ETV Bharat / sports

കളി പോളണ്ടിനോട് വേണ്ട ; കളം നിറഞ്ഞ് ലെവൻഡോവ്സ്‌കി, പോളണ്ടിന് മുന്നിൽ വീണ് സൗദി അറേബ്യ

author img

By

Published : Nov 26, 2022, 9:35 PM IST

FIFA World Cup 2022  ഫിഫ ലോകകപ്പ് 2022  ഖത്തർ ലോകകപ്പ്  Qatar World Cup  സൗദി അറേബ്യക്ക് പോളണ്ടിന് മുന്നിൽ അടിതെറ്റി  സൗദി അറേബ്യയെ കീഴടക്കി പോളണ്ട്  Poland vs Saudi Arabia  Poland beat Saudi Arabia  FIFA World Cup 2022 Poland beat Saudi Arabia  റോബർട്ട് ലെവൻഡോവസ്‌കി  സൗദി അറേബ്യക്ക് തോൽവി  Robert Lewandowski  സൗദി അറേബ്യ  പോളണ്ട്  പോളണ്ടിന് മുന്നിൽ വീണ് സൗദി അറേബ്യ  കളി പോളണ്ടിനോട് വേണ്ട  കളം നിറഞ്ഞ് ലെവൻഡോവസ്‌കി
'കളി പോളണ്ടിനോട് വേണ്ട'; കളം നിറഞ്ഞ് ലെവൻഡോവസ്‌കി, പോളണ്ടിന് മുന്നിൽ വീണ് സൗദി അറേബ്യ

പിയോറ്റർ സെലിൻസ്‌കി, റോബർട്ട് ലെവൻഡോവ്സ്‌കി എന്നിവരാണ് പോളണ്ടിനായി ഗോളുകൾ നേടിയത്

ഖത്തർ : ഫിഫ ലോകകപ്പിൽ അർജന്‍റീനയ്‌ക്കെതിരെ അട്ടിമറി വിജയം നേടിയ സൗദി അറേബ്യക്ക് പോളണ്ടിന് മുന്നിൽ അടിതെറ്റി. വീണുകിട്ടിയ പെനാൽറ്റിയും, ഗോളെന്നുറപ്പിച്ച നിരവധി അവസരങ്ങളും കളഞ്ഞ് കുളിച്ച് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് സൗദി തോൽവി വഴങ്ങിയത്. പോളണ്ടിനായി പിയോറ്റർ സെലിൻസ്‌കി ആദ്യ ഗോൾ നേടിയപ്പോൾ പ്രതിരോധ നിരയിലെ പിഴവ് മുതലെടുത്ത് റോബർട്ട് ലെവൻഡോവ്സ്‌കിയാണ് രണ്ടാം ഗോൾ സ്വന്തമാക്കിയത്.

മത്സരത്തിന്‍റെ മുഴുവൻ മേഖലകളിലും സൗദി അറേബ്യക്കായിരുന്നു ആധിപത്യം. പക്ഷേ ഗോൾ നേടാൻ മാത്രം ടീം മറന്നുപോയി. തുടക്കം മുതൽ ആക്രമണത്തോടെ മികച്ച ഒത്തൊരുമയോടെയാണ് സൗദി പന്ത് തട്ടിയത്. പല ഘട്ടങ്ങളിലും പോളണ്ടിനെ ഞെട്ടിച്ച തകർപ്പൻ മുന്നേറ്റങ്ങളുമുണ്ടായി. എന്നാൽ 39-ാം മിനിട്ടിൽ പോളണ്ട് ആദ്യ വെടി പൊട്ടിച്ചു. ലെവൻഡോവ്‌സ്‌കിയുടെ അസിസ്റ്റിലൂടെ പിയോറ്റർ സെലിൻസ്‌കിയുടെ തകർപ്പൻ ഗോൾ.

കളഞ്ഞ് കുളിച്ച പെനാൽറ്റി: മറുപടി ഗോളിനായുള്ള അവസരം 44-ാം മിനിറ്റിൽ പെനാൽറ്റിയുടെ രൂപത്തിൽ സൗദിക്ക് ലഭിച്ചു. സൗദി താരം അൽ ഷെഹ്‌രിയെ പോളിഷ് താരം ക്രിസ്റ്റ്യൻ ബെയ്‌ലിക് ഫൗൾ ചെയ്‌തതിന് റഫറി പെനാൽറ്റി അനുവദിക്കുകയായിരുന്നു. എന്നാൽ അൽ ദാവരിയുടെ ഷോട്ട് പോളിഷ് ഗോളി വോജെപ് സെസ്‌നി തടഞ്ഞിട്ടു. റീബൗണ്ട് ശ്രമവും പോളണ്ട് ഗോളി മനോഹരമായി തട്ടിയകറ്റി. സൗദി ആരാധകർ തലയിൽ കൈവച്ച നിമിഷങ്ങൾ.

രണ്ടാം പകുതിയിലും മറുപടി ഗോളിനായി ആക്രമണത്തോടെയാണ് സൗദി പന്തുതട്ടിയത്. രണ്ടാം പകുതിയുടെ ആദ്യ 15 മിനിട്ടിൽ തന്നെ നിരവധി ഗോളവസരങ്ങൾ സൃഷ്‌ടിക്കാൻ സൗദിക്കായി. 56-ാം മിനിറ്റില്‍ രണ്ടാം പകുതിയിലെ ആദ്യ അവസരവും സൃഷ്‌ടിച്ചു. ബോക്‌സിനകത്തെ കൂട്ടപ്പൊരിച്ചിലിനിടെ അല്‍ ദോസാറി പായിച്ച ഷോട്ട് ഷെസ്‌നി കാലുകള്‍കൊണ്ട് തട്ടിയകറ്റി. 60-ാം മിനിറ്റില്‍ ദോസാറി നല്‍കിയ ക്രോസ് അല്‍ ബിറകന്‍ ക്രോസ് ബാറിന് മുകളിലൂടെ പായിച്ചു.

വലിയ പിഴവ് : 78-ാം മിനിറ്റില്‍ ബോക്‌സിന് പുറത്തുനിന്ന് അല്‍ മാലിക് പായിച്ച ഷോട്ട് പോസ്റ്റിനരികിലൂടെ പുറത്തേക്ക് പോയി. പിന്നീട് സമനില ഗോളിലേക്ക് മാത്രം ശ്രദ്ധ ചെലുത്തിയതോടെ സൗദിയുടെ പ്രതിരോധത്തിലെ പിഴവ് പോളണ്ട് മുതലെടുത്തു. സൗദി താരം അൽ മാലിക്കിയുടെ ഗോൾ പോസ്റ്റിന് മുന്നിലെ വലിയ പിഴവ് മുതലെടുത്ത ലെവൻഡോവ്‌സ്‌കി ഗോൾ കീപ്പറെ കബളിപ്പിച്ച് മനോഹരമായി പന്ത് വലയ്‌ക്കുള്ളിലെത്തിക്കുകയായിരുന്നു.

ALSO READ: ടുണീഷ്യയെ തലകൊണ്ട് അടിച്ചിട്ട് മിച്ചൽ ഡ്യൂക്ക് ; ഓസ്‌ട്രേലിയക്ക് ആദ്യ ജയം

ഫിഫ ലോകകപ്പിൽ ലെവൻഡോവ്‌സ്‌കിയുടെ ആദ്യ ഗോൾ ആയിരുന്നു ഇത്. ജയത്തോടെ രണ്ട് മത്സരങ്ങളിൽ നിന്ന് ഒരു ജയവും ഒരു സമനിലയും ഉൾപ്പടെ നാല് പോയിന്‍റുമായി പോളണ്ട് ഗ്രൂപ്പ് സി യിൽ ഒന്നാം സ്ഥാനത്തേക്കെത്തി. ഒരു ജയവും ഒരു തോൽവിയുമുള്ള സൗദി അറേബ്യ മൂന്ന് പോയിന്‍റുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ്. ഒരു പോയിന്‍റുമായി മെക്‌സിക്കോ മൂന്നാം സ്ഥാനത്തും പോയിന്‍റില്ലാതെ അർജന്‍റീന നാലാം സ്ഥാനത്തും തുടരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.