ETV Bharat / sports

സഞ്ജു പുറത്ത്, പന്ത് അകത്ത് ; ഇതെന്ത് ന്യായമെന്ന് ആരാധകർ, വിശദീകരണവുമായി ശിഖർ ധവാൻ

author img

By

Published : Nov 27, 2022, 7:08 PM IST

സഞ്ജു സാംസണെ ഇന്ത്യയുടെ പ്ലെയിങ് ഇലവനിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ ട്വിറ്ററിൽ #SanjuSamson എന്ന ഹാഷ്‌ടാഗ് ട്രെന്‍ഡിങ്ങായി മാറിയിരുന്നു

സഞ്ജു സാംസണ്‍  Sanju Samson  Sanju  ഇന്ത്യ vs ന്യൂസിലൻഡ്  India vs New Zealand  ശിഖർ ധവാൻ  സഞ്ജു  ട്വിറ്ററിൽ ട്രെന്‍റായി സഞ്ജു  Sanju Samson Twitter Trending  Sanju Samson exclusion from second odi  Sanju Samson exclusion  Sanju Samson Dropped from playing eleven
സഞ്ജു പുറത്ത്, പന്ത് അകത്ത്; ഇതെന്ത് ന്യായമെന്ന് ആരാധകർ, വിശദീകരണവുമായി ശിഖർ ധവാൻ

ഹാമിൽട്ടണ്‍ : മികച്ച ഫോമിൽ ബാറ്റ് വീശിയിട്ടും ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ മലയാളി താരം സഞ്ജു സാംസണെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്തിയിരുന്നില്ല. ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ടീമിലുണ്ടായിരുന്ന സഞ്ജു മോശമല്ലാത്ത പ്രകടനം കാഴ്‌ചവച്ചിട്ടും രണ്ടാം ഏകദിനത്തിൽ പുറത്തിരുത്തിയതിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് ഉയർന്നുവന്നത്.

ഇപ്പോൾ താരത്തെ പുറത്തിരുത്തിയതിന്‍റെ കാരണം വ്യക്‌തമാക്കി രംഗത്തെത്തിയിരിക്കുകയാണ് നായകൻ ശിഖർ ധവാൻ. 'ടീമിൽ ആറ് ബോളർമാർ വേണമെന്ന് തീരുമാനിച്ചിരുന്നു. അതിനാൽ സഞ്ജു സാംസണെ ഒഴിവാക്കി ദീപക് ഹൂഡയെ കൊണ്ടുവന്നു. ചാഹറിന് പന്ത് നന്നായി സ്വിംഗ് ചെയ്യാൻ കഴിയും. അതിനാലാണ് ചാഹറിനെ ടീമിൽ ഉൾപ്പെടുത്തിയത്' - ധവാൻ പറഞ്ഞു.

ആദ്യ മത്സരത്തിൽ അഞ്ച് ബോളർമാരുമായി കളത്തിലിറങ്ങിയ ഇന്ത്യ ന്യൂസിലൻഡിനോട് തോൽവി വഴങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് രണ്ടാം മത്സരത്തിൽ ആറ് ബോളർമാരെ ഉൾപ്പെടുത്താൻ തീരുമാനിച്ചതും, ദീപക് ഹൂഡയെ ഉൾപ്പെടുത്തിയതും. ഇടം കയ്യൻ ബാറ്ററുടെ ആനുകൂല്യം ലഭിക്കാൻ മോശം ഫോമിലായ പന്തിനെ ടീമിൽ ഉൾപ്പെടുത്തുകയുമായിരുന്നു മാനേജ്‌മെന്‍റ്.

ട്വിറ്ററിൽ ട്രെന്‍ഡായി സഞ്ജു : അതേസമയം സഞ്ജുവിനെ പുറത്തിരുത്തിയതിനെതിരെ കടുത്ത ഭാഷയിലുള്ള വിമർശനങ്ങളുമായാണ് മുൻ താരങ്ങളും, ആരാധകരും രംഗത്തെത്തിയത്. ട്വിറ്ററിൽ #SanjuSamson എന്ന ഹാഷ്‌ടാഗ് ട്രെന്‍ഡിങ്ങായി മാറുകയും ചെയ്‌തു. ടീമില്‍ തുടരെ പരാജയപ്പെട്ടിട്ടും പന്തിന് വീണ്ടും അവസരം നൽകുകയും നല്ല പ്രകടനം നടത്തുന്ന സഞ്ജുവിനെ പരിഗണിക്കാതെ പുറത്തിരുത്തുന്നതും നീതികേടാണെന്നാണ് സോഷ്യൽ മീഡിയയിലെ ഭൂരിഭാഗം കമന്‍റുകളും.

സഞ്ജുവിനെ പുറത്തിരുത്തിയതിനെതിരെ മുൻ ഇന്ത്യൻ താരങ്ങളും രംഗത്തെത്തി. ഒരു ഏകദിനം മാത്രം കളിപ്പിച്ച ശേഷം സഞ്ജുവിനെപ്പോലെ പ്രതിഭാസമ്പന്നനായ താരത്തെ ഒഴിവാക്കിയത് കടുത്ത തീരുമാനമായിരുന്നുവെന്ന് മുൻ ഇന്ത്യൻ താരം മുരളി കാർത്തിക് അഭിപ്രായപ്പെട്ടു. അതേസമയം ഇന്ത്യയുടെ ടീം സെലക്ഷനെ ചോദ്യം ചെയ്‌തുകൊണ്ടാണ് മുൻ ഇന്ത്യൻ പേസർ ആശിഷ് നെഹ്‌റയും, വസീം ജാഫറും രംഗത്തെത്തിയത്.

ന്യൂസിലൻഡിനെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ടീമിൽ സഞ്ജുവിനെ ഉൾപ്പെടുത്തിയെങ്കിലും കളിക്കാൻ അവസരം ലഭിച്ചിരുന്നില്ല. പിന്നാലെ ബംഗ്ലാദേശിനെതിരെയുള്ള ഏകദിന പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ചെങ്കിലും അതിലും സഞ്ജുവിനെ ഉൾപ്പെടുത്തിയിരുന്നില്ല. 17 അം​ഗ ടീമിൽ റിഷഭ് പന്തും ഇഷാൻ കിഷനും ഇടം പിടിച്ചെങ്കിലും സഞ്ജു പുറത്താവുകയായിരുന്നു.

മഴയിൽ മുങ്ങിയ മത്സരം : അതേസമയം ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനം മഴമൂലം ഉപേക്ഷിച്ചു. ടോസ്‌ നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 12.5 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 89 റണ്‍സില്‍ നില്‍ക്കേയാണ് മഴ വില്ലനായെത്തിയത്. കളിയുടെ തുടക്കത്തിലും മഴ തടസപ്പെടുത്തിയതിനെ തുടര്‍ന്ന് 29 ഓവറായി മത്സരം നേരത്തെ വെട്ടിക്കുറച്ചിരുന്നു.

ഇന്ത്യയ്ക്കായി ശിഖര്‍ ധവാനും ശുഭ്‌മാന്‍ ഗില്ലും ഭേദപ്പെട്ട തുടക്കം നല്‍കി നില്‍ക്കുന്നതിനിടെയാണ് വില്ലനായി ആദ്യം മഴയെത്തിയത്. ഈ സമയം 4.5 ഓവറില്‍ ഇരുവരും ചേര്‍ന്ന് 22 റണ്‍സ് നേടിയിരുന്നു. മഴയെ തുടര്‍ന്ന് മൂന്നര മണിക്കൂറോളം നിര്‍ത്തിവച്ച ശേഷമാണ് ഓവര്‍ വെട്ടിച്ചുരുക്കി മത്സരം പുനരാരംഭിക്കാന്‍ തീരുമാനമായത്.

പിന്നീട് 29 ഓവറായി വെട്ടിച്ചുരുക്കി മത്സരം പുനരാരംഭിച്ചതിന് പിന്നാലെ ധവാൻ(3) പുറത്തായി. പിന്നാലെയെത്തിയ സൂര്യകുമാർ യാദവ് ഗില്ലിനെ കൂട്ടുപിടിച്ച് തകർപ്പനടികളുമായി ടീം സ്‌കോർ ഉയർത്തുന്നതിനിടെ മഴ വീണ്ടുമെത്തുകയായിരുന്നു. ആദ്യ മത്സരം വിജയിച്ച ന്യൂസിലൻഡ് മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മുന്നിലാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.