ETV Bharat / sports

'വീഴ്‌ചയില്‍ നിന്ന് ഒന്നിച്ചെഴുന്നേല്‍ക്കണം'; മെക്‌സിക്കോയ്‌ക്കെതിരെ വിജയം മാത്രം ലക്ഷ്യമെന്ന് ലയണല്‍ സ്‌കലോണി

author img

By

Published : Nov 26, 2022, 5:41 PM IST

മെക്‌സിക്കോയ്‌ക്ക് എതിരായ മത്സരം വിജയിക്കാന്‍ തങ്ങളുടെ ഏറ്റവും മികച്ചത് കളിക്കളത്തില്‍ നല്‍കണമെന്ന് യുവതാരങ്ങള്‍ക്ക് വരെ അറിയാമെന്ന് അര്‍ജന്‍റീനയുടെ പരിശീലകന്‍ ലയണല്‍ സ്‌കലോണി

FIFA world cup 2022  Argentina manager lionel scaloni  lionel scaloni on messi s injury  Lionel Messi  Argentina vs mexico  Qatar world cup  Lionel Messi injury updates  ലയണല്‍ സ്‌കലോണി  ലയണല്‍ മെസി  അര്‍ജന്‍റീന vs മെക്‌സിക്കോ  ഖത്തര്‍ ലോകകപ്പ്
'വീഴ്‌ചയില്‍ നിന്നും ഒന്നിച്ചെഴുന്നേല്‍ക്കണം'; മെക്‌സിക്കോയ്‌ക്കെതിരെ വിജയം മാത്രം ലക്ഷ്യമെന്ന് ലയണല്‍ സ്‌കലോണി

ദോഹ: അര്‍ജന്‍റൈന്‍ നായകന്‍ ലയണല്‍ മെസിക്ക് ഫിറ്റ്‌നസ്‌ പ്രശ്‌നങ്ങളില്ലെന്ന് പരിശീലകന്‍ ലയണല്‍ സ്‌കലോണി. ഗ്രൂപ്പ് സിയില്‍ ഇന്ന് മെക്‌സിക്കോയ്‌ക്കെതിരെ ജീവന്‍ മരണ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുന്നോടിയായാണ് അര്‍ജന്‍റൈന്‍ പരിശീലകന്‍ അരാധകരുടെ ആശങ്ക അകറ്റിയത്. മെസിക്ക് ഫിറ്റ്‌നസ്‌ പ്രശ്‌നങ്ങളുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു.

"ടീമിലെ മറ്റ് അംഗങ്ങളെപ്പോലെ ലിയോയും സുഖമായിരിക്കുന്നു. ഞങ്ങള്‍ക്ക് മുന്നിലുള്ളത് ഏറെ നിര്‍ണായകമായ ഒരു മത്സരമാണ്. അത് വിജയിക്കാനായി തങ്ങളുടെ ഏറ്റവും മികച്ചത് കളിക്കളത്തില്‍ നല്‍കണമെന്ന് യുവതാരങ്ങള്‍ക്ക് വരെ അറിയാം. എല്ലാം ഞങ്ങളുടെ കൈകളിലാണ്. അതിനാലാണ് ഞങ്ങള്‍ക്ക് കളിക്കളത്തില്‍ എല്ലാം നല്‍കേണ്ടി വരുന്നത്" - സ്‌കലോണി പറഞ്ഞു.

"അപ്രതീക്ഷിതമായ വീഴ്‌ചയില്‍ നിന്ന് ഞങ്ങള്‍ക്ക് ഒരുമിച്ച് എഴുന്നേല്‍ക്കേണ്ടതായുണ്ട്. ഇനി വരാനിരിക്കുന്ന മത്സരത്തിലേക്ക് ശ്രദ്ധ കൊടുക്കണം. അതുമാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുന്നത്. ഒരുപാടുനാൾ നമുക്ക് എല്ലാം മികച്ചതായിരുന്നു. പ്രതിസന്ധി ഘട്ടങ്ങളിൽ എല്ലാവരുടേയും പിന്തുണ ഞങ്ങള്‍ക്ക് വേണം" - അര്‍ജന്‍റൈന്‍ പരിശീലകന്‍ വ്യക്തമാക്കി.

മെക്‌സിക്കോയ്‌ക്കെതിരായ മത്സരത്തിന് മുന്നോടിയായി മെസിയടക്കമുള്ള അര്‍ജന്‍റൈന്‍ താരങ്ങള്‍ പരിശീലനത്തിനിറങ്ങിയിരുന്നു. ലുസൈൽ സ്റ്റേഡിയത്തിൽ ഇന്ന് അര്‍ധ രാത്രി 12.30ലാണ് അര്‍ജന്‍റീന vs മെക്‌സിക്കോ മത്സരം നടക്കുക. ആദ്യ മത്സരത്തില്‍ സൗദി അറേബ്യയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയ മെസിപ്പടയ്‌ക്ക് പ്രീക്വാര്‍ട്ടര്‍ പ്രതീക്ഷ നിലനിര്‍ത്താൻ ജയം അനിവാര്യമാണ്.

36 മത്സരങ്ങളിലെ അപരാജിത കുതിപ്പുമായെത്തിയ അര്‍ജന്‍റീനയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സൗദി അട്ടിമറിച്ചത്. ആദ്യപകുതിയില്‍ ഒരു ഗോളിന് മുന്നിലെത്തിയ അര്‍ജന്‍റീനയ്‌ക്കെതിരെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ തിരിച്ചടിച്ചാണ് സൗദി വിജയം ഉറപ്പിച്ചത്.

Also read: അര്‍ജന്‍റീനയ്‌ക്കെതിരായ അട്ടിമറി; സൗദി താരങ്ങളെ കാത്ത് റോള്‍സ് റോയ്‌സ് ഫാന്‍റം

അര്‍ജന്‍റീനയ്‌ക്കായി സൂപ്പര്‍ താരം ലയണല്‍ മെസിയാണ് ഗോള്‍ നേടിയത്. സലേ അൽഷെഹ്‌രി, സലീം അൽദസ്വാരി എന്നിവരിലൂടെയാണ് സൗദി മറുപടി നല്‍കിയത്. ഫിഫ റാങ്കിങ്ങില്‍ അർജന്‍റീന മൂന്നാമതുള്ളപ്പോള്‍ 51-ാം സ്ഥാനത്താണ് സൗദി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.