ദോഹ : ലോകകപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ മൂന്നാം കിരീടം തേടിയാണ് ഫ്രാന്‍സും അര്‍ജന്‍റീനയും പോരടിക്കാന്‍ ഇറങ്ങുന്നത്. ഇതില്‍ കിരീടം നിലര്‍ത്തുക എന്ന ലക്ഷ്യത്തോട ഫ്രഞ്ച് പടയിറങ്ങുമ്പോള്‍ കനകകിരീടം നേടി മടങ്ങാനാകും മെസിയും സംഘവും ശ്രമിക്കുക. ഞായര്‍ (ഡിസംബര്‍ 18) രാത്രി ഇന്ത്യന്‍ സമയം 8:30 മുതല്‍ ലുസൈല്‍ സ്റ്റേഡിയത്തിലാണ് ഖത്തര്‍ ലോകകപ്പിലെ കലാശക്കളി.
ഫ്രാന്‍സിന് ഇത് തുടര്‍ച്ചയായ രണ്ടാം ഫൈനലാണ്. 2018ല്‍ റഷ്യയില്‍ നടന്ന ലോകകപ്പില്‍ ക്രൊയേഷ്യയെ തകര്‍ത്തായിരുന്നു ടീം കിരീടം ഉയര്‍ത്തിയത്. കിരീടം നിലനിര്‍ത്താനിറങ്ങുമ്പോള്‍ ഫൈനലില്‍ കഠിനമായ ഒരു മത്സരമാണ് പ്രതീക്ഷിക്കുന്നതെന്ന് ഫ്രഞ്ച് നായകനും ഗോള്‍ കീപ്പറുമായ ഹ്യൂഗോ ലോറിസ്.
'അവര്‍ മികച്ച ഒരു ടീമാണ്. എത്രത്തോളം മത്സരബുദ്ധിയുള്ളവരാണ് തങ്ങളെന്ന് അര്‍ജന്‍റീന തെളിയിച്ചു. ഫുട്ബോൾ ചരിത്രത്തിൽ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു കളിക്കാരൻ അവർക്കുണ്ട്'
ഫൈനലില്‍ മികച്ച ഒരു പോരാട്ടമാണ് പ്രതീക്ഷിക്കുന്നത്. കാര്യങ്ങള്‍ അനുകൂലമാക്കി മാറ്റാന്‍ ഞങ്ങള്‍ ശ്രമിക്കും' - മൊറോക്കോയ്‌ക്കെതിരായ സെമി ഫൈനല്‍ പോരാട്ടത്തിന് ശേഷം ലോറിസ് പറഞ്ഞു.
സെമി ഫൈനലിലെ വിജയത്തില്‍ സംതൃപ്‌തനാണെന്നും അദ്ദേഹം വ്യക്തമാക്കി. 'മത്സരത്തില്‍ ഞങ്ങള്‍ ഏറെ കഷ്‌ടപ്പെട്ടിരുന്നു. എന്നാലും ഫ്രാന്‍സിനായി പുതുചരിത്രം സൃഷ്‌ടിക്കാനുള്ള സുവര്‍ണാവസരം ഞങ്ങള്‍ക്ക് ലഭിച്ചു.
നാല് വര്‍ഷത്തിനിടെയുള്ള രണ്ടാമത്തെ ഫൈനലാണിത്. എല്ലാം തികഞ്ഞു എന്ന് പറയാന്‍ സാധിക്കില്ല. ഫൈനലില്‍ ശക്തമായൊരു പോരാട്ടം കാഴ്‌ചവെയ്‌ക്കുകയാണ് ഞങ്ങളുടെ ലക്ഷ്യം' - ലോറിസ് കൂട്ടിച്ചേര്‍ത്തു.
Also Read: മൊറോക്കന്‍ വീരഗാഥയ്‌ക്ക് അന്ത്യം കുറിച്ച് ഫ്രഞ്ച് പട ; ആഫ്രിക്കന്‍ സംഘത്തെ തകര്‍ത്തെറിഞ്ഞ് ഫൈനലില്‍
ലോകകപ്പ് രണ്ടാം സെമിഫൈനലില്‍ എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സ് മൊറോക്കോയെ തകര്‍ത്തത്. അഞ്ചാം മിനിട്ടില്‍ തിയോ ഹെര്‍ണാണ്ടസും എഴുപത്തിയൊന്‍പതാം മിനിട്ടില്‍ റാന്‍ഡല്‍ കൊലോ മുവാനിയും നേടിയ ഗോളുകളിലാണ് ഫ്രഞ്ച് പട തുടര്‍ച്ചയായ രണ്ടാം ഫൈനല്‍ ഉറപ്പിച്ചത്.