ETV Bharat / sports

ഇന്‍റര്‍ കപ്പടിച്ചതിന് പിന്നാലെ യുവന്‍റസിന് ആശ്വാസ ജയം

author img

By

Published : May 3, 2021, 9:43 AM IST

inter win serie a news  ronaldo with double goal news  സീരി എയില്‍ ഇന്‍റര്‍ വാര്‍ത്ത  ഇരട്ട ഗോളുമായി റൊണാള്‍ഡോ വാര്‍ത്ത
റൊണാള്‍ഡോ

11 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഇന്‍റര്‍ മിലാന്‍ ഇറ്റാലിയന്‍ സീരി എയില്‍ കപ്പുറപ്പിച്ച് മണിക്കൂറുകള്‍ക്കകമാണ് യുവന്‍റസിന്‍റെ ആശ്വാസ ജയം

റോം: ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ഇരട്ട ഗോളിന്‍റെ മികവില്‍ ഇറ്റാലിയന്‍ സീരി എയില്‍ യുവന്‍റസിന് ആശ്വാസ ജയം. സീരി എ കിരീടം ഇന്‍റര്‍മിലാന്‍ ഉറപ്പിച്ച് മണിക്കൂറുകള്‍ക്കുള്ളിലാണ് ഉഡിനസിനെതിരെ യുവന്‍റസിന്‍റെ ജയം. എവേ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് റോണോയുടെയും കൂട്ടരുടെയും ജയം. രണ്ടാം പകുതിയിലാണ് റൊണാള്‍ഡോയുടെ ഗോളുകള്‍ പിറന്നത്. ആദ്യപകുതിയില്‍ മൊളീന ഉഡിനസിനായി ആശ്വാസ ഗോള്‍ സ്വന്തമാക്കി.

ഇറ്റാലിയന്‍ സീരി എ കിരീടത്തില്‍ തുടര്‍ച്ചയായി പത്താം തവണയും മുത്തമിടുകയെന്ന ലക്ഷ്യത്തോടെ മുന്നേറിയ യുവന്‍റസിന് മുട്ടുമടക്കേണ്ടിവന്നു. എങ്കിലും യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് യോഗ്യതാ പ്രതീക്ഷകള്‍ ബാക്കിയാണ്. ഇതിനായി യുവന്‍റസ് സമാന പോരാട്ടം തുടരണമെന്ന് മാത്രം. പട്ടികയില്‍ അഞ്ചും ആറും സ്ഥാനത്തുള്ള നാപ്പോളിയും ലാസിയോയുമാണ് യുവന്‍റസ് ഉള്‍പ്പെടെയുള്ളവര്‍ക്ക് ഭീഷണിയാകുന്നത്.

രണ്ടും മൂന്നും നാലും സ്ഥാനത്തുള്ള അറ്റ്‌ലാന്‍ഡക്കും യുവന്‍റസിനും എസി മിലാനും 69 പോയിന്‍റ് വീതമുള്ളപ്പോള്‍, നാപ്പോളിക്ക് 67ഉം റോമക്ക് 64ഉം പോയിന്‍റ് വീതമാണുള്ളത്. സീസണില്‍ നാല് മത്സരമാണ് ഈ അഞ്ച് മുന്‍നിര ടീമുകള്‍ക്ക് ശേഷിക്കുന്നത്.

കപ്പടിച്ച് ഇന്‍റര്‍ മിലാന്‍

അറ്റ്‌ലാന്‍റ ഇന്നലെ സസുലോക്കെതിരെ നടന്ന മത്സരത്തില്‍ സമനില വഴങ്ങിയതോടെയാണ് ഇന്‍റര്‍ മിലാന്‍ കപ്പുറപ്പാക്കിയത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇന്‍ററിന്‍റെ സ്വപ്‌നം സഫലമായത്. കൊവിഡ് പശ്ചാത്തലത്തിലെ കടുത്ത നിയന്ത്രണങ്ങള്‍ക്ക് നടുവിലും ഇന്‍റര്‍ ആരാധകര്‍ ആഹ്‌ളാദ തിമിര്‍പ്പിലാണ്.

നേരത്തെ മെയ്‌ ദിനത്തില്‍ ദുര്‍ബലരായ ക്രോട്ടോണക്കെതിരെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിഇന്‍റര്‍ കപ്പിനോട് അടുത്തെത്തിയിരുന്നു. അന്ന് എറിക്‌സണും ഹക്കീമിയുമാണ് അന്ന് ഇന്‍ററിനായി ഗോള്‍വല ചലിപ്പിച്ചത്. സീസണില്‍ നാല് മത്സരങ്ങള്‍ ശേഷിക്കെയാണ് അന്‍റോണിയോ കോന്‍റെയുടെ ശിഷ്യന്‍മാര്‍ കപ്പുയര്‍ത്തുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.