ETV Bharat / sports

FIFA World Cup qualifier: ഓറഞ്ച് പട റെഡി; ഖത്തറിലേക്ക് ടിക്കറ്റ് കിട്ടാൻ യൂറോപ്യന്‍ പ്ലേ ഓഫിന് 12 ടീമുകള്‍

author img

By

Published : Nov 17, 2021, 12:39 PM IST

ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ നോർവെയെ തോല്‍പ്പിച്ചാണ് നെതർലൻഡ്‌സ് ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്.

FIFA World Cup qualifier  Netherlands vs norway  European play-offs  ഖത്തര്‍ ലോകകപ്പ്  യൂറോപ്യന്‍ ക്വാളിഫയര്‍  യൂറോപ്യന്‍ പ്ലേ ഓഫ്  നെതർലൻഡ്‌സ്-നോർവെ
FIFA World Cup qualifier: ലോകകപ്പിന് എട്ട് വര്‍ഷത്തിന് ശേഷം നെതർലൻഡ്‌സ്; യൂറോപ്യന്‍ പ്ലേ ഓഫിന് 12 ടീമുകള്‍

റോട്ടർഡാം: എട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം ഫുട്‌ബോൾ ലോകകപ്പിന് യോഗ്യത നേടി നെതർലൻഡ്‌സ്. ഗ്രൂപ്പ് ജിയിലെ നിർണായക മത്സരത്തിൽ നോർവെയെ തോല്‍പ്പിച്ചാണ് നെതർലൻഡ്‌സ് ഖത്തര്‍ ലോകകപ്പിന് ടിക്കറ്റുറപ്പിച്ചത്. എതിരില്ലാത്ത രണ്ട് ഗോളിനാണ് സംഘത്തിന്‍റെ ജയം.

84ാം മിനുട്ടില്‍ സ്റ്റീഫൻ ബെർഗ്‍വിനും 91ാം മിനിട്ടില്‍ മെംഫിസ് ഡിപായുമാണ് ഡച്ചുകാര്‍ക്കായി ലക്ഷ്യം കണ്ടത്. 10 മത്സരങ്ങളില്‍ നിന്നും 23 പോയിന്‍റോടെ ഗ്രൂപ്പില്‍ ഒന്നാമതെത്തിയാണ് ഡച്ചുകാര്‍ വീണ്ടും ലോകകപ്പില്‍ ബൂട്ടുകെട്ടുക. തോൽവിയോടെ ഗ്രൂപ്പില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട നോർവെ പ്ലേ ഓഫിലെത്താതെ പുറത്തായി.

മോണ്ടിനെഗ്രോയോ ഒന്നിനെതിരെ രണ്ട് ഗോളിന് തോല്‍പ്പിച്ച തുർക്കി രണ്ടാം സ്ഥാനത്തെത്തുകയും പ്ലേ ഓഫിന് യോഗ്യത നേടുകയും ചെയ്‌തു.

ഫ്രാന്‍സിനോട് തോറ്റു; ഫിൻലൻഡ് പുറത്ത്

ഗ്രൂപ്പ് ഡിയിലെ നിര്‍ണായക മത്സരത്തില്‍ ഫ്രാൻസിനോട് തോറ്റ ഫിൻലൻഡ് ലോകകപ്പ് യോഗ്യത നേടാതെ പുറത്തായി. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഫ്രാന്‍സിനോട് ഫിന്‍ലന്‍ഡ് കീഴടങ്ങിയത്. കരിം ബെൻസിമ (66ാം മിനിട്ട്) , കിലിയൻ എംബാപ്പെ (76ാം മിനിട്ട്) എന്നിവരാണ് ഫ്രാൻസിനായി ലക്ഷ്യം കണ്ടത്.

ഗ്രൂപ്പ് ചാമ്പ്യന്മാരായ ഫ്രാന്‍സ് നേരത്തെ തന്നെ യോഗ്യത ഉറപ്പാക്കിയിരുന്നു. എട്ട് മത്സരങ്ങളില്‍ 16 പോയിന്‍റാണ് ഫ്രഞ്ചുകാര്‍ക്കുള്ളത്. 12 പോയിന്‍റുള്ള ഉക്രെയ്‌നാണ് രണ്ടാമത്.

യൂറോപ്പില്‍ നിന്നും നേരിട്ട് യോഗ്യത നേടിയവര്‍

10 ഗ്രൂപ്പുകളിലായി നടന്ന യോഗ്യത മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പിലും ഒന്നാം സ്ഥാനത്തെത്തിയ ടീമുകളാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ഉറപ്പിച്ചത്. വിവിധ ഗ്രൂപ്പുകളിലായി ബെൽജിയം, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, ഡെൻമാർക്ക്, നെതർലൻഡ്‌സ്, ജർമ്മനി, സ്വിറ്റ്സർലൻഡ്, ക്രൊയേഷ്യ, സെർബിയ എന്നീ ഗ്രൂപ്പുകളാണ് ഖത്തറിന് ടിക്കറ്റുറപ്പിച്ചത്.

പ്ലേ ഓഫിന് 12 ടീമുകള്‍

ഗ്രൂപ്പ് പോരാട്ടത്തില്‍ രണ്ടാമതെത്തിയ 10 ടീമുകള്‍ക്ക് പുറമെ യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് ജേതാക്കാളായ മികച്ച രണ്ട് ടീമുകളാണ് പ്ലേ ഓഫില്‍ അണി നിരക്കുക. ഇറ്റലി, പോര്‍ച്ചുഗൽ, സ്കോട്‍‍ലന്‍ഡ്, റഷ്യ, സ്വീഡന്‍, പോളണ്ട്, തുർക്കി, ഉക്രെയ്ൻ, വെയിൽസ്, നോര്‍ത്ത് മാസെഡോണിയ എന്നീ ടീമുകളാണ് യോഗ്യത മത്സരങ്ങളില്‍ രണ്ടാമതെത്തി പ്ലേ ഓഫ് ഉറപ്പിച്ചത്. ചെക്ക് റിപ്പബ്ലിക്, ഓസ്ട്രിയ ടീമുകള്‍ നേഷൻസ് ലീഗിലൂടെയും പ്ലേ ഓഫിനെത്തി.

also read: FIFA World Cup qualifier: ബ്രസീലിനോട് സമനില, അർജന്‍റീനയ്ക്കും ഖത്തറിലേക്ക് ടിക്കറ്റ്

ഈ ടീമുകളെ നാല് ടീമുകള്‍ വീതമുള്ള മൂന്ന് ഗ്രൂപ്പുകളിലാക്കി തിരിച്ച് നടത്തുന്ന മത്സരങ്ങളില്‍ ഓരോ ഗ്രൂപ്പിലും ഒന്നാമതെത്തുന്നവര്‍ക്കാണ് ഖത്തറിലേക്ക് ടിക്കറ്റ് ലഭിക്കുക. ഈ മാസം 26ന് നറുക്കെടുപ്പിലൂടെയാണ് പ്ലേ ഓഫ് മത്സരക്രമം തീരുമാനിക്കുക.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.