ബ്രിസ്ബേന്‍: ടി20 ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇന്ത്യയ്‌ക്കെതിരെ ഓസ്‌ട്രേലിയയ്‌ക്ക് 187 റണ്‍സ് വിജയ ലക്ഷ്യം. ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തിലാണ് 186 റണ്‍സെടുത്തത്. അര്‍ധ സെഞ്ചുറിയുമായി തിളങ്ങിയ കെഎല്‍ രാഹുലിന്‍റെയും സൂര്യകുമാര്‍ യാദവിന്‍റെയും പ്രകടനമാണ് ഇന്ത്യയ്‌ക്ക് നിര്‍ണായകമായത്.
മികച്ച തുടക്കമാണ് ഇന്ത്യയ്‌ക്ക് ലഭിച്ചത്. ഒന്നാം വിക്കറ്റില്‍ കെഎല്‍ രോഹുലും രോഹിത് ശര്‍മയും ചേര്‍ന്ന് 78 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. രോഹിത് ശര്‍മയെ ഒരറ്റത്ത് നിര്‍ത്തിയ കെഎല്‍ രാഹുല്‍ തുടക്കം തൊട്ട് നിറഞ്ഞാടുകയായിരുന്നു. 33 പന്തില്‍ 57 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി മാക്‌സ്‌വെലാണ് ഓസീസിന് ബ്രേക് ത്രൂ നല്‍കിയത്.
തൊട്ടടുത്ത ഓവറില്‍ രോഹിത്തും തിരിച്ച് കയറി. 14 പന്തില്‍ 15 റണ്‍സാണ് താരം നേടിയത്. പിന്നാലെ ഒന്നിച്ച കോലിയും സൂര്യയും കരുതലോടെയാണ് തുടങ്ങിയത്. എന്നാല്‍ 13 പന്തില്‍ 19 റണ്‍സെടുത്ത കോലി സ്റ്റാര്‍ക്കിന് മുന്നില്‍ വീണു.
തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് അഞ്ച് പന്ത് മാത്രമായിരുന്നു ആയുസ്. രണ്ട് റണ്‍സ് നേടിയ ഹാര്‍ദിക് പുറത്താവുമ്പോള്‍ 13.4 ഓവറില്‍ 127 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. നിയുക്ത ഫിനിഷറായ ദിനേഷ് കാര്‍ത്തികിനും കാര്യമായ പ്രകടനം നടത്താന്‍ കഴിഞ്ഞില്ല.
14 പന്തില്‍ 20 റണ്‍സുമായാണ് ഡികെ മടങ്ങിയത്. അവസാന ഓവറിലെ മൂന്നാം പന്തില്‍ സെഞ്ചുറി തികച്ച സൂര്യകുമാര്‍ യാദവ് നാലാം പന്തില്‍ പുറത്തായി. 33 പന്തില്‍ 50 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം. ആര്‍ അശ്വിനാണ് പുറത്തായ മറ്റൊരു താരം. 2 പന്തില്‍ 6 റണ്‍സാണ് അശ്വിന്‍ നേടിയത്. അക്‌സര്‍ പട്ടേല്‍ 6 പന്തില്‍ 6 റണ്‍സുമായി പുറത്താകാതെ നിന്നു. ഓസീസിനായി കെയ്‌ന്‍ റിച്ചാര്‍ഡ്‌സണ്‍ നാല് വിക്കറ്റ് വീഴ്‌ത്തി.