ETV Bharat / sports

പെലെ, സമാനതകളില്ലാത്ത ഫുട്ബോള്‍ മാന്ത്രികൻ: അത്യുന്നതങ്ങളില്‍ 'ചക്രവര്‍ത്തിക്ക്' നിത്യനിദ്ര

author img

By

Published : Dec 30, 2022, 11:09 AM IST

റെയില്‍വേ സ്റ്റേഷനുകളിലും നിരത്തുകളിലും ഷൂ പോളിഷറായി എത്തിയവന്‍ പിന്നീട് ലോക ഫുട്‌ബോളിന്‍റെ ചക്രവര്‍ത്തിയായി. ബ്രസീല്‍ ടീമിനൊപ്പം മൂന്ന് തവണ കാല്‍പ്പന്ത് കളിയുടെ കനക കിരീടത്തില്‍ മുത്തമിട്ടു. ഒരുപക്ഷേ പെലെയുടെ കഥ കൂടി പറഞ്ഞാല്‍ മാത്രമെ ഫുട്‌ബോള്‍ ചരിത്രത്തിനും പൂര്‍ണത ലഭിക്കുകയുള്ളു.

pele  legend footballer pele  pele story  pele real name  pele death  pele latest news  പെലെ  പെലെ മരണവാര്‍ത്ത  പെലെ ജീവിതകഥ  പെലെയുടെ ജീവിതം  ബ്രസീല്‍  ഫുട്‌ബോള്‍
PELE SPECIAL

ലോകഫുട്‌ബോള്‍ കണ്ട ഏറ്റവും വലിയ താരം ആര് എന്ന് ചോദിച്ചാല്‍ കാല്‍പ്പന്തുകളിയെ കുറിച്ച് അറിവില്ലാത്തവര്‍ പോലും പറയുന്ന ഉത്തരം ഒന്നേയുള്ളു, അത് ബ്രസീലിയന്‍ ഇതിഹാസം പെലെ എന്നായിരിക്കും. റിയോ ഡി ജനീറോയ്‌ക്ക് സമീപം പന്ത് തട്ടി നടന്നിരുന്ന എഡ്‌സണ്‍ അരാന്‍റസ് ദൊ നാസിമെന്‍റോ എന്ന ദരിദ്രനായ ബാലന്‍ കാലാന്തരത്തില്‍ പെലയും കാല്‍പ്പന്ത് കളിയുടെ രാജാവുമായി മാറുകയായിരുന്നു. ഒരു പക്ഷേ പെലെയുടെ കഥ കൂടി പറഞ്ഞാലെ ഫുട്‌ബോള്‍ ചരിത്രത്തിന് പോലും പൂര്‍ണത ലഭിക്കൂ.

ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ ബ്രസീലിലെ മിനാസ് ഗിറെസ് എന്ന സംസ്ഥാനത്ത് 'മൂന്ന് ഹൃദയം' എന്നര്‍ഥം വരുന്ന ട്രെസ് കൊരക്കോസ് എന്നൊരു ചെറിയ പ്രദേശമുണ്ട്. അവിടെയൊരു സാധാരണ കുടുംബത്തില്‍ 1940 ഓക്‌ടോബര്‍ 23-നാണ് എഡ്‌സണ്‍ അരാന്‍റസ് ദൊ നാസിമെന്‍റോ പിറന്നുവീണത്. ഇടത്തരം പ്രൊഫഷണല്‍ ഫുട്‌ബോളറായിരുന്ന ഡോണ്‍ടിഞ്ഞോ എന്ന ജോവ റിമോസ് ദൊ നാസിമെന്‍റോയാണ് പിതാവ്. അമ്മ സെലസ്റ്റെ അരാന്‍റസ്.

ഇടതുകൈയില്‍ ഫുട്‌ബോളും വലം കൈയില്‍ ഷൂ പോളിഷും: ഫുട്‌ബോളറായ ഡോണ്‍ടിഞ്ഞോ ജീവിതം പച്ചപിടിപ്പിക്കുന്നതിനായി നഗരങ്ങളില്‍ നിന്ന് നഗരങ്ങളിലേക്ക് യാത്ര ചെയ്‌തു കൊണ്ടേയിരുന്നു. ആ യാത്രയില്‍ ഒടുവില്‍ അദ്ദേഹം അഭയം കണ്ടെത്തിയതാവെട്ടെ ബൌറുവിലും. അവിടെയുള്ള തെരുവ് വീഥികളായിരുന്നു അന്ന് ആ കൊച്ച് പയ്യന്‍റെ കളിമൈതാനം.

അവിടെ ആ കറുത്ത ബാലന്‍ പന്ത് തട്ടിയതാകട്ടെ 'ഡിക്കോ' എന്ന ഓമനപ്പേരോട് കൂടിയും. പക്ഷേ പിതാവ് പരിക്ക് മൂലം കളിയവസാനിപ്പിച്ചപ്പോള്‍ റെയില്‍വേ സ്റ്റേഷനുകളിലും നിരത്തുകളിലും ഷൂ പോളിഷുകാരനായി എത്തേണ്ടി വന്നു അവന്. എന്നിട്ടും തെരുവോരങ്ങളിലെ ടീമുകള്‍ക്കൊപ്പം പന്ത് തട്ടാന്‍ എത്തിയിരുന്നു ആ ബാലന്‍.

അവര്‍ക്കൊപ്പമുള്ള കളി തുടര്‍ന്നപ്പോളാണ് കൂട്ടുകാര്‍ ആ പയ്യന് 'പെലെ' എന്ന പേര് സമ്മാനിച്ചത്. ആ പേര് പിന്നീട് ലോകം കീഴടക്കുമെന്ന് ഒരുപക്ഷെ അവര്‍ ഒരിക്കല്‍പ്പോലും ചിന്തിച്ചിട്ടുണ്ടാകില്ല. ഒരു കൈയില്‍ ഷൂ പോളിഷും ഒരു കൈയില്‍ പന്തും പിടിച്ച് നടന്നിരുന്ന പെലയുടെ കളിമികവ് എല്ലാവരും കാണുന്നത് തന്‍റെ പതിനൊന്നാം വയസിലായിരുന്നു.

ബൌറു മേയര്‍ സ്‌പോണ്‍സര്‍ ചെയ്‌ത ബോയ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്‍റില്‍ പന്ത് തട്ടാന്‍ പെലെയ്‌ക്കും അവസരമൊരുങ്ങി. അന്ന് ആ മൈതാനം അക്ഷരാര്‍ഥത്തില്‍ സാക്ഷ്യം വഹിച്ചത് പെലെ എന്ന ഗോളടിയന്ത്രത്തിന്‍റെ പിറവി കൂടിയായിരുന്നു. പക്ഷേ ആ പതിനൊന്നുകാരനില്‍ ഒരു ഇതിഹാസം മറഞ്ഞിരിപ്പുണ്ട് എന്ന് കണ്ടെത്തിയത് പിതാവിന്‍റെ സുഹൃത്തും 1934 ലോകകപ്പില്‍ ബ്രസീല്‍ ടീം അംഗവുമായിരുന്ന വാര്‍ഡര്‍ ഡി ബ്രിട്ടോയാണ്.

അദ്ദേഹത്തിന്‍റെ നിര്‍ദേശപ്രകാരമായിരുന്നു പെലെ സാന്‍റോസ് എഫ്‌സിയിലേക്ക് എത്തുന്നത്. അങ്ങനെ 1956-ല്‍ തന്‍റെ 16ാം വയസില്‍ പെലെ ആദ്യമായി ഫുള്‍ പാന്‍റും ഷര്‍ട്ടും ഷൂസുമൊക്കെ ധരിച്ച് പ്രശസ്തമായ സാന്‍റോസ് ക്ലബ്ബില്‍ അംഗമായി. പിന്നീട് കഠിനമായ പരിശീലനങ്ങളുടെ നാളുകള്‍.

ആദ്യം പന്ത് തട്ടാന്‍ അവസരം ലഭിച്ചത് ജൂനിയര്‍ അമച്വര്‍ ടീമുകളില്‍. അവിടെ നിന്നും പ്രായം കുറഞ്ഞ പ്രൊഫഷണല്‍ ഫുട്‌ബോളറായി സാന്‍റോസിന്‍റെ മെയിന്‍ ടീമില്‍. പതിനാറാം വയസില്‍ തന്നെ ക്ലബ്ബില്‍ സ്ഥിരാംഗമായി.

പെലെയുടെ ചിറകില്‍ ലോകം കീഴടക്കിയ കാനറിപ്പട: 1956-ല്‍ കൊറിന്ത്യന്‍സിനെതിരെയായിരുന്നു സാന്‍റോസ് സീനിയര്‍ ടീമില്‍ പെലെയുടെ ആദ്യ കളി. ഒന്നിനെതിരെ ഏഴ് ഗോളിന് അന്ന് സാന്‍റോസ് ജയിച്ചു. ആ മത്സരത്തില്‍ ക്ലബ്ബിനായി പെലെ ഒരു ഗോളും നേടി.

തൊട്ടടുത്ത വര്‍ഷം തന്നെ ദേശീയ ജേഴ്‌സിയില്‍ പെലെ ആദ്യമായി കളത്തിലിറങ്ങി. ചിരവൈരികളായ അര്‍ജന്‍റീനയ്‌ക്കെതിരെയായിരുന്നു പെലെയുടെ ഐതിഹാസിക അന്താരാഷ്‌ട്ര കരിയറിന്‍റെ തുടക്കം. മാറക്കാനയിലെ ആ മത്സരം 2-1ന് അര്‍ജന്‍റീന ജയം സ്വന്തമാക്കിയെങ്കിലും ആദ്യ കളിയില്‍ തന്നെ ഗോളടിച്ച് പെലെ ഫുട്‌ബോള്‍ ലോകത്തേക്കുള്ള വരവറിയിച്ചു.

  • You won’t see a single goal in this video.

    But still 135 seconds of Pelé game will tell you why he has been the greatest ever.

    An absolutely incredible video.

    Messi+Mbappé+Cristiano Ronaldo
    =
    Pelé pic.twitter.com/Wj5C0miys8

    — Tancredi Palmeri (@tancredipalmeri) December 30, 2022 " class="align-text-top noRightClick twitterSection" data=" ">

വര്‍ഷം 1958, ലോകകപ്പിലൂടെ കരിയറിലെ ആദ്യ മേജര്‍ ടൂര്‍ണമെന്‍റിലേക്കുള്ള അരങ്ങേറ്റം. കാല്‍മുട്ടിനേറ്റ പരിക്കുമായി സ്വീഡനിലെത്തിയ പെലെ സെമിഫൈനലില്‍ ഹാട്രിക്ക് അടിച്ചാണ് ലോകത്തെ ഞെട്ടിച്ചത്. ആ മത്സരത്തിലെ ഗോളടിമികവോടെ ലോകകപ്പില്‍ ഹാട്രിക് നേടുന്ന പ്രായം കുറഞ്ഞ താരമായും ബ്രസീലിയന്‍ ഇതിഹാസം മാറി.

തുടര്‍ന്ന് സ്വീഡനെതിരായ ഫൈനലിലും ഇരട്ടഗോളുമായി പെലെ മികവ് തുടര്‍ന്നു. ആ മത്സരം 5-2ന് ജയിച്ച കാനറിപ്പട ആദ്യമായി ലോകഫുട്‌ബോളിന്‍റെ അത്യുന്നതങ്ങളിലേക്കും പറന്നുയര്‍ന്നു. ടൂര്‍ണമെന്‍റിലാകെ നാല് മത്സരങ്ങള്‍ കളിച്ച പെലെ അന്ന് ആറ് ഗോളടിച്ച് ലോകകപ്പിന്‍റെ മികച്ച യുവതാരമെന്ന നേട്ടവും സ്വന്തമാക്കി.

പിന്നീട് 12 വര്‍ഷങ്ങളില്‍ വിവിധ രാജ്യങ്ങളില്‍ നടന്ന ലോകപ്പുകളില്‍ കാലുകളില്‍ ഒളിപ്പിച്ച പെലെയുടെ മാന്ത്രികത കാണാന്‍ മൈതാനങ്ങളിലേക്ക് ആരാധകര്‍ ഒഴുകിയെത്തിക്കൊണ്ടേയിരുന്നു. 1962ല്‍ വീണ്ടും ബ്രസീല്‍ കനകകിരീടത്തില്‍ മുത്തമിട്ടപ്പോഴും പെലെ മൈതാനത്ത് കളം നിറഞ്ഞു കളിച്ചു. തുടര്‍ന്ന് 1970ലെ ലോകകിരീടം ബ്രസീല്‍ ഏറ്റുവാങ്ങുമ്പോള്‍ ടൂര്‍ണമെന്‍റിമന്‍റെ മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും കളിയാസ്വാദകരുടെ ആ കറുത്തമുത്താണ്.

ആകെ നാല് ലോകകപ്പുകളിലാണ് പെലെ ബ്രസീലിന്‍റെ മഞ്ഞ ജേഴ്‌സിയണിഞ്ഞത്. അതില്‍ മൂന്ന് തവണയും കാനറികള്‍ കനക കിരീടത്തില്‍ മുത്തമിടുകയും ചെയ്‌തിരുന്നു. ലോകകപ്പിലെ 14 മത്സരങ്ങളില്‍ നിന്നും 12 ഗോളുകളാണ് പെലെയുടെ അക്കൗണ്ടിലുള്ളത്.

1957ല്‍ ദേശീയ ടീമിനൊപ്പം ആരംഭിച്ച യാത്ര 20 വര്‍ഷത്തിനിപ്പുറം 1977ലാണ് പെലെ അവസാനിപ്പിക്കുന്നത്. ഇക്കാലമത്രയും 92 മത്സരങ്ങള്‍ കളിച്ച അദ്ദേഹം 77 ഗോളും സ്വന്തമാക്കിയാണ് മഞ്ഞപ്പടയുടെ കുപ്പായം അഴിച്ചുവെച്ചത്.

വെറും രണ്ട് ക്ലബ്ബുകള്‍ക്ക് വേണ്ടി മാത്രമേ പെലെ കളത്തിലിറങ്ങിയിട്ടുള്ള. ബ്രസീലിയന്‍ ക്ലബ്ബ് സാന്‍റോസിനൊപ്പം 1956ല്‍ തുടങ്ങിയ യാത്ര 1974ലാണ് അവസാനിച്ചത്. 1975 ല്‍ യുഎസ്‌ ക്ലബ്ബ് ന്യൂയോര്‍ക്ക് കോസ്‌മോസിനായി പന്ത് തട്ടി. 1977ല്‍ അവിടെയും കളി മതിയാക്കി.

  • Pelé's bicycle kick against the Miami Toros in 1976. In the outfield at Yankee Stadium, he scored one of the most beautiful goals in the history of American soccer. RIP, O Rei. pic.twitter.com/4J4dR8kcln

    — Pablo Iglesias Maurer (@MLSist) December 29, 2022 " class="align-text-top noRightClick twitterSection" data=" ">

നൂറ്റാണ്ടിന്‍റെ താരം: പെലെ ഫുട്‌ബോളിന്‍റെ പൂര്‍ണതയായിരുന്നു. തന്‍റെ സമര്‍പ്പണവും, ഏകാഗ്രതയും, കഠിന പ്രയത്‌നവുമെല്ലാമാണ് അദ്ദേഹത്തെ ഫുട്‌ബോള്‍ സ്മ്രാജ്യത്തിന്‍റെ ചക്രവര്‍ത്തിയാക്കി മാറ്റിയത്. സഹതാരങ്ങളില്‍ നിന്നും ലഭിക്കുന്ന പാസുകള്‍ ഇടംകാല്‍, വലം കാല്‍ വ്യത്യാസമില്ലാതെ ഗോളാക്കി മാറ്റുന്നതില്‍ അദ്ദേഹം പ്രത്യേക മികവ് പുലര്‍ത്തി.

അഞ്ചടി എട്ട് ഇഞ്ച് മാത്രം ഉയരമുള്ള പെലെ ചാടി ഉയര്‍ന്ന് പന്ത് ഹെഡ് ചെയ്‌ത് എതിര്‍ഗോള്‍ വലയിലെത്തിക്കുന്നതിലും തന്‍റെ മികവ് പ്രകടിപ്പിച്ചിരുന്നു. പന്തടക്കത്തിലെ നിയന്ത്രണവും എതിരാളികളുടെ നീക്കം മുന്‍കൂട്ടി മനസിലാക്കാനുള്ള ബുദ്ധിയുമാണ് അദ്ദേഹത്തെ കളിയാസ്വാദകരുടെ പ്രിയപ്പെട്ടവനാക്കി മാറ്റിയത്.

ഫുട്‌ബോള്‍ കരിയറിനോട് 1977ല്‍ വിട ചൊല്ലിയ പെലെ പിന്നീട് തന്‍റേതായ വ്യവസായ സാമ്രാജ്യം തന്നെ കെട്ടിയുയര്‍ത്തി. 1995ല്‍ ബ്രസീലിലെ സ്‌പോര്‍ട്‌സ് മന്ത്രിയായി. 2000ല്‍ രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി അദ്ദേഹത്തെ 'നൂറ്റാണ്ടിന്‍റെ താരമായി' തെരഞ്ഞെടുത്തു. അക്കൊല്ലം നൂറ്റാണ്ടിന്‍റെ മികച്ച ഫുട്‌ബോള്‍ താരമെന്ന ബഹുമതി നല്‍കി ഫിഫയും അദ്ദേഹത്തെ ആദരിച്ചിരുന്നു.

മറഡോണയ്‌ക്കൊപ്പം പന്ത് തട്ടാന്‍ പെലെയും യാത്രയായി: വിശ്രമ ജീവിതത്തിനിടെ 2021 സെപ്‌റ്റംബറിലായിരുന്നു പെലെയ്‌ക്ക് അര്‍ബുദം സ്ഥിരീകരിക്കുന്നത്. തുടര്‍ന്ന് വന്‍കുടലിലെ മുഴ നീക്കം ചെയ്‌തിരുന്നെങ്കിലും അദ്ദേഹം സ്ഥിരമായി ചികിത്സയിലായിരുന്നു. ഖത്തര്‍ ലോകകപ്പിന്‍റെ തുടക്കത്തിലായിരുന്നു പെലെയുടെ ആരോഗ്യനില വഷളാണെന്ന തരത്തില്‍ ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.

എന്നാല്‍ ലോകകപ്പ് ആവേശങ്ങള്‍ക്കിടെയും തിരിച്ചുവരവിന്‍റെ സൂചന അദ്ദേഹം നല്‍കിയിരുന്നു. കാല്‍പ്പന്ത് കളിയുടെ കനക കിരീടത്തില്‍ മുത്തമിട്ട ലയണല്‍ മെസിയേയും ഫൈനലില്‍ പോരാട്ടാവീര്യം പുറത്തെടുത്ത കിലിയന്‍ എംബാപ്പയേയും പെലെ മനസുതുറന്ന് അഭിനന്ദിച്ചു. പിന്നാലെ ക്രിസ്‌മസ് അവധി ആഘോഷിക്കാന്‍ അദ്ദേഹം ആശുപത്രി വിടുമെന്നുള്ള തരത്തിലും വാര്‍ത്തകള്‍ പുറത്തു വന്നു.

എന്നാല്‍ ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ആ പദ്ധതി ഉപേക്ഷിച്ച് പെലെയ്‌ക്ക് ആശുപത്രിയില്‍ തുടരേണ്ടി വന്നു. ഒടുവില്‍ ക്രിസ്‌മസ് കഴിഞ്ഞുള്ള നാലാം നാളില്‍ പെലെ ഈ ലോകത്തോട് തന്നെ വിട പറഞ്ഞു.

  • “One day, I hope we can play football together in the sky” - Pele’s message after Diego Maradona died in 2020.

    Enjoy your game, legends 🙏 pic.twitter.com/t0l88bpILD

    — GOAL (@goal) December 29, 2022 " class="align-text-top noRightClick twitterSection" data=" ">

ഫുട്‌ബോള്‍ വിസ്‌മയം ഡിയേഗോ മറഡോണ അന്തരിച്ചതിന് പിന്നാലെ ഫുട്‌ബോള്‍ ഇതിഹാസം പെലെ ഇങ്ങനെ ട്വീറ്റ് ചെയ്‌തിരുന്നു, ' എനിക്ക് നല്ലൊരു സുഹൃത്തിനെ നഷ്‌ടമായി, ലോകത്തിന് ഒരു ഇതിഹാസത്തേയും. കൂടുതല്‍ ഒന്നും പറയാനാകുന്നില്ല. ഒരു ദിവസം നമുക്ക് ആകാശത്ത് ഒരുമിച്ച് പന്ത് തട്ടാം...' രണ്ടുവര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് പെലെ പറഞ്ഞത് യാഥാര്‍ഥ്യമായി. പ്രിയ സുഹൃത്തിനൊപ്പം പന്ത് തട്ടാന്‍ ബ്രസീലിയന്‍ ഇതിഹാസവും യാത്രയായി...

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.