ETV Bharat / sports

ക്രിസ്‌മസ് സര്‍പ്രൈസ് ഒരുക്കി ജോര്‍ജിന റോഡ്രിഗസ്, കാമുകിയുടെ സമ്മാനം കണ്ട് ഞെട്ടി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

author img

By

Published : Dec 27, 2022, 10:45 AM IST

Updated : Dec 27, 2022, 11:53 AM IST

വിപണിയില്‍ ഏകദേശം മൂന്ന് കോടി വിലമതിക്കുന്ന റോള്‍സ് റോയ്‌സ് ഫാന്‍റം കാറാണ് ജോര്‍ജിന റൊണാള്‍ഡോയ്‌ക്ക് ക്രിസ്‌മസ് സര്‍പ്രൈസ് സമ്മാനമായി നല്‍കിയത്.

cristiano ronaldo partner surprise christmas gift  cristiano ronaldo  cristiano ronaldo christmas gift  Georgina Rodriguez gift for Ronaldo  Georgina Rodriguez  Georgina Rodriguez Instagram  ജോര്‍ജിന റോഡ്രിഗസ്  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ  റോള്‍സ് റോയ്‌സ്  റൊണാള്‍ഡോ  ജോര്‍ജിന  ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ക്രിസ്‌തുമസ് സമ്മാനം  ജോര്‍ജിന റൊണാള്‍ഡോ ക്രിസ്‌തുമസ് സമ്മാനം
Georgina Rodriguez Surprise Gift To Cristiano Ronaldo

ലിസ്‌ബൺ: പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ഞെട്ടിച്ച് കാമുകി ജോര്‍ജിന റോഡ്രിഗസിന്‍റെ സര്‍പ്രൈസ് ക്രിസ്മസ് സമ്മാനം. റോള്‍സ് റോയ്‌സിന്‍റെ ആഡംബര കാര്‍ റൊണാള്‍ഡോയ്‌ക്ക് സമ്മാനിച്ചാണ് ജോര്‍ജിന വീണ്ടും വാര്‍ത്തകളില്‍ ഇടം പിടച്ചത്. സൂപ്പര്‍ താരത്തിന് കാര്‍ നല്‍കുന്നതിന്‍റെ വീഡിയോ ജോര്‍ജിന തന്നെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കു വച്ചിട്ടുണ്ട്.

കാമുകി നല്‍കിയ സര്‍പ്രൈസ് കണ്ട് സൂപ്പര്‍ താരം അത്‌ഭുതപ്പെടുന്നതും വീഡിയോയിലുണ്ട്. റോള്‍സ് റോയ്‌സിന്‍റെ ഫാന്‍റം എന്ന കാറാണ് ജോര്‍ജിന സമ്മാനിച്ചതെന്ന് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഏകദേശം മൂന്ന് കോടി രൂപയാണ് കാറിന്‍റെ വില.

കാറിന് പുറമെ കുട്ടികള്‍ക്കും ജോര്‍ജിന സമ്മാനം നല്‍കി. സൈക്കിളും ബാഗുകളുമാണ് കുട്ടികള്‍ക്കായി മാറ്റിവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ ജോര്‍ജിന പങ്കുെവച്ച വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. കാമുകിയുടെ സമ്മാനത്തിന് നന്ദി അറിയിച്ച് റൊണാള്‍ഡോയും എത്തിയിരുന്നു.

നേരത്തെ ലോകകപ്പ് സമയത്ത് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ പിന്തുണച്ച് മുന്‍ പോര്‍ച്ചുഗല്‍ പരിശീലകന്‍ സാന്‍റോസിനെതിരെ കടുത്ത വിമര്‍ശനം ഉന്നയിച്ചാണ് ജോര്‍ജിന വാര്‍ത്തകളില്‍ ഇടം പിടിച്ചത്. മൊറോക്കോയോട് തോറ്റ് പോര്‍ച്ചുഗല്‍ ലോകകപ്പില്‍ നിന്ന് പുറത്തായിരുന്നു. ഇതിന് പിന്നാലെയായിരുന്നു ജോര്‍ജിനയുടെ പ്രതികരണം.

ക്വാര്‍ട്ടര്‍ ഫൈനലില്‍ മൊറോക്കോയ്‌ക്കെതിരായ മത്സരത്തില്‍ ക്രിസ്റ്റ്യാനോയെ ആദ്യ ഇലവനില്‍ നിന്നും പുറത്തിരുത്താനുള്ള സാന്‍റോസിന്‍റെ തീരുമാനം തെറ്റായിരുന്നുവെന്നാണ് അന്ന് ജോർജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. ക്രിസ്റ്റ്യാനോ കളത്തിലെത്തിയപ്പോള്‍ വൈകിയിരുന്നുവെന്നും ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ വിലകുറച്ച് കാണാനാവില്ലെന്നും ജോർജിന പറഞ്ഞു.

"നിങ്ങളുടെ സുഹൃത്തും പരിശീലകനുമായ ആള്‍ ഇന്നും തെറ്റായ ആ തീരുമാനമെടുത്തു. നിനക്ക് ഏറെ ആരാധനയും ബഹുമാനവുമുള്ള ആളാണയാള്‍. നീ കളത്തിലിറങ്ങുമ്പോള്‍ കാര്യങ്ങള്‍ എങ്ങനെയാണ് മാറിമറയുന്നതെന്ന് അയാള്‍ ഏറെ കണ്ടിട്ടുണ്ട്.

പക്ഷേ ഇന്ന് എല്ലാം വൈകിയിരുന്നു. നിങ്ങൾക്ക് ലോകത്തെ ഏറ്റവും മികച്ച കളിക്കാരനെ, അതിലെ ഏറ്റവും ശക്തമായ ആയുധത്തെ വിലകുറച്ച് കാണാനാകില്ല. അർഹതയില്ലാത്തവർക്ക് വേണ്ടി ഒരാള്‍ അധികം നിലകൊണ്ടേക്കില്ല. ജീവിതം നമുക്ക് പുതിയ പാഠങ്ങള്‍ നല്‍കുന്നു. ഇന്ന് ഞങ്ങൾ തോൽക്കുന്നില്ല, പകരം പുതിയ പാഠങ്ങള്‍ പഠിക്കുന്നു. ഞങ്ങൾ നിങ്ങളെ അഭിനന്ദിക്കുന്നു' എന്നായിരുന്നു ജോര്‍ജിന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.

ഖത്തര്‍ ലോകകപ്പില്‍ ഗ്രൂപ്പ് എച്ച് ചാമ്പ്യന്മാരായാണ് ഇപ്രാവശ്യം പോര്‍ച്ചുഗല്‍ മുന്നേറിയത്. പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെതിരെ വമ്പന്‍ ജയം നേടിയ ടീം ക്വാര്‍ട്ടറില്‍ എതിരില്ലാത്ത ഒരു ഗോളിന് തോറ്റാണ് പുറത്തായത്. നോക്കൗട്ട് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിലും ആദ്യ ഇലവനില്‍ റൊണാള്‍ഡോയ്‌ക്ക് സ്ഥാനം ലഭിക്കാതിരുന്നത് വലിയ ചര്‍ച്ചയായിരുന്നു.

37 കാരനായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിലവില്‍ പുതിയ ക്ലബ്ബിലേക്ക് ചേക്കാറാനുള്ള തയ്യാറെടുപ്പിലാണ്. ഇംഗ്ലീഷ് ക്ലബ്ബ് മാഞ്ചസ്റ്റര്‍ യുണൈറ്റഡുമായുള്ള കരാര്‍ അവസാനിപ്പിച്ചായിരുന്നു താരം ലേകകപ്പിനെത്തിയത്. നിലവില്‍ ഫ്രീ ഏജന്‍റായ റൊണാള്‍ഡോ സൗദി ക്ലബ്ബായ അല്‍ നാസ്സറില്‍ കളിച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. താരത്തിനായി വമ്പന്‍ തുക തന്നെ മുടക്കാന്‍ തയ്യാറാണെന്ന് ക്ലബ്ബ് ലോകകപ്പ് സമയത്ത് തന്നെ അറിയിച്ചിരുന്നു.

Last Updated : Dec 27, 2022, 11:53 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.