ETV Bharat / sports

WI vs IND | വിന്‍ഡീസിനെതിരെ തിരിച്ചടിക്കാന്‍ ഹര്‍ദിക്കും സംഘവും ; രണ്ടാം ടി20യില്‍ സഞ്ജുവിന്‍റെ സ്ഥാനം തുലാസില്‍

author img

By

Published : Aug 6, 2023, 8:50 AM IST

പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറാം നമ്പറിലാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാനെത്തിയത്.

WI vs IND  WI vs IND Second T20I  INDIA vs WEST INDIES  Sanju Samson  Sanju Samson Chances  WI vs IND Playing XI  ഇന്ത്യ vs വെസ്റ്റ് ഇന്‍ഡീസ്  ഇന്ത്യ വിന്‍ഡീസ് രണ്ടാം ടി20  സഞ്ജു സാംസണ്‍  തിലക് വര്‍മ  സഞ്ജു
WI vs IND

ഗയാന : വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നാല് റണ്‍സിന്‍റെ തോല്‍വി വഴങ്ങിയ ഇന്ത്യ പരമ്പരയിലെ രണ്ടാം മത്സരത്തിനായി ഇന്നാണ് ഇറങ്ങുന്നത്. ബാറ്റര്‍മാര്‍ക്ക് സംഭവിച്ച പാളിച്ചകളായിരുന്നു ആദ്യ കളിയില്‍ ഇന്ത്യയെ തോല്‍വിയിലേക്ക് നയിച്ചത്. ഇന്ന് രണ്ടാം മത്സരത്തിന് ഇറങ്ങുമ്പോള്‍, ബാറ്റിങ് നിരയിലുണ്ടായ പല പ്രശ്‌നങ്ങള്‍ക്കും ഇന്ത്യന്‍ ടീം പരിഹാരം കണ്ടെത്തേണ്ടതുണ്ട്.

ട്രിനിഡാഡില്‍ നടന്ന ആദ്യ മത്സരത്തില്‍ 150 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് ചെയ്യാനെത്തിയ ഇന്ത്യയ്‌ക്കായി ബാറ്റ് കൊണ്ട് തിളങ്ങാന്‍ ഓപ്പണര്‍മാരായ ഇഷാന്‍ കിഷനും ശുഭ്‌മാന്‍ ഗില്ലിനുമായിരുന്നില്ല. മൂന്നാമനായി ക്രീസിലെത്തിയ ലോക ഒന്നാം നമ്പര്‍ ടി20 ബാറ്റര്‍ സൂര്യകുമാര്‍ യാദവിന് പതിവ് ശൈലിയില്‍ ബാറ്റ് വീശാന്‍ കഴിഞ്ഞിരുന്നില്ല. 21 പന്തില്‍ 21 റണ്‍സ് മാത്രമായിരുന്നു താരത്തിന് നേടാനായത്.

ആദ്യ കളിയില്‍ ശ്രദ്ധേയമായത് തിലക് വര്‍മയുടെ പ്രകടനം മാത്രമായിരുന്നു. അന്താരാഷ്‌ട്ര ക്രിക്കറ്റിലെ അരങ്ങേറ്റ മത്സരത്തില്‍ തന്നെ ബാറ്റ് കൊണ്ട് മികവ് കാട്ടാന്‍ താരത്തിന് സാധിച്ചിരുന്നു. എന്നാല്‍, തിലക് വര്‍മ പുറത്തായതിന് പിന്നാലെ ക്രീസിലേക്കെത്തിയ ഹര്‍ദിക്കും സഞ്ജുവും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാതിരുന്നതും ടീമിന് തിരിച്ചടിയായി.

ബാറ്റിങ് ഓര്‍ഡറില്‍ പരീക്ഷണമുണ്ടാകുമോ...? പരമ്പരയില്‍ വെസ്റ്റ് ഇന്‍ഡീസിനൊപ്പമെത്താന്‍ ഇന്ന് ഇന്ത്യയ്‌ക്ക് ജയം അനിവാര്യമാണ്. അതുകൊണ്ട് തന്നെ ഇന്ന് ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡര്‍ എങ്ങനെ ആയിരിക്കുമെന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ടീമിന്‍റെ മധ്യനിരയില്‍ അഴിച്ചുപണിയുണ്ടാകാനാണ് സാധ്യത.

സഞ്ജു സാംസണ് ഇന്ന് ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധിക്കുമോയെന്നത് ആരാധകരുടെ പ്രധാന ചോദ്യമാണ്. ഐപിഎല്ലില്‍ ഉള്‍പ്പടെ മൂന്നാം നമ്പറിലും നാലാം നമ്പറിലും ബാറ്റ് ചെയ്‌തിരുന്ന സഞ്ജുവിന് കഴിഞ്ഞ കളിയില്‍ പുതിയ റോളില്‍ തകര്‍ത്തടിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതിന്‍റെ പശ്ചാത്തലത്തില്‍ താരത്തിന് ടീമിലെ സ്ഥാനം നഷ്‌ടപ്പെട്ടേക്കാന്‍ സാധ്യതയുണ്ട്.

സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്‌ടപ്പെട്ടാല്‍ തിലക് വര്‍മ, അല്ലെങ്കില്‍ ഹര്‍ദിക് പാണ്ഡ്യ ഈ സ്ഥാനം കൈകാര്യം ചെയ്‌തേക്കാം. ഇന്ന് ടോപ് ഓര്‍ഡറില്‍ ഗില്ലിനൊപ്പം യശസ്വി ജയ്‌സ്വാള്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്‌ത് ഇഷാന്‍ കിഷന്‍ മൂന്നാം നമ്പറില്‍ ക്രീസിലേക്കിറങ്ങാനും സാധ്യതയുണ്ട്. അതേസമയം, ബൗളിങ്ങില്‍ കാര്യമായ മാറ്റങ്ങള്‍ ഇന്നുണ്ടാകാന്‍ ഇടയില്ല.

ഇന്ത്യന്‍ സ്‌ക്വാഡ് : ശുഭ്‌മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), യശസ്വി ജയ്‌സ്വാള്‍, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ (ക്യാപ്‌റ്റന്‍), തിലക് വര്‍മ, അക്‌സര്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, ആവേശ് ഖാന്‍, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, രവി ബിഷ്‌ണോയ്, ഉമ്രാന്‍ മാലിക്ക്, യുസ്‌വേന്ദ്ര ചഹല്‍.

വെസ്റ്റ് ഇന്‍ഡീസ് സ്‌ക്വാഡ് : ബ്രാന്‍ഡന്‍ കിങ്, ജോണ്‍സണ്‍ ചാള്‍സ്, റോവ്‌മാന്‍ പവല്‍ (ക്യാപ്‌റ്റന്‍), ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍, കെയ്‌ല്‍ മെയേഴ്‌സ്, നിക്കോളസ് പുരാന്‍, ഷായ് ഹോപ്, ജേസണ്‍ ഹോള്‍ഡര്‍, ഒഡെയ്ന്‍‌ സ്‌മിത്ത്, റൊമാരിയോ ഷെഫേര്‍ഡ്, റോസ്റ്റേന്‍ ചേസ്, അകീല്‍ ഹൊസെന്‍, ഒബെഡ് മക്കോയ്, ഒഷെയ്‌ന്‍ തോമസ്, അല്‍സാരി ജോസഫ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.