ETV Bharat / sports

വിരാട് കോലിയുടെ ആസ്‌തി 1000 കോടിയിലേറെ ; വിശദാംശങ്ങള്‍ അറിയാം

author img

By

Published : Jun 18, 2023, 1:57 PM IST

ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ ബോയ്‌ ആയ വിരാട് കോലിയുടെ ആസ്‌തി 1,050 കോടി രൂപയെന്ന് റിപ്പോര്‍ട്ട്

Virat Kohli s Net Worth  Virat Kohli  virat kohli earnings  virat kohli news  വിരാട് കോലിയുടെ ആസ്‌തി  വിരാട് കോലി  വിരാട് കോലി വരുമാനം
വിരാട് കോലിയുടെ ആസ്‌തി 1000 കോടിയിലേറെ

മുംബൈ : ഏറെക്കാലമായി ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ പോസ്റ്റര്‍ ബോയ്‌ ആണ് സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലി. സോഷ്യല്‍ മീഡിയയില്‍ അടക്കം നിരവധി പേര്‍ പിന്തുടരുന്ന 34-കാരനായ താരം നിലവില്‍ ലോകത്തിലെ ഏറ്റവും ജനപ്രിയ കായികതാരങ്ങളില്‍ ഒരാളാണ്. ക്രിക്കറ്റിന് പുറമെ പരസ്യങ്ങളിലൂടെയും കോടികളാണ് കോലി സമ്പാദിക്കുന്നത്.

ഇക്കാലയളവില്‍ താരത്തിന് ഏത്ര രൂപയുടെ ആസ്‌തിയുണ്ടാവുമെന്ന് ചിലരെങ്കിലും ചിന്തിച്ചുകാണുമെന്നുറപ്പ്. ഇപ്പോഴിതാ ഈ ചോദ്യത്തിനുള്ള ഉത്തരം പുറത്തുവന്നിരിക്കുകയാണ്. വിരാട് കോലിക്ക് 1,050 കോടി രൂപയുടെ ആസ്‌തിയുണ്ടെന്നാണ് ട്രേഡിങ്-ഇൻവെസ്റ്റിങ് കമ്പനിയായ സ്റ്റോക്ക് ഗ്രോ റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. നിലവിലെ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളിൽ ഏറ്റവും ഉയർന്ന ആസ്‌തിയാണിത്.

ബിസിസിയുമായുള്ള വാര്‍ഷിക കരാറില്‍ എ പ്ലസ് വിഭാഗത്തിലുള്ള കോലി 7 കോടി രൂപയാണ് നേടുന്നത്. കളിക്കുന്ന ഓരോ ടെസ്റ്റിനും 15 ലക്ഷം രൂപയും ഏകദിനത്തിന് 6 ലക്ഷം രൂപയും ടി20 മത്സരത്തിന് 3 ലക്ഷം രൂപയുമാണ് താരത്തിന്‍റെ മാച്ച് ഫീ. ഇതുകൂടാതെ ഇന്ത്യൻ പ്രീമിയർ ലീഗില്‍ (ഐ‌പി‌എൽ) റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായുള്ള കരാറിൽ നിന്ന് പ്രതിവർഷം 15 കോടി രൂപയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ നേടുന്നത്.

ഒന്നിലധികം ബ്രാൻഡുകളും സ്വന്തമാക്കിയ താരം ബ്ലൂ ട്രൈബ്, യൂണിവേഴ്‌സല്‍ സ്‌പോർട്‌സ്ബിസ്, എം‌പി‌എൽ, സ്‌പോർട്‌സ് കോൺവോ എന്നിവ ഉൾപ്പെടുന്ന ഏഴ് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട്. 18-ലധികം ബ്രാൻഡുകള്‍ക്കായും താരം പ്രവര്‍ത്തിക്കുന്നുണ്ട്. ഒരു പരസ്യം ചിത്രീകരിക്കുന്നതിന് പ്രതിവർഷം 7.50 മുതൽ 10 കോടി വരെയാണ് കോലി ഈടാക്കുന്നത്.

ഇന്ത്യന്‍ കായിക ലോകത്തോ ബോളിവുഡിലോ മറ്റൊരാള്‍ക്കും ഇത്രയും ഉയര്‍ന്ന തുക ലഭിക്കുന്നില്ല. വിവിധ ബ്രാൻഡുകളുമായി ഒപ്പുവച്ച കരാറുകളിലൂടെ ഏകദേശം 175 കോടി രൂപയാണ് താരം സമ്പാദിക്കുന്നത്. സോഷ്യൽ മീഡിയയിൽ, ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ഒരു പോസ്റ്റിന് യഥാക്രമം 8.9 കോടി രൂപയും 2.5 കോടി രൂപയുമാണ് കോലി ഈടാക്കുന്നത്.

രണ്ട് വീടുകളാണ് താരത്തിനുള്ളത്. ഇതില്‍ മുംബൈയിലെ വീടിന് 34 കോടി രൂപയും ഗുരുഗ്രാമിലെ വീടിന് 80 കോടി രൂപയുമാണ് മതിപ്പുള്ളത്. 31 കോടി രൂപയുടെ ആഡംബര കാറുകളും താരത്തിന് സ്വന്തമായുണ്ട്. ഇവ കൂടാതെ, ഇന്ത്യൻ സൂപ്പർ ലീഗിൽ മത്സരിക്കുന്ന എഫ്‌സി ഗോവ ഫുട്‌ബോൾ ക്ലബ്, ടെന്നീസ് ടീം, പ്രോ - റസ്‌ലിങ് ടീം എന്നിവയുടെ ഉടമസ്ഥതയും താരത്തിനുണ്ട്.

ALSO READ: അമ്പാട്ടി റായിഡു രാഷ്ട്രീയത്തിലേക്ക് ?; തെരഞ്ഞെടുപ്പിൽ മത്സരിച്ചേക്കും

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ശേഷം വിശ്രമത്തിലുള്ള കോലി വരാനിരിക്കുന്ന വെസ്റ്റ് ഇൻഡീസ് പര്യടനത്തിലൂടെ ഇന്ത്യയ്‌ക്കായി കളിക്കളത്തിലേക്ക് തിരികെയെത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ലണ്ടനിലെ കെന്നിങ്‌ടണ്‍ ഓവലില്‍ നടന്ന ഓസ്‌ട്രേലിയയ്‌ക്ക് എതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യ 209 റണ്‍സിന്‍റെ കൂറ്റന്‍ തോല്‍വി വഴങ്ങിയിരുന്നു. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഫൈനലില്‍ ഇന്ത്യയുടെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്. നേരത്തെ ചാമ്പ്യന്‍ഷിപ്പിന്‍റെ ആദ്യ പതിപ്പില്‍ കോലിക്ക് കീഴില്‍ ഇറങ്ങിയ ഇന്ത്യയെ ന്യൂസിലന്‍ഡായിരുന്നു തോല്‍പ്പിച്ചത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.