ETV Bharat / sports

'ഹലോ മൈക്കല്‍ വോണ്‍, കുറച്ച് കാലമായല്ലോ കണ്ടിട്ട്'; ഇംഗ്ലണ്ടിന്‍റെ മുന്‍ നായകനെ ട്രോളി വസീം ജാഫര്‍

author img

By

Published : Mar 15, 2023, 4:21 PM IST

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ലോക ചാമ്പ്യന്മാരായ ഇംഗ്ലണ്ട് വൈറ്റ്‌ വാഷ്‌ ചെയ്യപ്പെട്ടതിന് പിന്നാലെ ടീമിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണിനെ ട്രോളി വസീം ജാഫര്‍.

Wasim Jaffer Trolls Michael Vaughan  Wasim Jaffer  Michael Vaughan  Wasim Jaffer twitter  england vs bangladesh highlights  england vs bangladesh  വസീം ജാഫര്‍  മൈക്കല്‍ വോണ്‍  മൈക്കല്‍ വോണിനെ ട്രോളി വസീം ജാഫര്‍  ഇംഗ്ലണ്ട് vs ബംഗ്ലാദേശ്
ഇംഗ്ലണ്ടിന്‍റെ മുന്‍ നായകനെ ട്രോളി വസീം ജാഫര്‍

മുംബൈ: കുട്ടിക്രിക്കറ്റില്‍ ലോക ചാമ്പ്യന്മാരാണ് ഇംഗ്ലണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടന്ന ടൂര്‍ണമെന്‍റില്‍ പാകിസ്ഥാനെ തോല്‍പ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്‍റെ കിരീട നേട്ടം. എന്നാല്‍ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സമ്പൂര്‍ണ തോല്‍വി ഏറ്റുവാങ്ങിയ സംഘത്തിന്‍റെ പ്രകടനം ചര്‍ച്ചയാവുകയാണ്. ഇതിന് പിന്നാലെ ഇംഗ്ലണ്ടിന്‍റെ മുന്‍ നായകന്‍ മൈക്കല്‍ വോണിനെ ട്രോളി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ താരം വസീം ജാഫര്‍.

'ഹലോ മൈക്കല്‍ വോണ്‍, കുറച്ച് കാലമായല്ലോ കണ്ടിട്ട്' എന്നാണ് വസീം ജാഫര്‍ ട്വീറ്റ് ചെയ്‌തിരിക്കുന്നത്. ഇന്ത്യയുടെ കടുത്ത വിമര്‍ശകരില്‍ ഒരാണ് മൈക്കല്‍ വോണ്‍. പരാജയത്തിലും വിജയത്തിലുമെല്ലാം ഇന്ത്യയെ വോണ്‍ വിമര്‍ശിക്കാറുണ്ട്.

ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര ടി20 പരമ്പര ഏകപക്ഷീയമായി കൈവിട്ട ഇംഗ്ലീഷ് ടീമിനെതിരെ മൈക്കല്‍ വോണ്‍ സോഷ്യല്‍ മീഡിയിയല്‍ ഇതേവരെ പ്രതികരിച്ചിട്ടുമില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് വസീം ജാഫറിന്‍റെ പ്രതികരണം. പലപ്പോഴും അസ്ഥാനത്തുള്ള വോണിന്‍റെ പ്രതികരണത്തിന് മുഖമടച്ചുള്ള ജാഫറിന്‍റെ ട്വീറ്റുകള്‍ കയ്യടി നേടാറുണ്ട്.

അതേസമയം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ആറ് വിക്കറ്റിനും രണ്ടാം മത്സരത്തില്‍ നാല് വിക്കറ്റിനുമായിരുന്നു ബംഗ്ലാദേശ് ജയം പിടിച്ചത്. ഇന്നലെ നടന്ന മൂന്നാം ടി20യില്‍ 16 റണ്‍സിനും ആതിഥേയര്‍ ജയിച്ച് കയറി. ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 158 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്‌ടത്തില്‍ 142 റണ്‍സെടുക്കാനെ സാധിച്ചുള്ളു. ഇംഗ്ലണ്ടിനായി ഓപ്പണര്‍ ഡേവിഡ് മലാനും ക്യാപ്റ്റന്‍ ജോസ് ബട്‌ലറും മാത്രമാണ് പൊരുതിയത്. 47 പന്തില്‍ 53 റണ്‍സാണ് മലാന്‍ നേടിയത്. ആറ് ഫോറുകളും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്‌സ്.

31 പന്തില്‍ നാല് ഫോറുകളും ഒരു സിക്‌സും സഹിതം 40 റണ്‍സാണ് ബട്‌ലര്‍ക്ക് നേടാന്‍ കഴിഞ്ഞത്. 159 റണ്‍സ് എന്ന വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 13.1 ഓവറില്‍ രണ്ട് വിക്കറ്റിന് 100 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നായിരുന്നു തകര്‍ന്നടിഞ്ഞത്. ആദ്യ ഓവറിന്‍റെ മൂന്നാം പന്തില്‍ തന്നെ അക്കൗണ്ട് തുറക്കാന്‍ കഴിയാതിരുന്ന ഫില്‍ സാള്‍ട്ടിനെ ഇംഗ്ലണ്ടിന് നഷ്‌ടമായി.

തന്‍വീര്‍ ഇസ്‌ലാമിന്‍റെ പന്തില്‍ കുറ്റി തെറിച്ചായിരുന്നു താരത്തിന്‍റെ മടക്കം. തുടര്‍ന്ന് ഒന്നിച്ച മലാനും ബട്‌ലറും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 95 റണ്‍സ് ചേര്‍ത്തു. 14-ാം ഓവറിന്‍റെ ആദ്യ പന്തില്‍ മലാനെ പുറത്താക്കി മുസ്‌തഫിസുര്‍ റഹ്മാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തൊട്ടടുത്ത പന്തില്‍ ബട്‌ലര്‍ റണ്ണൗട്ടായതാണ് തോല്‍വിയില്‍ നിര്‍ണായകമായത്.

പിന്നാലെ മൊയീന്‍ അലി (10 പന്തില്‍ 9), ബെന്‍ ഡെക്കറ്റ് (11 പന്തില്‍ 11), സാം കറണ്‍ ( 6 പന്തില്‍ 4) എന്നിവര്‍ കാര്യമായി ഒന്നും ചെയ്യാതെ മടങ്ങിയത് സംഘത്തിന് വമ്പന്‍ തിരിച്ചടിയായി. 10 പന്തില്‍ 13 റണ്‍സുമായി ക്രിസ് വോക്‌സും നാല് പന്തില്‍ രണ്ട് റണ്‍സുമായി ക്രിസ് ജോര്‍ദാനും പുറത്താവാതെ നിന്നു.

ബംഗ്ലാദേശിനായി ടസ്‌കിന്‍ അഹമ്മദ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. തന്‍വീര്‍ ഇസ്‌ലാം, ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, മുസ്‌തഫിസുർ റഹ്മാൻ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ബംഗ്ലാദേശിനായി ലിറ്റണ്‍ ദാസ് അര്‍ധ സെഞ്ച്വറിയുമായി തിളങ്ങി. 57 പന്തില്‍ 73 റണ്‍സാണ് താരം നേടിയത്.

36 പന്തില്‍ 47 റണ്‍സടിച്ച നജ്‌മുള്‍ ഹൊസൈന്‍ ഷാന്‍റേയും നിര്‍ണായ സംഭാവന നല്‍കി. ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി നടന്ന ഏകദിന പരമ്പര 2-1ന് ഇംഗ്ലണ്ട് സ്വന്തമാക്കിയിരുന്നു.

ALSO READ: ശകാരങ്ങളില്‍ തളരാത്ത കരുത്ത്; ധാരാവിയിലെ ചേരിയില്‍ നിന്നും ക്രിക്കറ്റ് ലോകത്ത് ചുവടുറപ്പിച്ച സിമ്രാൻ ഷെയ്‌ഖ്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.