ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ : സാനിയ-ബൊപ്പണ്ണ സഖ്യം സെമിയില്‍
ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഓട്ടോമാറ്റിക് വാക്കോവറോടെ സെമിയില്‍
മെല്‍ബണ്‍ : ഇന്ത്യയുടെ സാനിയ മിര്‍സ-രോഹന്‍ ബൊപ്പണ്ണ സഖ്യം ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിന്‍റെ മിക്‌സ്‌ഡ് ഡബിള്‍സില്‍ സെമിയില്‍. ഓട്ടോമാറ്റിക് വാക്കോവറിലൂടെയാണ് ഇന്ത്യന്‍ താരങ്ങളുടെ മുന്നേറ്റം. ക്വാര്‍ട്ടറില്‍ ലാത്വിയൻ സ്പാനിഷ് ജോഡിയായ ജെലീന ഒസ്റ്റാപെങ്കോയും ഡേവിഡ് വെഗ ഹെർണാണ്ടസുമായിരുന്നു ഇന്ത്യന്‍ താരങ്ങള്‍ക്കെതിരെ കളിക്കേണ്ടിയിരുന്നത്. ഈ സഖ്യം കളിക്കിറങ്ങാതിരുന്നതോടെയാണ് സാനിയ-ബൊപ്പണ്ണ സഖ്യത്തിന് സെമി പ്രവേശനം തരപ്പെട്ടത്.
നേരത്തെ, ഉറുഗ്വായ്-ജപ്പാൻ ജോഡികളായ ഏരിയൽ ബെഹാർ-മകാറ്റോ നിനോമിയ സഖ്യത്തെ തോല്‍പ്പിച്ചായിരുന്നു സാനിയ-ബൊപ്പണ്ണ സഖ്യം അവസാന എട്ടിൽ ഇടം നേടിയത്. ഏകപക്ഷീയമായ രണ്ട് സെറ്റുകള്‍ക്ക് 6-4, 7-6 (11-9) എന്നീ സ്‌കോറുകള്‍ക്കായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ വിജയം.
-
Lets just say we're moving on 💪🏽🇮🇳 @MirzaSania #AustralianOpen pic.twitter.com/NIfu9PNKN0
— Rohan Bopanna (@rohanbopanna) January 24, 2023
ALSO READ: ഓസ്‌ട്രേലിയൻ ഓപ്പൺ: വിംബിൾഡൺ ചാമ്പ്യൻ എലീന റൈബാകിന സെമിയില്‍
അടുത്ത മാസം നടക്കുന്ന ദുബായ് ഓപ്പണോടെ തന്‍റെ പ്രൊഫഷണല്‍ കരിയര്‍ അവസാനിപ്പിക്കുമെന്ന് സാനിയ അടുത്തിടെ വ്യക്തമാക്കിയിരുന്നു. ഇതോടെ 35കാരിയുടെ അവസാന ഗ്രാൻഡ്സ്ലാമാണിത്. നിർണായകമായ അടുത്ത രണ്ട് കടമ്പകള്‍ കടക്കാനായാല്‍ കരിയറില്‍ മറ്റൊരു ഗ്രാൻഡ് സ്ലാം കിരീടം കൂടെ ചേര്‍ക്കാന്‍ സാനിയയ്‌ക്ക് കഴിയും.
അതേസമയം അന്ന ഡാനിലീനയോടൊപ്പം വനിത ഡബിള്‍സിലും സാനിയ മത്സരിച്ചിരുന്നുവെങ്കിലും രണ്ടാം റൗണ്ടില്‍ തോല്‍വി വഴങ്ങി. സീഡ് ചെയ്യപ്പെടാത്ത ആൻഹെലിന കലിനിന-അലിസൺ വാൻ സഖ്യത്തോടാണ് ഇരുവരും കീഴടങ്ങിയത്.
