയാണ് വിജയം സിന്ധുവിനൊപ്പം നിന്നത്.

ALSO READ: മലേഷ്യ ഓപ്പൺ: 'ഇന്ത്യന്‍ ത്രില്ലറില്‍' ലക്ഷ്യയെ തോല്‍പ്പിച്ച് പ്രണോയ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.