ETV Bharat / sports

അലാവെസിന്‍റെ പ്രതിരോധപ്പൂട്ട് പൊളിച്ച് ലൂക്കാസ് വാസ്ക്വസ്, ലാ ലിഗയില്‍ വീണ്ടും ടേബിള്‍ ടോപ്പര്‍മാരായി റയല്‍ മാഡ്രിഡ്

author img

By ETV Bharat Kerala Team

Published : Dec 22, 2023, 7:43 AM IST

La Liga  Alaves vs Real Madrid  Alaves vs Real Madrid Match Result  Lucas Vazquez  La Liga Points Table  Lucas Vazquez Goal Against Alaves  Real Madrid vs Alaves Goals  സ്‌പാനിഷ് ലാ ലിഗ  റയല്‍ മാഡ്രിഡ് അലാവെസ്  റയല്‍ മാഡ്രിഡ് ഗോള്‍
Alaves vs Real Madrid

Alaves vs Real Madrid : ലാ ലിഗ ഫുട്‌ബോളില്‍ അലാവെസിനെതിരെ റയല്‍ മാഡ്രിഡിന് ജയം. ഇതോടെ റയല്‍ പോയിന്‍റ് പട്ടികയില്‍ ജിറോണയെ മറികടന്ന് ഒന്നാം സ്ഥാനത്ത്.

മാഡ്രിഡ് : സ്‌പാനിഷ് ലാ ലിഗ (La Liga) ഫുട്‌ബോളില്‍ വിജയത്തേരില്‍ കുതിപ്പ് തുടര്‍ന്ന് റയല്‍ മാഡ്രിഡ് (Real Madrid). സീസണിലെ 18-ാം മത്സരത്തില്‍ പോയിന്‍റ് പട്ടികയിലെ 16-ാം സ്ഥാനക്കാരായ അലാവെസിനെയാണ് (Alaves) റയല്‍ തകര്‍ത്തത്. അലാവെസിന്‍റെ തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു റയലിന്‍റെ ജയം (Alaves vs Real Madrid Match Result).

ലൂക്കാസ് വാസ്ക്വസിന്‍റെ (Lucas Vazquez) ഗോളാണ് മത്സരത്തില്‍ റയലിന് ജയമൊരുക്കി നല്‍കിയത്. രണ്ടാം പകുതിയുടെ ഭൂരിഭാഗം സമയവും 10 പേരുമായി കളിച്ച വൈറ്റ്‌സിനായി ഇഞ്ചുറി ടൈമിലായിരുന്നു വാസക്വസ് ഗോള്‍ നേടിയത്. ജയത്തോടെ, പോയിന്‍റ് പട്ടികയില്‍ ജിറോണയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനും റയലിനായി.

18 മത്സരം പൂര്‍ത്തിയായപ്പോള്‍ 14 ജയവും മൂന്ന് സമനിലയും ഉള്‍പ്പടെ 45 പോയിന്‍റാണ് റയലിനും ജിറോണയ്‌ക്കുമുള്ളത്. ഗോള്‍ വ്യത്യാസത്തിലാണ് റയല്‍ പോയിന്‍റ് പട്ടികയില്‍ ഒന്നാമത് എത്തിയത്. സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണയാണ് നിലവില്‍ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത് (La Liga Points Table).

അലാവെസിന്‍റെ മെന്‍ഡിസൊറോസ സ്റ്റേഡിയത്തില്‍ ആദ്യ വിസില്‍ മുതല്‍ തന്നെ ആധിപത്യം സ്ഥാപിക്കാന്‍ റയലിനായി. രണ്ടാം മിനിറ്റില്‍ ബ്രഹിം ഡയസ് നടത്തിയ ഗോള്‍ ശ്രമം ഗോള്‍കീപ്പര്‍ അന്‍റോണിയോ സിവേറ രക്ഷപ്പെടുത്തി. പിന്നാലെ 9-ാം മിനിറ്റില്‍ അലാവെസിന്‍റെ മുന്നേറ്റം റയല്‍ ബോക്‌സില്‍ ബ്ലോക്ക് ചെയ്യപ്പെട്ടു.

ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച അവസരങ്ങള്‍ സൃഷ്‌ടിച്ചെങ്കിലും ഗോള്‍ മാത്രം അകന്നുനിന്നു. രണ്ടാം പകുതിയില്‍ 52-ാം മിനിറ്റില്‍ അലാവെസ് മുന്നേറ്റനിര താരം സമു ഒമൊറോഡിയനെ ഫൗള്‍ ചെയ്‌തതിന് റയല്‍ പ്രതിരോധനിര താരം നാച്ചോ ഫെര്‍ണാണ്ടസിന് ആദ്യ മഞ്ഞക്കാര്‍ഡ് ലഭിച്ചു.

പിന്നാലെ, വാര്‍ പരിശോധന. ഇതോടെ, റഫറി വീണ്ടും മഞ്ഞക്കാര്‍ഡ് പുറത്തെടുത്തു. രണ്ട് മഞ്ഞക്കാര്‍ഡ് കണ്ട നാച്ചോ കളത്തിന് പുറത്തേക്ക്.

10 പേരായി ചുരുങ്ങിയെങ്കിലും അലാവെസിന്‍റെ ഗോള്‍മുഖത്തേക്ക് റയല്‍ തുടര്‍ച്ചയായി ആക്രമണം നടത്തിക്കൊണ്ടേയിരുന്നു. എന്നാല്‍, ഗോള്‍ മാത്രം അവരില്‍ നിന്നും അകന്നുനിന്നു. ഒടുവില്‍ ഇഞ്ചുറി ടൈമിലാണ് ടീം കാത്തിരുന്ന ഗോള്‍ പിറന്നത്. 92-ാം മിനിറ്റില്‍ ടോണി ക്രൂസിന്‍റെ കോര്‍ണര്‍ കിക്ക് ലൂക്കാസ് വാസ്‌ക്വസ് ഹെഡ് ചെയ്‌ത് അലാവെസ് വലയിലെത്തിക്കുകയായിരുന്നു.

Also Read : സെര്‍ജി റോബെര്‍ട്ടോയുടെ ഇരട്ടഗോള്‍ ; അവസാന സ്ഥാനക്കാര്‍ക്കെതിരെ 'കഷ്‌ടിച്ച് ജയിച്ച്' ബാഴ്‌സലോണ

അതേസമയം, ലാ ലിഗയിലെ മറ്റൊരു മത്സരത്തില്‍ ജിറോണ റയല്‍ ബെറ്റിസിനോട് സമനില വഴങ്ങി. മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ അടിച്ചാണ് പിരിഞ്ഞത്. ജിറോണയുടെ ഈ സമനിലയാണ് റയലിനെ അലാവെസിനെതിരായ ജയത്തോടെ പോയിന്‍റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.