ETV Bharat / sports

കണ്ണഞ്ചും കവര്‍ ഡ്രൈവുകള്‍, പാഞ്ഞും പറത്തിയും റണ്‍സുയര്‍ത്തുന്ന മാന്ത്രികത ; കോലിയെന്ന ക്ലാസ് ബാറ്റര്‍

author img

By ETV Bharat Kerala Team

Published : Nov 5, 2023, 9:17 AM IST

Virat Kohli 35th Birthday : ഇന്ത്യന്‍ ക്രിക്കറ്റില്‍ സച്ചിന് ശേഷം ആര് എന്ന ചോദ്യത്തിനുള്ള ഉത്തരമായിരുന്നു വിരാട് കോലി. എന്നാല്‍, തന്‍റെ മികവ് കൊണ്ട് ലോകക്രിക്കറ്റിന്‍റെ തന്നെ മുഖമായിട്ടാണ് അയാള്‍ മാറിയത്.

Virat Kohli  Virat Kohli 35th Birthday  Virat Kohli Birthday  Happy Birthday Virat Kohli  VIrat Kohli at 35  വിരാട് കോലി  വിരാട് കോലി പിറന്നാള്‍  വിരാട് കോലി ജന്മദിനം  ഹാപ്പി ബര്‍ത്ത്ഡേ വിരാട് കോലി  വിരാട് കോലിയുടെ 35ാം പിറന്നാള്‍
Virat Kohli 35th Birthday

''വിരമിച്ച് കഴിയുമ്പോഴാണ് പലരും ഇതിഹാസങ്ങളായി മാറുന്നത്… എന്നാല്‍ തന്‍റെ 30-ാം വയസില്‍ തന്നെ ഇതിഹാസമായി വാഴ്‌ത്തപ്പെട്ടവനാണ് വിരാട് കോലി…'' - യുവരാജ് സിങ്.

കാലഘട്ടത്തിന് അനുസരിച്ച് ഓരോ കായിക ഇനത്തിനും ഓരോ ഹീറോകള്‍ ഉണ്ടാകാറുണ്ട്. ക്രിക്കറ്റിലെ ആദ്യ ഹീറോ ആരെന്ന ചോദ്യത്തിന് പലരും ആദ്യം പറയുന്ന ഉത്തരം സര്‍ ഡോണ്‍ ബ്രാഡ്‌മാന്‍ എന്നായിരിക്കും. പിന്നാലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ്, സുനില്‍ ഗവാസ്‌കര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വിരാട് കോലി എന്നിവരുടെ പേരുകളും ഉയര്‍ന്നുകേള്‍ക്കും… ഏത് കാലഘട്ടത്തിലും മികവ് പുലര്‍ത്താന്‍ ശേഷിയുള്ളവരാണ് ഈ പട്ടികയിലെ താരങ്ങളെല്ലാം.

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഒരു കാലഘട്ടത്തെ തന്നെ അടയാളപ്പെടുത്തുന്ന പേരാണ് 'സച്ചിന്‍ ടെണ്ടുല്‍ക്കര്‍' എന്നത്. നീണ്ട 24 വര്‍ഷം അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ എല്ലാമെല്ലാമായിരുന്നു. ആ കാലയളവില്‍ ലോക ക്രിക്കറ്റില്‍ സച്ചിന്‍ പടുത്തുയര്‍ത്തിയ സാമ്രാജ്യം അത്ര ചെറുതൊന്നുമായിരുന്നില്ല.

സച്ചിന്‍ വിരമിച്ച് കഴിഞ്ഞാല്‍ എന്തായിരിക്കും ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഭാവി…? ഒരിക്കല്‍ പല ക്രിക്കറ്റ് ആരാധകരുടെയും മനസില്‍ ഉരുത്തിരിഞ്ഞ ചോദ്യമാണിത്. എന്നാല്‍, ഇതിനുള്ള ഉത്തരം വേഗത്തില്‍ തന്നെ ഇന്ത്യയിലെ ക്രിക്കറ്റ് ആരാധകര്‍ക്ക് വിരാട് കോലിയെന്ന ചെറുപ്പക്കാരനിലൂടെ ലഭിച്ചു. മൈതാനത്ത് അയാളുടെ ബാറ്റില്‍ നിന്നും റണ്‍സും സെഞ്ച്വറിയും പിറന്നു, ശരവേഗത്തില്‍ അയാള്‍ ഇന്ത്യന്‍ ക്രിക്കറ്റിന്‍റെയും ലോക ക്രിക്കറ്റിന്‍റെയും മുഖമായി മാറി…

ക്രിക്കറ്റിലെ രാജാവായ വിരാട് കോലി: സച്ചിന്‍ ക്രിക്കറ്റിലെ ദൈവമാണെങ്കില്‍ വിരാട് കോലി ക്രിക്കറ്റിലെ രാജാവാണ്. അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറി ചുരുങ്ങിയ കാലം കൊണ്ട് തന്നെ വിരാട് കോലിക്കും തന്‍റേതായ ഒരു സാമ്രാജ്യം തന്നെ ക്രിക്കറ്റില്‍ സൃഷ്‌ടിച്ചെടുക്കാന്‍ സാധിച്ചിട്ടുണ്ട്.

വര്‍ഷം 2008, വിരാട് കോലിയുടെ നേതൃത്വത്തിലുള്ള കൗമാരപ്പട ഇന്ത്യയ്‌ക്കായി അണ്ടര്‍ 19 കിരീടം സ്വന്തമാക്കിയിരുന്നു. അതേ വര്‍ഷം തന്നെയാണ് വിരാട് കോലി തന്‍റെ 19-ാം വയസില്‍ സീനിയര്‍ ടീമിലേക്കും തെരഞ്ഞെടുക്കപ്പെടുന്നത്. അഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളാണ് കോലിക്ക് അതിവേഗം തന്നെ ഇന്ത്യന്‍ ടീമിലേക്കുള്ള വാതില്‍ തുറന്നത്.

അരങ്ങേറ്റം നടത്തി ഒരു വര്‍ഷത്തിനിപ്പുറം സെഞ്ച്വറി നേടി ക്രിക്കറ്റ് ലോകത്ത് തന്‍റെ കാല്‍പ്പാടുകള്‍ പതിപ്പിക്കാന്‍ വിരാട് കോലിക്ക് സാധിച്ചു. അവിടെയായിരുന്നു എല്ലാത്തിന്‍റെയും തുടക്കം. പിന്നീട് അയാള്‍ ക്രിക്കറ്റ് ലോകം വെട്ടിപ്പിടിക്കുന്ന കാഴ്‌ചയ്‌ക്കാണ് കളിയാസ്വാദകര്‍ സാക്ഷിയായത്…

കോലിയെന്ന ക്ലാസ് ബാറ്റര്‍ : കാലം മാറിയപ്പോള്‍ ക്രിക്കറ്റിന്‍റെ കളി ശൈലിയിലും മാറ്റം വന്നിട്ടുണ്ട്. ക്രിക്കറ്റില്‍ വമ്പന്‍ ഷോട്ടുകളിലൂടെ റണ്‍സ് ഉയര്‍ത്താന്‍ ശ്രമിക്കുന്നവരാണ് ഇന്ന് പലരും. എന്നാല്‍, ഇക്കാര്യത്തില്‍ മറ്റുള്ളവരില്‍ നിന്നും ഏറെ വ്യത്യസ്‌തനാണ് വിരാട് കോലി.

മൈതാനത്ത് കൃത്യമായി ഗാപ്പുകളിലൂടെ റണ്‍സ് കണ്ടെത്താന്‍ അയാള്‍ പായിക്കുന്ന ഷോട്ടുകളെ വാക്കുകള്‍ കൊണ്ട് വര്‍ണിക്കാന്‍ സാധിക്കുന്നതല്ല. വിരാട് കോലിയുടെ കവര്‍ ഡ്രൈവിന് മാത്രം പ്രത്യേകം ഫാന്‍ ബേസാണുള്ളത്. ബൗണ്ടറികളിലൂടെ മാത്രമല്ല കോലി ടീം സ്കോര്‍ ഉയര്‍ത്തുന്നത്.

വിക്കറ്റുകള്‍ക്കിടയിലൂടെ ഓടി റണ്‍സ് നേടാനും വിദഗ്‌ധനാണ് വിരാട് കോലി. 2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന മത്സരത്തില്‍ കേപ്‌ടൗണില്‍ കോലി നേടിയത് 159 പന്തില്‍ പുറത്താകാതെ 160 റണ്‍സാണ്. 12 ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 60 റണ്‍സ് മാത്രമാണ് ഈ മത്സരത്തില്‍ ബൗണ്ടറിയിലൂടെ കോലി സ്കോര്‍ ചെയ്‌തത്.

Also Read : Most Runs In ODI Cricket: വിരാട് കോലിയുടെ റണ്‍വേട്ട, സനത് ജയസൂര്യയും പിന്നിലായി; ഇനി മുന്നിലുള്ളത് മൂന്ന് പേര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു, ക്രിക്കറ്റില്‍ താന്‍ നേടിയ റെക്കോഡുകള്‍ തകര്‍ക്കുന്ന താരങ്ങളില്‍ ഒരാള്‍ വിരാട് കോലി ആയിരിക്കുമെന്ന്. ക്രിക്കറ്റ് ദൈവത്തിന്‍റെ ആ വാക്കുകള്‍ക്കാണ് വിരാട് കോലി തന്‍റെ പ്രകടനങ്ങള്‍ കൊണ്ട് ഇന്ന് അടിവരയിടുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.