ETV Bharat / sports

'ഞങ്ങൾ ദുഃഖിതരും അസ്വസ്ഥരുമാണ്'; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍

author img

By

Published : Jun 2, 2023, 6:41 PM IST

നിലവിലെ ബിസിസിഐ പ്രസിഡന്‍റായ റോജര്‍ ബിന്നി, നായകന്‍ കപില്‍ ദേവ് ഉള്‍പ്പെട്ട ടീമംഗങ്ങള്‍ സംയുക്ത പ്രസ്‌താവനയിലൂടെയാണ് പിന്തുണയറിയിച്ചെത്തിയത്

Wrestlers Protest  1983 World Cup Winning team statement  1983 World Cup winning team  World Cup winning team  ഞങ്ങൾ ദുഃഖിതരും അസ്വസ്ഥരുമാണ്  ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണ  ഗുസ്‌തി താരങ്ങള്‍  1983 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍  ക്രിക്കറ്റ് ലോകകപ്പ്  ബിസിസിഐ പ്രസിഡന്‍റായ റോജര്‍ ബിന്നി  കപില്‍ ദേവ്  സംയുക്ത പ്രസ്‌താവന  റെസ്‌ലിങ് ഫെഡറേഷന്‍  ബ്രിജ്‌ ഭൂഷണ്‍  മെഡലുകൾ
'ഞങ്ങൾ ദുഃഖിതരും അസ്വസ്ഥരുമാണ്'; ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983 ലെ ക്രിക്കറ്റ് ലോകകപ്പ് ജേതാക്കള്‍

ന്യൂഡല്‍ഹി: റെസ്‌ലിങ് ഫെഡറേഷന്‍ തലവന്‍ ബ്രിജ്‌ ഭൂഷണ്‍ ശരണ്‍ സിങിനെതിരെ നടപടി ആവശ്യപ്പെട്ട് പ്രതിഷേധിക്കുന്ന ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായി 1983 ക്രിക്കറ്റ് ലോകകപ്പ് ജേതാക്കളായ ടീമംഗങ്ങൾ. വിഷയത്തില്‍ തിടുക്കപ്പെട്ട് തീരുമാനങ്ങള്‍ എടുക്കരുതെന്ന് അഭ്യര്‍ഥിച്ച അവര്‍, പരാതികള്‍ വേഗത്തില്‍ തന്നെ പരിഹരിക്കപ്പെടുമെന്നാണ് കരുതുന്നതെന്ന് ശുഭാപ്‌തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്‌തു. 1983 ലോകകപ്പ് ജേതാക്കളായ കപിൽ ദേവിന്‍റെ നേതൃത്വത്തിലുള്ള ടീമംഗങ്ങൾ സംയുക്ത പ്രസ്‌താവനയിലൂടെയാണ് ഗുസ്‌തി താരങ്ങള്‍ക്ക് പിന്തുണയുമായെത്തിയത്.

അണിചേര്‍ന്ന് ജേതാക്കള്‍: നമ്മുടെ ഗുസ്‌തി ചാമ്പ്യന്മാര്‍ ക്രൂരമായി മർദിക്കപ്പെടുന്നതിന്‍റെ ദൃശ്യങ്ങളിൽ ഞങ്ങൾ ദുഃഖിതരും അസ്വസ്ഥരുമാണ്. അവർ കഠിനാധ്വാനത്തിലൂടെ നേടിയ മെഡലുകൾ ഗംഗാനദിയിലേക്ക് വലിച്ചെറിയുന്നതിനെക്കുറിച്ച് ചിന്തിക്കുന്നു എന്നതില്‍ ഞങ്ങള്‍ക്ക് ഏറെ ഉത്കണ്‌ഠതയുമുണ്ടെന്ന് നിലവിലെ ബിസിസിഐ പ്രസിഡന്‍റായ റോജര്‍ ബിന്നി, കപില്‍ദേവ്, സുനില്‍ ഗവാസ്‌കര്‍, മോഹിന്ദര്‍ അമര്‍നാഥ്, രവി ശാസ്‌ത്രി, ദിലീപ് വെങ്‌സര്‍ക്കാര്‍, സയ്യിദ് കിര്‍മാണി, മദന്‍ ലാല്‍, കെ ശ്രീകാന്ത് എന്നിവരുള്‍പ്പെട്ട 1983 ലോകകപ്പ് ജേതാക്കള്‍ അറിയിച്ചു.

അവര്‍ രാജ്യത്തിന്‍റെ അഭിമാനങ്ങള്‍: വർഷങ്ങളുടെ പരിശ്രമം, ത്യാഗം, നിശ്ചയദാർഢ്യം, മനക്കരുത്ത് എന്നിവ ഉള്‍ക്കൊള്ളുന്നതാണ് ആ മെഡലുകള്‍. അത് അവരുടെ മാത്രമല്ല രാജ്യത്തിന്‍റെ അഭിമാനവും സന്തോഷവുമാണ്. ഈ വിഷയത്തിൽ തിടുക്കപ്പെട്ട് ഒരു തീരുമാനവും എടുക്കരുതെന്ന് ഞങ്ങൾ അവരോട് അഭ്യർഥിക്കുന്നു. അവരുടെ ആകുലതകള്‍ കേൾക്കുകയും വേഗത്തിൽ പരിഹരിക്കപ്പെടുകയും ചെയ്യുമെന്ന് അത്യധികം പ്രതീക്ഷിക്കുന്നു. രാജ്യത്തിന്‍റെ നിയമം വിജയിക്കട്ടെ എന്ന് ലോകകപ്പ് ജേതാക്കള്‍ സംയുക്ത പ്രസ്‌താവനയില്‍ അറിയിച്ചു.

ഗുരുതര ആരോപണങ്ങളുമായി എഫ്‌ഐആര്‍: ഗുസ്‌തി താരങ്ങളുടെ ആരോപണത്തില്‍ റെസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തലവനും ബിജെപി എംപിയുമായ ബ്രിജ് ഭൂഷൺ ശരൺ സിങിനെതിരെ ചുമത്തിയ എഫ്‌ഐആറിന്‍റെ വിവരങ്ങൾ വെള്ളിയാഴ്‌ച പുറത്തുവന്നിരുന്നു. ലൈംഗിക പീഡനം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് ബ്രിജ് ഭൂഷണെതിരെ ഡൽഹി പൊലീസ് രണ്ട് എഫ്‌ഐആറുകൾ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ഗുസ്‌തി താരങ്ങളുടെ പ്രതിഷേധം കനത്തതോടെയാണ് ഗുരുതര വകുപ്പുകള്‍ ചുമത്തിയ എഫ്‌ഐആറിന്‍റെ വിവരങ്ങൾ പുറത്തുവന്നത്.

ബ്രിജ് ഭൂഷണെതിരെ 10 പീഡന പരാതികളും രണ്ട് എഫ്‌ഐആറുകളുമാണ് ഡൽഹിയിലെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌തിട്ടുള്ളത്. ബ്രിജ് ഭൂഷൺ താരങ്ങളോട് ലൈംഗികപരമായ ആനുകൂല്യങ്ങൾ ആവശ്യപ്പെട്ടതായും ശ്വാസ പരിശോധന എന്ന പേരിൽ വനിത താരങ്ങളുടെ നെഞ്ചിൽ കൈ വയ്‌ക്കുകയും ലൈംഗിക ഉദ്ദേശ്യത്തോടെ ശരീരത്തിൽ തടവിയെന്നുമടക്കമുള്ള ആരോപണങ്ങളാണ് എഫ്‌ഐആറിലുള്ളത്.

താരങ്ങളോട് സ്വകാര്യ വിവരങ്ങൾ തിരക്കി, ടൂർണമെന്‍റിനിടെ സംഭവിച്ച പരിക്കുകൾക്ക് റെസ്‌ലിങ് ഫെഡറേഷൻ ചികിത്സ നൽകുന്നതിന് പ്രത്യുപകരമായി ലൈംഗികാവശ്യങ്ങൾ ഉന്നയിച്ചു, പരിശീലന കേന്ദ്രങ്ങള്‍, അന്താരാഷ്‌ട്ര വേദികള്‍, ബ്രിജ്ഭൂഷണിന്‍റെ ഓഫിസ്, റെസ്റ്റോറന്‍റ് ഉള്‍പ്പെടെ എട്ട് സ്ഥലങ്ങളില്‍വച്ച് ലൈംഗികമായി അതിക്രമിച്ചു എന്നീ പരാതികളും എഫ്‌ഐആറിൽ പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ പിതാവിന്‍റെ പരാതി പൊലീസ് പ്രത്യേകമാണ് പരിഗണിച്ചത്. ബ്രിജ് ഭൂഷണെതിരായ പരാതികൾ ഏപ്രിൽ 21നും എഫ്‌ഐആർ ഏപ്രിൽ 28നും രജിസ്റ്റർ ചെയ്‌തതായും കൊണാട്ട് പ്ലേസ് പൊലീസ് അറിയിച്ചിരുന്നു.

Also Read: 'ആരോപണങ്ങള്‍ ഒന്നെങ്കിലും തെളിയിക്കപ്പെട്ടാല്‍ സ്വയം തൂങ്ങിമരിക്കും'; റസ്‌ലിങ് താരങ്ങള്‍ക്കെതിരെ പ്രതികരിച്ച് ബ്രിജ് ഭൂഷണ്‍ സിങ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.