ETV Bharat / sports

WI vs IND | ഇന്ത്യയ്‌ക്ക് ജീവന്‍മരണപ്പോരാട്ടം, തോറ്റാല്‍ 'പണിപാളും'; വിന്‍ഡീസിനെതിരായ അവസാന മത്സരം ഇന്ന്

author img

By

Published : Aug 1, 2023, 10:08 AM IST

ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരം. ഇന്ന് ജയിക്കുന്ന ടീമിന് പരമ്പര സ്വന്തമാക്കാം

WI vs IND  WI vs IND Third Odi  WI vs IND Third Odi Match Preview  Brian Lara Cricket Academy Stadium  Rohit Sharma  Sanju Samson  Virat Kohli  ഇന്ത്യ  വെസ്റ്റ് ഇന്‍ഡീസ്  ഇന്ത്യ വിന്‍ഡീസ് ഏകദിന പരമ്പര  സഞ്‌ജു സാംസണ്‍
WI vs IND

ട്രിനിഡാഡ് : വെസ്റ്റ് ഇന്‍ഡീസിനെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തേയും മത്സരത്തിനായി ഇന്ത്യന്‍ ടീം ഇന്നിറങ്ങും. ട്രിനിഡാഡിലെ (Trinidad) ബ്രയാന്‍ ലാറ ക്രിക്കറ്റ് അക്കാദമി സ്റ്റേഡിയത്തില്‍ (Brian Lara Cricket Academy Stadium) ഇന്ത്യന്‍ സമയം വൈകുന്നേരം ഏഴ് മണിക്കാണ് മത്സരം ആരംഭിക്കുന്നത്. ആറരയ്‌ക്കാണ് മത്സരത്തിന്‍റെ ടോസ് വീഴുന്നത്.

ഇന്ന് ജയിക്കുന്ന ടീമിനെ, പരമ്പരകൂടിയാണ് കാത്തിരിക്കുന്നത്. ബാര്‍ബഡോസിലെ കെന്‍സിങ്‌ടണ്‍ ഓവലില്‍ നടന്ന ആദ്യ രണ്ട് മത്സരങ്ങളില്‍ ഓരോ ജയം ഇരു ടീമുകളും സ്വന്തമാക്കി. ഒന്നാം ഏകദിനത്തില്‍ ഇന്ത്യ 5 വിക്കറ്റിന്‍റെ ജയം നേടിയപ്പോള്‍ രണ്ടാം മത്സരത്തില്‍ ആതിഥേയര്‍ ആറ് വിക്കറ്റിന് തിരിച്ചടിക്കുകയായിരുന്നു.

തുടരുമോ പരീക്ഷണങ്ങള്‍...? പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും വമ്പന്‍ പരീക്ഷണങ്ങളാണ് ഇന്ത്യ നടത്തിയത്. ആദ്യ മത്സരത്തില്‍ ബാറ്റിങ് ഓര്‍ഡറില്‍ അടിമുടി മാറ്റം വരുത്തി. രണ്ടാം മത്സരത്തിനിറങ്ങിയപ്പോള്‍ വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ക്ക് വിശ്രമവും അനുവദിച്ചിരുന്നു.

ഇന്ന് നടക്കുന്ന സീരീസ് ഡിസൈഡറില്‍ സന്ദര്‍ശകര്‍ ഇതേപരീക്ഷണം തുടരുമോ അതോ യഥാര്‍ഥ ഇലവനെ ഇന്ത്യ കളത്തിലിറക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.

സഞ്ജുവിന്‍റെ സ്ഥാനം തുലാസില്‍: പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിക്കും നായകന്‍ രോഹിത് ശര്‍മയ്‌ക്കും വിശ്രമം അനുവദിച്ച സാഹചര്യത്തിലാണ് സഞ്‌ജു സാംസണ്‍ അന്തിമ ഇലവനിലേക്ക് എത്തിയത്. എന്നാല്‍, ആ മത്സരത്തില്‍ ബാറ്റ് കൊണ്ട് മികവിലേക്ക് ഉയരാന്‍ സഞ്ജുവിന് സാധിച്ചിരുന്നില്ല. 9 റണ്‍സായിരുന്നു കെന്‍സിങ്‌ടണ്‍ ഓവലില്‍ താരത്തിന്‍റെ സമ്പാദ്യം.

ഇതോടെ, മൂന്നാം മത്സരത്തില്‍ സഞ്ജുവിന്‍റെ ടീമിലെ സ്ഥാനത്തെക്കുറിച്ച് ഉറപ്പ് പറയാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇന്നും ടീമില്‍ പരീക്ഷണം തുടരാനാണ് സാധ്യതയെങ്കില്‍ സഞ്ജു പ്ലെയിങ് ഇലവനില്‍ എത്തും. എന്നാല്‍, വിരാട് കോലിയും രോഹിത് ശര്‍മയും തിരികെ ടീമിലേക്ക് എത്തിയാല്‍ സഞ്‌ജുവിന്‍റെ സ്ഥാനം തെറിക്കാനാണ് സാധ്യത.

പ്രതീക്ഷയും ആശങ്കയും: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ മിന്നും ഫോമിലാണ് ബാറ്റ് വീശുന്നത്. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും താരം അര്‍ധസെഞ്ച്വറി നേടിയിരുന്നു. ഇന്ന് ട്രിനിഡാഡിലും ഇഷാന്‍റെ ബാറ്റില്‍ നിന്നും റണ്‍സ് ഒഴുകുമെന്നാണ് പ്രതീക്ഷ.

ശുഭ്‌മാന്‍ ഗില്‍, സൂര്യകുമാര്‍ യാദവ് എന്നിവരുടെ ഫോമില്ലായ്‌മയാണ് നിലവില്‍ ഇന്ത്യയ്‌ക്ക് ആശങ്ക. പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തില്‍ ഇരുവര്‍ക്കും ബാറ്റ് കൊണ്ട് മികവിലേക്ക് ഉയരാന്‍ സാധിച്ചിരുന്നില്ല.

സ്വപ്‌ന ജയം തേടി വിന്‍ഡീസ്: ഇപ്രാവശ്യത്തെ ഏകദിന ലോകകപ്പിന് യോഗ്യത നേടാനാകാത്ത വിന്‍ഡീസ് 2006ന് ശേഷം ഇന്ത്യയ്‌ക്കെതിരെ ആദ്യമായി ഒരു ഏകദിന പരമ്പര നേട്ടമാണ് ലക്ഷ്യമിടുന്നത്. അതുകൊണ്ടുതന്നെ രണ്ടാം മത്സരം ജയിച്ച അവരുടെ ടീമില്‍ ഇന്ന് കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടാകാന്‍ ഇടയില്ല. നായകന്‍ ഷായ് ഹോപ്പിന്‍റെ ബാറ്റിങ് മികവിലാണ് അവരുടെ പ്രതീക്ഷകള്‍ മുഴുവന്‍.

Also Read : WI vs IND| വിശ്രമം നല്‍കാനെങ്കില്‍ പിന്നെ എന്തിന് ടീമിലെടുത്തു, പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കാമായിരുന്നില്ലേ ?; തുറന്നടിച്ച് സാബ കരീം

ഇന്ത്യ ഏകദിന സ്‌ക്വാഡ് : രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്‌മാൻ ഗിൽ, റിതുരാജ് ഗെയ്‌ക്‌വാദ്, വിരാട് കോലി, സൂര്യ കുമാർ യാദവ്, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പര്‍), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പര്‍), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), ശാർദുൽ താക്കുർ, രവീന്ദ്ര ജഡേജ, അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, ജയദേവ് ഉനദ്‌ഘട്ട്, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, മുകേഷ് കുമാർ.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ഷായ് ഹോപ് (ക്യാപ്റ്റന്‍), റോവ്മാന്‍ പവല്‍ (വൈസ് ക്യാപ്റ്റന്‍), അലിക്ക് അതനാസെ, യാന്നിക്ക് കറിയ, കെസി കാര്‍ട്ടി, ഡൊമിനിക് ഡ്രേക്ക്‌സ്, ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, അല്‍സാരി ജോസഫ്, ബ്രാന്‍ഡന്‍ കിങ്, കെയ്‌ല്‍ മെയേഴ്‌സ്, ഗുഡകേഷ് മോട്ടി, ജെയ്‌ഡന്‍ സീല്‍സ്, റൊമാരിയോ ഷെപ്പേര്‍ഡ്, കെവിന്‍ സിന്‍ക്ലെയര്‍, ഒഷെയ്ന്‍ തോമസ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.