ETV Bharat / sports

WI vs IND | മത്സരം അനുകൂലമാക്കിയിട്ടും ചാഹലിന് നാലാം ഓവര്‍ നല്‍കിയില്ല ; തോല്‍വിക്ക് പിന്നാലെ ഹാര്‍ദിക്കിന്‍റെ തീരുമാനത്തിന് വിമര്‍ശനം

author img

By

Published : Aug 7, 2023, 8:41 AM IST

WI vs IND  Yuzvendra Chahal  Hardik Pandya  WI vs IND Yuzvendra Chahal Fourth Over  Abhinav Mukund on Hardik Pandya  Aakash Chopra About Yuzvendra Chahal  ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പര  യുസ്‌വേന്ദ്ര ചഹാല്‍  ഹര്‍ദിക് പാണ്ഡ്യ  ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി20
WI vs IND

ഇന്ത്യ വെസ്റ്റ് ഇന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ യുസ്‌വേന്ദ്ര ചാഹല്‍ മൂന്നോവറാണ് പന്തെറിഞ്ഞത്, മത്സരത്തില്‍ താരം 19 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും നേടിയിരുന്നു

ഗയാന : രണ്ടാം മത്സരത്തിലും ഇന്ത്യയെ തകര്‍ത്ത് അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ 2-0 ന് മുന്നിലെത്താന്‍ വിന്‍ഡീസിന് കഴിഞ്ഞ ദിവസം സാധിച്ചിരുന്നു. ഗയാന പ്രൊവിഡന്‍സ് സ്റ്റേഡിയം വേദിയായ, പരമ്പരയിലെ രണ്ടാം മത്സരത്തില്‍ രണ്ട് വിക്കറ്റിന്‍റെ ജയമായിരുന്നു ആതിഥേയര്‍ ടീം ഇന്ത്യയ്‌ക്കെതിരെ സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 153 റണ്‍സ് വിജയലക്ഷ്യം ഏഴ് പന്ത് ശേഷിക്കെയായിരുന്നു വിന്‍ഡീസ് മറികടന്നത്.

അവസാന ഓവറുകളില്‍ ഒരു പരിധിവരെ മത്സരം തങ്ങളുടെ വരുതിയിലാക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചിരുന്നു. എന്നാല്‍, വിന്‍ഡീസ് വാലറ്റക്കാരായ അല്‍സാരി ജോസഫും അകെല്‍ ഹൊസൈനും ചേര്‍ന്ന് നടത്തിയ ചെറുത്തുനില്‍പ്പായിരുന്നു ആതിഥേയര്‍ക്ക് ജയമൊരുക്കിയത്. 16-ാം ഓവറിന് ശേഷം വിന്‍ഡീസ് വിക്കറ്റുകളൊന്നും നേടാനായില്ലെന്നതും മത്സരത്തില്‍ ടീം ഇന്ത്യയ്‌ക്ക് തിരിച്ചടിയായി.

മത്സരത്തില്‍ ഇന്ത്യയ്‌ക്കായി നാലോവര്‍ പന്തെറിഞ്ഞ ക്യാപ്‌റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ (Hardik Pandya) മൂന്ന് വിക്കറ്റാണ് നേടിയത്. സ്‌പിന്നര്‍ യുസ്‌വേന്ദ്ര ചാഹല്‍ (Yuzvendra Chahal) മൂന്നോവറില്‍ 19 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റും നേടിയിരുന്നു. എന്നാല്‍, മത്സരത്തില്‍ പരാജയപ്പെട്ടതോടെ ചാഹലിന് നാലാം ഓവര്‍ പന്തെറിയാന്‍ നല്‍കാത്ത ക്യാപ്‌റ്റന്‍ ഹാര്‍ദിക്കിന്‍റെ തീരുമാനത്തിനെതിരെ ഇപ്പോള്‍ വിമര്‍ശനവും ഉയരുന്നുണ്ട്.

മത്സരത്തിന്‍റെ 16-ാം ഓവറായിരുന്നു ചാഹലിന്‍റെ അവസാനത്തേത്. ഈ ഓവറില്‍ താരം രണ്ട് വിക്കറ്റ് വീഴ്‌ത്തി മത്സരം ഇന്ത്യയ്‌ക്ക് ഏറെക്കുറെ അനുകൂലമാക്കി നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍, പിന്നീട് ഒരോവര്‍ ഇന്ത്യന്‍ സ്‌പിന്നര്‍ക്ക് നല്‍കാന്‍ ഹര്‍ദിക് പാണ്ഡ്യ തയ്യാറായിരുന്നില്ല.

'ഇന്ത്യയുടെ ഏറ്റവും മികച്ച സ്‌പിന്നറായിരുന്നു ചാഹല്‍. അയാളുടെ മൂന്നാം ഓവറില്‍ മത്സരം ഇന്ത്യയ്‌ക്ക് ഏറെക്കുറെ അനുകൂലമായതാണ്. നാലാമതൊരു ഓവര്‍ കൂടി ചാഹല്‍ എറിയേണ്ടിയിരുന്നു. 18 അല്ലെങ്കില്‍ പത്തൊന്‍പതാമത്തെ ഓവറില്‍ പന്തെറിയാന്‍ ചാഹല്‍ എത്തണമായിരുന്നു'- മത്സരശേഷം ആകാശ് ചോപ്ര (Aakash Chopra) ട്വിറ്ററില്‍ കുറിച്ചു.

ചാഹലിന് നാലാം ഓവര്‍ എറിയാന്‍ പന്തേല്‍പ്പിക്കാതിരുന്ന നായകന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ തീരുമാനം തന്നെ അമ്പരപ്പിച്ചുവെന്ന് ഇന്ത്യന്‍ ക്രിക്കറ്റര്‍ അഭിനവ് മുകുന്ദും (Abhinav Mukund) അഭിപ്രായപ്പെട്ടു. 'ചാഹലിനെ കൊണ്ട് പന്തെറിയിപ്പിച്ച് കളി തീര്‍ക്കാനായിരുന്നു ഈ ഓരു സാഹചര്യത്തില്‍ ശ്രമിക്കേണ്ടിയിരുന്നത്. മൂന്നാം ഓവറില്‍ ഹെറ്റ്‌മെയറിനെ വീഴ്‌ത്താന്‍ ചാഹലിന് കഴിഞ്ഞിരുന്നു.

ഇവിടെ ബൗണ്ടറിയിലേക്കുള്ള ദൂരവും കൂടുതലാണ്. പെട്ടെന്ന് അര്‍ഷ്‌ദീപ് സിങ്ങിനെ പന്തേല്‍പ്പിച്ച ആ തീരുമാനം എന്നെ വളരയേറെ അത്ഭുതപ്പെടുത്തി. അയാള്‍ നിങ്ങളുടെ സ്‌ട്രൈക്ക് ബൗളര്‍ എന്നത് പ്രധാനമാണ്. എന്നാല്‍, ഇവിടെ 19-ാം ഓവര്‍ അര്‍ഷ്‌ദീപിന് നല്‍കി അവസാന ഓവറില്‍ പന്തെറിയാന്‍ മുകേഷ് കുമാറിനെ കൊണ്ട് വരികയോ, അല്ലെങ്കില്‍ അവസാന ഓവറിലേക്ക് അര്‍ഷ്‌ദീപിനെ മാറ്റി വയ്‌ക്കുകയോ ആയിരുന്നു വേണ്ടിയിരുന്നത്'- ജിയോ സിനിമയിലൂടെ അഭിനവ് മുകുന്ദ് അഭിപ്രായപ്പെട്ടു.

Also Read : WI vs IND | നിക്കോളസ് പുരാന്‍റെ ക്ലാസ് ബാറ്റിങ്, 'എട്ടിന്‍റെ പണി' നല്‍കി വിന്‍ഡീസ് വാലറ്റം ; രണ്ടാം ടി20യും തോറ്റ് ഇന്ത്യ

153 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ വിന്‍ഡീസിന്‍റെ തുടക്കം തകര്‍ച്ചയോടെ ആയിരുന്നെങ്കിലും അര്‍ധസെഞ്ച്വറിയുമായി തകര്‍ത്തടിച്ച നിക്കോളസ് പുരാനാണ് ടീമിനെ രക്ഷപ്പെടുത്തിയത്. നാലാമനായി ക്രീസിലെത്തിയ പുരാന്‍ 40 പന്തില്‍ 67 റണ്‍സ് നേടിയാണ് പുറത്തായത്. നേരത്തെ, മത്സരത്തില്‍ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യയ്‌ക്ക് വേണ്ടി തിലക് വര്‍മ അര്‍ധസെഞ്ച്വറി നേടിയിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.