ജോക്കോയെ നാട് കടത്തിയേക്കും ; നിലപാട് കടുപ്പിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

author img

By

Published : Jan 13, 2022, 2:03 PM IST

Australia nears decision on whether to deport Djokovic  Australia deport Djokovic  australian open  നൊവാക് ജോക്കോവിച്ചിനെ നാടുകടത്താന്‍ സാധ്യത  ജോക്കോവിച്ചിനെതിരെ നിലപാട് കടുപ്പിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ  നൊവാക് ജോക്കോവിച്ച്  സ്കോട്ട് മോറിസൺ

ജോക്കോയുടെ വിസ രണ്ടാമതും റദ്ദാക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം

മെല്‍ബണ്‍ : ഓസ്‌ട്രേലിയന്‍ ഓപ്പണിനെത്തിയെ സെർബിയൻ ടെന്നിസ് താരം നൊവാക് ജോക്കോവിച്ചിനെ നാടുകടത്താന്‍ സാധ്യത. വാക്‌സിനെടുക്കാതെ രാജ്യത്തെത്തുന്നവരോടുള്ള തന്‍റെ സർക്കാരിന്‍റെ കടുത്ത നയത്തിൽ മാറ്റമില്ലെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസൺ പറഞ്ഞു.

കൊവിഡ് ചട്ടങ്ങളുമായി ബന്ധപ്പെട്ട വീഴ്ചകള്‍ സമ്മതിച്ച ജോക്കോയുടെ വിസ രണ്ടാമതും റദ്ദാക്കാനുള്ള സാഹചര്യം നിലനില്‍ക്കുമ്പോഴാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.

'പൗരന്മാരല്ലാത്തവർ തങ്ങൾ ഇരട്ട വാക്സിനേഷൻ എടുത്തിട്ടുണ്ടെന്ന് തെളിയിക്കണം അല്ലെങ്കിൽ മെഡിക്കൽ കാരണങ്ങളാൽ പ്രതിരോധ കുത്തിവയ്പ്പ് നടത്താൻ കഴിയില്ലെന്നതിന് സ്വീകാര്യമായ തെളിവ് നൽകണം. അതാണ് സര്‍ക്കാറിന്‍റെ നയം, അധികാരികൾ നയം നടപ്പിലാക്കുമെന്ന് പ്രതീക്ഷിക്കുന്നു' - മോറിസൺ പറഞ്ഞു

ജനുവരി ആറിന് മെല്‍ബണ്‍ ടല്ലമറൈന്‍ വിമാനത്താവളത്തിലെത്തിയ ജോക്കോയെ കുടിയേറ്റ നിയമങ്ങള്‍ ലംഘിച്ചതിന് തടഞ്ഞുവച്ചിരുന്നു. തുടര്‍ന്ന് കോടതിയില്‍ നടത്തിയ പോരാട്ടത്തിനൊടുവിലാണ് താരത്തിന്‍റെ വിസ പുനഃസ്ഥാപിക്കപ്പെട്ടത്. കഴിഞ്ഞ ഡിസംബറില്‍ കൊവിഡ് ബാധിച്ച തനിക്ക് മെഡിക്കല്‍ ഇളവ് ലഭിച്ചിരുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ജോക്കോ കോടതിയില്‍ അനുകൂല വിധി നേടിയത്.

also read: ഇന്ത്യന്‍ ഓപ്പണ്‍ : കിഡംബി ശ്രീകാന്ത് ഉള്‍പ്പടെ ഏഴ് ഇന്ത്യന്‍ കളിക്കാര്‍ക്ക് കൊവിഡ്

എന്നാല്‍ കൊവിഡ് ചട്ടങ്ങളില്‍ വീഴ്‌ച പറ്റിയെന്ന് ജോക്കോ കഴിഞ്ഞ ദിവസം പരസ്യമായി സമ്മതിച്ചിരുന്നു. എമിഗ്രേഷന്‍ ഫോമില്‍ ഏജന്‍റ് തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നും കൊവിഡ് സ്ഥിരീകരിച്ച സമയത്ത് ഒരു മാധ്യമ പ്രവര്‍ത്തകനുമായി സംസാരിച്ചിരുന്നുവെന്നുമായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍.

രണ്ടാഴ്ചയ്ക്കിടെ യാത്രകള്‍ നടത്തിയിട്ടുണ്ടോ എന്ന എമിഗ്രേഷന്‍ ഫോമിലെ ചോദ്യത്തിന്, ഇല്ല എന്നാണ് ജോക്കോ നല്‍കിയ മറുപടി. എന്നാല്‍ സ്‌പെയിനിലേക്കും മറ്റും താരം യാത്ര നടത്തിയതിന്‍റെ തെളിവുകള്‍ പുറത്തുവന്നിട്ടുണ്ട്. ഇതോടെ വിവേചനാധികാരം ഉപയോഗിച്ച് ജോക്കോയുടെ വിസ വീണ്ടും റദ്ദാക്കാന്‍ കുടിയേറ്റ മന്ത്രി അലക്സ് ഹോക്കിന് അധികാരമുണ്ട്.

അതേസമയം ഓസ്‌ട്രേലിയന്‍ ഓപ്പണിന്‍റെ ഔദ്യോഗിക നറുക്കെടുപ്പില്‍ സംഘാടകരായ ടെന്നിസ് ഓസ്‌ട്രേലിയ ജോക്കോയെ ഉള്‍പ്പെടുത്തിയിരുന്നു. ലോക ഒന്നാം നമ്പറായ സെര്‍ബിയന്‍ താരത്തിന് നാട്ടുകാരനായ മിയോമിർ കെക്‌മാനോവിച്ചാണ് ആദ്യ മത്സരത്തിലെ എതിരാളി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.