ETV Bharat / sports

അടിയും അസിസ്റ്റുമായി മാജിക്കല്‍ മെസി, ഡബിള്‍ ഡോസിലൂടെ അന്തകനായി അല്‍വാരസ്, ക്രൊയേഷ്യയ്ക്ക് പൂട്ടിട്ട് അര്‍ജന്‍റീന ഫൈനലില്‍

author img

By

Published : Dec 14, 2022, 8:22 AM IST

Updated : Dec 14, 2022, 9:05 AM IST

18ന് ഇതേ ലുസൈല്‍ സ്റ്റേഡിയത്തില്‍, ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിലെ വിജയിയെ അര്‍ജന്‍റീന അന്തിമ പോരാട്ടത്തില്‍ എതിരിടും. എട്ടാണ്ടുകള്‍ക്കിപ്പുറമാണ് അര്‍ജന്‍റീന ഫൈനലിലെത്തുന്നത്

Argentina beat Croatia And reached World Cup final
ക്രൊയേഷ്യയ്ക്ക് പൂട്ടിട്ട് അര്‍ജന്‍റീന ഫൈനലില്‍

ദോഹ : മാന്ത്രിക ചുവടുകളുമായി കളം നിറഞ്ഞ് മെസി, അതില്‍ നിന്ന് കൊളുത്തപ്പെട്ട തീപ്പന്തമായി അല്‍വാരസ്. ആക്രമണ മൂര്‍ച്ചയ്ക്കും പ്രതിരോധക്കോട്ടയ്ക്കും വാഴ്‌ത്തപ്പെട്ട, ലൂക്ക മോഡ്രിച്ചിന്‍റെ ക്രൊയേഷ്യന്‍ പടയെ അടങ്കല്‍ പൂട്ടി അര്‍ജന്‍റീന ഫുട്ബോള്‍ വിശ്വകിരീടത്തിന്‍റെ ഫൈനലില്‍. ലോകകപ്പ് സെമിയില്‍ പരാജയം വഴങ്ങിയിട്ടില്ലെന്ന ചരിത്രാധ്യായത്തിന് അടിവരയിട്ടായിരുന്നു മെസിപ്പടയുടെ അനുപമ വിജയം.

2018 ല്‍ 3-0 ന് തകര്‍ത്തുവിട്ട ക്രൊയേഷ്യയോടുള്ള മധുരപ്രതികാരവുമായി ലയണല്‍ സ്കലോണിയുടെ കുട്ടികളുടെ വിജയം. ക്രൊയേഷ്യയെ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്താണ് മെസിപ്പട എട്ടാണ്ടുകള്‍ക്കിപ്പുറം സ്വപ്ന കിരീടത്തിന് തൊട്ടരികിലേക്ക് ചുവടെത്തിച്ചത്. 18ന് ഇതേ ലുസൈല്‍ സ്റ്റേഡിയത്തില്‍, ഫ്രാന്‍സ്-മൊറോക്കോ മത്സരത്തിലെ വിജയിയെ അര്‍ജന്‍റീന അന്തിമ പോരാട്ടത്തില്‍ എതിരിടും.

34ാം മിനിട്ടില്‍ പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച ലയണല്‍ മെസിയും 39, 69 മിനിട്ടുകളില്‍ ക്രൊയേഷ്യന്‍ ബോക്സിലേക്ക് നിറയൊഴിച്ച 22 കാരന്‍ ജൂലിയന്‍ അല്‍വാരസും ചേര്‍ന്നാണ് ടീമിനെ ഫൈനലിലേക്ക് പറത്തിയത്. 32ാം മിനിട്ടില്‍ പന്ത് കിട്ടിയ അല്‍വാരസ് പെനാല്‍റ്റി ബോക്സിലേക്ക് കുതിച്ചു. താരത്തെ തടയാന്‍ ക്രൊയേഷ്യയുടെ ദെയാന്‍ ലോവ്റന് സാധിച്ചില്ല, ഇതോടെ ഗോള്‍കീപ്പര്‍ ഡൊമിനിക് ലിവാകോവിച്ച് അല്‍വാരസിനെ ഇടിച്ചിട്ടു.

പിഴവാര്‍ന്ന ആ ഇടങ്കോലിന് അര്‍ജന്‍റീനയ്ക്ക് പെനാല്‍റ്റി കിക്ക്. ഷോട്ടെടുത്തത് സാക്ഷാല്‍ മെസി. ബ്രസീലിനും ജപ്പാനുമെതിരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്ഭുതമായ ലിവാകോവിച്ചിന് ഇവിടെ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ക്യാപ്റ്റന്‍ പന്ത് ഇടതുമൂലയിലേക്ക് അടിച്ചുകയറ്റി ലീഡെടുത്തു.

38ാം മിനിട്ടിലായിരുന്നു മറ്റൊരു വഴിത്തിരിവ്. കോര്‍ണറെടുത്ത ക്രൊയേഷ്യയ്ക്ക് പിഴച്ചു. ഷോര്‍ട്ട് കോര്‍ണര്‍ എടുത്തപ്പോള്‍ പന്ത് ക്രിസ്റ്റ്യന്‍ റൊമേറോ പിടിച്ചെടുത്ത് മെസിക്ക് നല്‍കി. പന്തുമായി കുതിച്ച മെസി ഫൗള്‍ ചെയ്യപ്പെട്ടെങ്കിലും ഭദ്രമായി അല്‍വാരസിലേക്ക് കൈമാറി. മൈതാന മധ്യത്തില്‍ നിന്ന് പന്തുമായി പോസ്റ്റിലേക്ക് അല്‍വാരസിന്‍റെ അനിഷേധ്യ കുതിപ്പ്. താരത്തിന്‍റെ മുന്നേറ്റത്തിന് തടയിടാന്‍ ശ്രമിച്ചെങ്കിലും ക്രൊയേഷ്യന്‍ പ്രതിരോധനിരയില്‍ തട്ടി പന്ത് തിരിച്ച് അല്‍വാരസിന് തന്നെ കിട്ടി. ഉയര്‍ന്ന പന്തിനെ പോസ്റ്റിലേക്ക് തട്ടിയിട്ട് അല്‍വാരസ് ഗോള്‍ പട്ടിക ഉയര്‍ത്തി.

രണ്ടിന്‍റെ ലീഡില്‍ തിരികെ ഗോള്‍ വഴങ്ങാതിരിക്കാന്‍ അര്‍ജന്‍റീന പ്രതിരോധം ശക്തമാക്കി. അതേസമയം ആക്രമണത്തിന്‍റെ മൂര്‍ച്ച രാകി മിനുക്കുകയും ചെയ്തു. 69ാം മിനിട്ടിലായിരുന്നു അര്‍ജന്‍റീനയുടെ അടുത്ത ഗോള്‍നേട്ടം. വലതുവിങ്ങില്‍ പന്ത് മെസിയുടെ കാലുകളില്‍. മാര്‍ക്ക് ചെയ്തുകൊണ്ടിരുന്ന ഗവാര്‍ഡിയോള്‍ മെസിയെ ചുറഞ്ഞുകൂടി. വിടാതെ മെസി ഗവാര്‍ഡിയോളിനെ തന്ത്രപരമായി കബളിപ്പിച്ചുകൊണ്ടിരുന്നു.

തുടര്‍ന്ന് മെസി പന്തുമായി ബൈലൈനിന് അടുത്തെത്തി. തുടര്‍ന്ന് ക്രൊയേഷ്യന്‍ ഡിഫന്‍ഡറുടെ കാലുകള്‍ക്കിടയിലൂടെ പന്ത് അല്‍വാരസിലേക്കിട്ടു. വിസ്‌മയിപ്പിക്കുന്ന അസിസ്റ്റ്. പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ട് അല്‍വാരസ് തന്‍റെ രണ്ടാംഗോളും അര്‍ജന്‍റീനയുടെ മൂന്നാമത്തേതും കുറിച്ചു. 2018 ലെ റഷ്യന്‍ ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍, എതിരില്ലാത്ത മൂന്ന് ഗോളിന് അര്‍ജന്‍റീനയെ ലൂക്ക മോഡ്രിച്ചും ടീമും തകര്‍ത്തുവിട്ടിരുന്നു. ആ കടം വീട്ടി അര്‍ജന്‍റീന, ഗ്യാലറിയില്‍ വാമോസ് വിളികളുമായി ഇളകിമറിയുന്ന അലകടല്‍ ആരാധകവൃന്ദത്തിന് നേര്‍ക്ക് വിജയ ചുംബനങ്ങളെറിഞ്ഞു.

Last Updated : Dec 14, 2022, 9:05 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.