ETV Bharat / sports

അവസാന രണ്ട് ടെസ്റ്റുകളിലും ഇടം നേടി രാഹുൽ, ഏകദിന ടീമിൽ സഞ്ജുവില്ല ; ഓസീസിനെതിരായ ടീം പ്രഖ്യാപിച്ച് ബിസിസിഐ

author img

By

Published : Feb 19, 2023, 8:27 PM IST

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ രോഹിത് ശർമ കളിക്കില്ല. പകരം ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും

ഓസീസിനെതിരായ ടീം പ്രഖ്യാപിച്ച് ബിസിസിഐ  ബിസിസിഐ  സഞ്ജു സാംസണ്‍  Sanju Samson  ബോർഡർ ഗവാസ്‌കർ ട്രോഫി  ജയ്‌ദേവ് ഉനദ്‌ഘട്ട്  Border Gavaskar Trophy  Test match against Australia  KL Rahul  Rohit Sharma  രോഹിത് ശർമ  Indian squad against Australia  INDIA VS AUSTRALIA  Ind vs Aus  ഇന്ത്യ vs ഓസ്‌ട്രേലിയ  Rohit to miss first ODI
ഓസീസിനെതിരായ ടീം പ്രഖ്യാപിച്ച് ബിസിസിഐ

മുംബൈ : ബോർഡർ ഗവാസ്‌കർ ട്രോഫിയിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ അവസാന രണ്ട് ടെസ്റ്റുകൾക്കായുള്ള ടീമിനെയും, തുടർന്നുള്ള മൂന്ന് മത്സരങ്ങളുടെ ഏകദിന പരമ്പരയ്‌ക്കായുള്ള ടീമിനെയും പ്രഖ്യാപിച്ച് ബിസിസിഐ. മോശം ഫോമിന്‍റെ പേരിൽ വിമർശനങ്ങൾ നേരിടുന്ന കെഎൽ രാഹുൽ തുടർന്നുള്ള മത്സരങ്ങളിലേക്കായും ടീമിൽ ഇടം നേടിയിട്ടുണ്ട്. രഞ്ജി ട്രോഫി ഫൈനലിൽ സൗരാഷ്‌ട്രയെ കിരീടത്തിലേക്കെത്തിച്ച പേസർ ജയ്‌ദേവ് ഉനദ്‌കട്ടും ടെസ്റ്റ് ടീമിൽ ഇടം നേടിയിട്ടുണ്ട്.

രഞ്ജി ട്രോഫി ഫൈനലിൽ ബംഗാളിനെതിരെ രണ്ട് ഇന്നിങ്സുകളിലുമായി ഉനദ്‌കട് ഒൻപത് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. ഓസീസിനെതിരായ ആദ്യ രണ്ട് ടെസ്റ്റുകൾക്കായുള്ള ടീമിൽ താരം ഇടം പിടിച്ചിരുന്നെങ്കിലും ആദ്യ മത്സരത്തിൽ പ്ലേയിങ് ഇലവനിൽ ഇടം നേടാൻ സാധിച്ചിരുന്നില്ല. ആദ്യ ടെസ്റ്റിന് പിന്നാലെ രഞ്ജി ട്രോഫി ഫൈനലിലേക്കായി ഉനദ്‌കട്ടിനെ ബിസിസിഐ ഇന്ത്യൻ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

അതേസമയം മോശം ഫോമിൽ കളിക്കുന്ന കെഎൽ രാഹുലിന് തുടർ അവസങ്ങൾ നൽകുന്ന തീരുമാനം വരും ദിവസങ്ങളിൽ വലിയ ചർച്ചയായി മാറുമെന്ന കാര്യം ഉറപ്പാണ്. മൂന്നാം ടെസ്റ്റ് മാർച്ച് 1 മുതൽ ഇൻഡോറിലും നാലാം ടെസ്റ്റ് മാർച്ച് ഒൻപത് മുതൽ അഹമ്മദാബാദിലും നടക്കും. പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകളിലും ഇന്ത്യ തകർപ്പൻ ജയം സ്വന്തമാക്കിയിട്ടുണ്ട്.

അതേസമയം ഓസീസിനെതിരായ ഏകദിന പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണെ ഉൾപ്പെടുത്തിയിട്ടില്ല. എന്നാൽ മോശം ഫോമിൽ വലയുന്ന കെഎൽ രാഹുലിനെ ഏകദിന ടീമിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പരമ്പരയിലെ ആദ്യ മത്സരത്തിൽ നായകൻ രോഹിത് ശർമ കളിക്കില്ല. കുടുംബ കാരണങ്ങളാൽ വിട്ടുനിൽക്കുന്നു എന്നാണ് ബിസിസിഐ അറിയിച്ചിട്ടുള്ളത്. പകരം ഹാർദിക് പാണ്ഡ്യ ടീമിനെ നയിക്കും.

ടെസ്റ്റ് ടീമിൽ ഇടം നേടിയ ജയദേവ് ഉനദ്‌കട് ഏകദിന ടീമിലും ഇടം നേടിയിട്ടുണ്ട്. ഇഷാൻ കിഷനാണ് ടീമിന്‍റെ സ്‌പെഷ്യലിസ്റ്റ് വിക്കറ്റ് കീപ്പർ. കൂടാതെ രവീന്ദ്ര ജഡേജ, ശ്രേയസ് അയ്യർ, അക്‌സർ പട്ടേൽ എന്നിവരും ഏകദിന ടീമിൽ ഇടം നേടിയിട്ടുണ്ട്. മാർച്ച് 17ന് മുംബൈയിലാണ് ഏകദിന പരമ്പര ആരംഭിക്കുക. മാർച്ച് 19ന് വിശാഖപട്ടണത്തും 22ന് ചെന്നൈയിലുമാണ് രണ്ടും മൂന്നും ഏകദിനങ്ങൾ.

അവസാന രണ്ട് ടെസ്റ്റുകള്‍ക്കുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍, ശുഭ്‌മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി, കെ എസ് ഭരത് (വിക്കറ്റ് കീപ്പര്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്രന്‍ അശ്വിന്‍, അക്‌സര്‍ പട്ടേല്‍, കുല്‍ദീപ് യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ഉമേഷ് യാദവ്, ജയ്‌ദേവ് ഉനദ്‌കട്.

ഏകദിന സ്‌ക്വാഡ്: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്‌ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.