ETV Bharat / sports

ആരാണ് 'ഗസ് അറ്റ്കിൻസണ്‍'; ഇംഗ്ലണ്ടിന്‍റെ ലോകകപ്പ് ടീമിൽ സർപ്രൈസ് എൻട്രിയുമായി അണ്‍ക്യാപ്പ്‌ഡ് താരം

author img

By

Published : Aug 17, 2023, 8:53 PM IST

ഇതുവരെ 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 2 ലിസ്റ്റ് എ മത്സരങ്ങളും 41 ടി20 മത്സരങ്ങളും മാത്രമാണ് ഗസ് അറ്റ്കിൻസൻ കളിച്ചിട്ടുള്ളത്

ഏകദിന ലോകകപ്പ്  ODI World Cup  ഏകദിന ലോകകപ്പിനായുള്ള ഇംഗ്ലണ്ട് ടീം  England provisional squad for the ODI World Cup  ODI World Cup 2023  England announces a 15 man provisional squad  ഗസ് അറ്റ്കിൻസണ്‍  Gus Atkinson  Gus Atkinson in England ODI World Cup squad  Gus Atkinson in England World Cup squad  uncapped player Gus Atkinson
ഗസ് അറ്റ്കിൻസണ്‍

ലണ്ടൻ : ഏകദിന ലോകകപ്പിനായുള്ള 15അംഗ താത്‌കാലിക സ്‌ക്വാഡിനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം. വിരമിക്കൽ തീരുമാനം പിൻവലിച്ച് ഏകദിന ടീമിലേക്കെത്തിയ ബെൻ സ്റ്റോക്‌സ് ടീമിൽ ഇടം നേടിയപ്പോൾ യുവ ബാറ്റർ ഹാരി ബ്രൂക്കും സീനിയർ ബോളർ ജോഫ്ര ആർച്ചറും പുറത്തായി. സീനിയർ താരങ്ങളെ ഉൾപ്പടെ ടീമിൽ നിന്ന് മാറ്റി നിർത്തിയപ്പോൾ ഒരു അണ്‍ക്യാപ്പ്‌ഡ് താരത്തിനെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയാണ് ഇംഗ്ലണ്ട് ഇത്തവണ ഞെട്ടിച്ചിരിക്കുന്നത്. 25 കാരനായ ഗസ് അറ്റ്കിൻസണാണ് ടീമിലെ ആ പുതുമുഖം.

വജ്രായുധമാകാൻ ഗസ് അറ്റ്കിൻസണ്‍ : കൗണ്ടി ചാമ്പ്യൻഷിപ്പിലെയും ദി ഹണ്‍ഡ്രഡിലെയും മികച്ച പ്രകടനത്തിന്‍റെ അടിസ്ഥാനത്തിലാണ് അറ്റ്കിൻസണിന് ഇംഗ്ലണ്ട് ടീമിലേക്കുള്ള വിളിയെത്തിയത്. ദി ഹണ്‍ഡ്രഡിൽ 95 മൈൽ വേഗത്തിൽ പന്തെറിഞ്ഞ് ഞെട്ടിച്ചിരുന്നു താരം. കഴിഞ്ഞയാഴ്‌ച നടന്ന മത്സരത്തിൽ തീ പാറും പന്തുകളാൽ സാക്ഷാൽ ജോസ്‌ ബട്‌ലറെ വരെ അറ്റ്‌കിൻസണ്‍ വിറപ്പിച്ചിരുന്നു. ലോകകപ്പിൽ തങ്ങളുടെ വജ്രായുധമായാണ് അറ്റ്‌കിൻസണെ ഇംഗ്ലണ്ട് കാണുന്നത്.

ഐസിസിയുടെ കണക്കുകൾ പ്രകാരം ഇതുവരെ 14 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 2 ലിസ്റ്റ് എ മത്സരങ്ങളും 41 ടി20 മത്സരങ്ങളും മാത്രമാണ് അറ്റ്കിൻസണ്‍ കളിച്ചിട്ടുള്ളത്. ഒരു പ്രൊഫഷണൽ അൻപത് ഓവർ മത്സരത്തിൽ അറ്റ്കിൻസണ്‍ അവസാനമായി പ്രത്യക്ഷപ്പെട്ടത് രണ്ട് വർഷങ്ങൾക്ക് മുമ്പാണ്. നിരന്തരം വേട്ടയാടിയിരുന്ന പരിക്കുകളാണ് താരത്തിന് തിരിച്ചടിയായത്.

ഗസ് അറ്റ്കിൻസണ്‍ തങ്ങളുടെ ടീമിന് ഒരു മുതൽക്കൂട്ടാകുമെന്നാണ് ടീം പ്രഖ്യാപന വേളയിൽ ഇംഗ്ലണ്ട് ടീമിന്‍റെ മുഖ്യ സെലക്‌ടർ ലൂക്ക് റൈറ്റ് പറഞ്ഞത്. 'അറ്റ്‌കിൻസണ്‍ ദേശീയ ടീമിൽ കളിക്കാൻ അർഹനാണ്. എല്ലാവരും അവനെ നിരീക്ഷിക്കുന്നുണ്ടെന്ന് എനിക്ക് ഉറപ്പുണ്ട്. അവൻ അത്യധികം ആവേശഭരിതനാണ്. അദ്ദേഹം ഞങ്ങൾക്ക് ഒരു യഥാർഥ സ്വത്താണ്, അവന് ഒരു അവസരം നൽകുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്' - ലൂക്ക് റൈറ്റ് കൂട്ടിച്ചേർത്തു.

ആർച്ചർക്ക് പകരക്കാരൻ : അതേസമയം ജോഫ്ര ആർച്ചർക്ക് പകരക്കാരനായാണ് അറ്റ്കിൻസണിന് ടീമിലേക്കുള്ള സർപ്രൈസ് കോൾ എത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. ആർച്ചറിന് സമാനമാണ് അറ്റ്‌കിൻസണിന്‍റെ ബോളിങ്ങും. താരത്തിന്‍റെ സുഗമമായ റണ്ണപ്പും മൂർച്ചയുള്ള ബൗണ്‍സറുകളും ലോകകപ്പിനായി ഇന്ത്യയിലേക്ക് വരുമ്പോള്‍ ഇംഗ്ലണ്ടിന് ഒരു എക്‌സ്-ഫാക്‌ടർ നൽകുമെന്ന കാര്യം ഉറപ്പാണ്.

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡിൽ ചേരുന്നതിന് മുമ്പ് ഐഎൽടി20യിൽ ആദ്യം ഓവൽ ഇൻവിൻസിബിൾസിനും പിന്നീട് ഡെസേർട്ട് വൈപ്പേഴ്‌സിനും വേണ്ടി താരം കളിച്ചിരുന്നു. പിന്നാലെ അബുദാബി ടി10 ലീഗിൽ കളിക്കാനും താരത്തിന് അവസരം ലഭിച്ചു. കുടാതെ പാകിസ്ഥാൻ സൂപ്പർ ലീഗിൽ ഇസ്ലാമബാദ് യുണൈറ്റഡിനൊപ്പവും അറ്റ്കിൻസണ്‍ കരാർ ഒപ്പിട്ടിരുന്നു.

ഫസ്റ്റ് ക്ലാസിൽ 14 മത്സരങ്ങളിൽ നിന്ന് 45 വിക്കറ്റുകളാണ് അറ്റ്‌കിൻസണ്‍ വീഴ്‌ത്തിയത്. 6/68 ആണ് മികച്ച പ്രകടനം. ലിസ്റ്റ് എ മത്സരങ്ങളിൽ രണ്ട് കളികളിൽ നിന്ന് അഞ്ച് വിക്കറ്റുകളും, ടി20യിൽ 41 മത്സരങ്ങളിൽ നിന്ന് 55 വിക്കറ്റുകളും അറ്റ്‌കിൻസണ്‍ സ്വന്തമാക്കിയിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ 395 റണ്‍സും ടി20യിൽ 74 റണ്‍സും താരം സ്വന്തമാക്കിയിട്ടുണ്ട്.

ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്‍റെ താത്‌കാലിക സ്ക്വാഡ് : ജോസ് ബട്ട്‌ലർ (ക്യാപ്റ്റൻ), മൊയിൻ അലി, ജോണി ബെയർസ്റ്റോ, സാം കറൻ, ലിയാം ലിവിംഗ്സ്റ്റൺ, ഡേവിഡ് മലാൻ, ആദിൽ റഷീദ്, ജോ റൂട്ട്, ജേസൺ റോയ്, ബെൻ സ്റ്റോക്‌സ്, റീസ് ടോപ്ലി, ഡേവിഡ് വില്ലി, മാർക്ക് വുഡ്, ക്രിസ് വോക്‌സ്, ഗസ് അറ്റ്കിൻസൺ.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.