ETV Bharat / sports

WATCH: ഒരോവറില്‍ തുടര്‍ച്ചയായ 5 സിക്‌സുകള്‍; ടി20 ബ്ലാസ്റ്റില്‍ അഴിഞ്ഞാടി ആര്‍സിബി താരം

author img

By

Published : Jun 23, 2023, 3:24 PM IST

മിഡിൽസെക്‌സ്‌ സ്‌പിന്നര്‍ ലൂക്ക് ഹോൾമാനെതിരെ തുടര്‍ച്ചയായ അഞ്ച് പന്തുകളില്‍ സിക്‌സറിച്ച് സറേ ഓപ്പണര്‍ വിൽ ജാക്ക്‌സ്.

Will Jacks Hits five Consecutive Sixes  Will Jacks  RCB  royal challengers bangalore  റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍  T20 Blast  ടി20 ബ്ലാസ്റ്റ്  വിൽ ജാക്ക്‌സ്  വിൽ ജാക്ക്‌സ് സിക്‌സ് വീഡിയോ  ലൂക്ക് ഹോൾമാന്‍  Luke Hollman  ആര്‍സിബി
ടി20 ബ്ലാസ്റ്റില്‍ അഴിഞ്ഞാടി ആര്‍സിബി താരം

ലണ്ടന്‍: ടി20 ബ്ലാസ്റ്റില്‍ ഒരോവറില്‍ തുടര്‍ച്ചയായ അഞ്ച് സിക്‌സറുകള്‍ പറത്തി ഇംഗ്ലണ്ട് ഓൾറൗണ്ടർ വിൽ ജാക്ക്‌സ്. മിഡിൽസെക്‌സിനെതിരായ മത്സരത്തില്‍ സറേയ്‌ക്കായാണ് വിൽ ജാക്ക്‌സ് ആറാട്ട് നടത്തിയത്. മിഡിൽസെക്‌സ്‌ സ്‌പിന്നര്‍ ലൂക്ക് ഹോൾമാനെയാണ് സറേ ഓപ്പണറായ വിൽ ജാക്ക്‌സിന്‍റെ ബാറ്റിന്‍റെ ചൂടറിഞ്ഞത്.

സറേ ഇന്നിങ്‌സിന്‍റെ 11-ാം ഓവറിലാണ് ലൂക്ക് ഹോൾമാന്‍ നിലം തൊടാതെ പറന്നത്. താരത്തിന്‍റെ ആദ്യ അഞ്ച് പന്തുകളിലാണ് വിൽ ജാക്ക്‌സ് സിക്‌സടിച്ചത്. ആറാം പന്തിലും സിക്‌സര്‍ നേടാന്‍ ജാക്ക്‌സ് ശ്രമം നടത്തിയെങ്കിലും ലൂക്ക് ഹോൾമാന്‍റെ ജൂസി ഫുള്‍ ടോസില്‍ പിഴച്ചു.

ഒരു റണ്‍സ് മാത്രമാണ് ഈ പന്തില്‍ താരത്തിന് കണ്ടെത്താന്‍ കഴിഞ്ഞത്. സിക്‌സടിച്ചിരുന്നുവെങ്കില്‍ ഒരോവറിലെ ആറ് പന്തിലും സിക്‌സടിച്ച താരങ്ങളുടെ പട്ടികയില്‍ തന്‍റെ പേരുകൂടെ ചേര്‍ക്കാന്‍ വിൽ ജാക്ക്‌സിന് കഴിയുമായിരുന്നു. നിലവില്‍ ഇന്ത്യയുടെ മുന്‍ ഓൾറൗണ്ടർ യുവരാജ് സിങ്ങും ദക്ഷിണാഫ്രിക്കയുടെ മുൻ താരം ഹെർഷൽ ഗിബ്‌സുമാണ് ഈ റെക്കോഡിന്‍റെ ഉടമകള്‍.

വിൽ ജാക്ക്‌സിനെതിരെ ആദ്യ പന്ത് ഷോർട്ട് ബോളായാണ് ലൂക്ക് ഹോൾമാന്‍ എറിഞ്ഞത്. അതു ഡീപ് സ്‌ക്വയർ ലെഗിന് മുകളിലൂടെയാണ് പറന്നത്. രണ്ടാമത്തെ പന്ത് ഹോൾമാന്‍ ഓഫ് സ്‌റ്റംപിന് പുറത്തെറിഞ്ഞപ്പോള്‍ ലോങ്‌ ഓഫിന് മുകളിലൂടെ അതിര്‍ത്തി കടന്നു. അടുത്ത ഡെലിവറിയില്‍ ഒരു ലെങ്ത് ബോളാണ് ലൂക്ക് ഹോൾമാന്‍ പരീക്ഷിച്ചത്.

ഇതു പറന്നതാവട്ടെ കൗ കോർണറിന് മുകളിലൂടെയും. പിന്നീടുള്ള പന്തുകളില്‍ ഓവര്‍ എക്‌സ്ട്രാ കവറിലൂടെയും ലോങ്ങിലൂടെയുമാണ് വിൽ ജാക്ക്‌സ് സിക്‌സ് കണ്ടെത്തിയത്. ഇതടക്കം 45 പന്തില്‍ എട്ട് ഫോറുകളും ആറ് സിക്‌സും സഹിതം 96 റണ്‍സായിരുന്നു വിൽ ജാക്ക്‌സ് അടിച്ച് കൂട്ടിയത്. സഹ ഓപ്പണര്‍ ലോറി ഇവാൻസും (37 പന്തില്‍ 85) മികച്ച പ്രകടനം നടത്തി. ആദ്യ വിക്കറ്റില്‍ 12.4 ഓവറില്‍ 177 റണ്‍സാണ് ഇരുവരും അടിച്ച് കൂട്ടിയത്.

ALSO READ: ചാമ്പ്യന്‍സ് ട്രോഫി നേട്ടത്തിന്‍റെ 'പത്ത് വര്‍ഷം...', 'കിരീടമില്ലാ'കാലത്തിന്‍റെയും...

ഇതോടെ നിശ്ചിത 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 252 റണ്‍സ് എന്ന കൂറ്റന്‍ സ്‌കോര്‍ കണ്ടെത്താന്‍ സറേയ്‌ക്ക് കഴിഞ്ഞിരുന്നു. എന്നാല്‍ അടിക്ക് തിരിച്ചടിയെന്നോണം മിഡില്‍സെക്‌സ് തിരിച്ചടി നല്‍കിയതോടെ ഏഴ്‌ വിക്കറ്റിന്‍റെ തോല്‍വിയായിരുന്നു സംഘത്തെ കാത്തിരുന്നത്. 19.2 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 254 റണ്‍സെടുത്തായിരുന്നു മിഡില്‍സെക്‌സ് വിജയം പിടിച്ചത്.

ക്യാപ്റ്റന്‍ സ്റ്റീഫൻ എസ്കിനാസി (39 പന്തില്‍ 73), ജോ ക്രാക്ക്നെൽ (16 പന്തില്‍ 36), മാക്‌സ് ഹോള്‍ഡന്‍ (35 പന്തില്‍ 68*), റയാൻ ഹിഗ്ഗിൻസ് (24 പന്തില്‍ 48), ജാക്ക് ഡാവീസ് (3 പന്തില്‍ 11*) എന്നിവര്‍ ചേര്‍ന്നാണ് ടീമിന്‍റെ വിജയം ഉറപ്പിച്ചത്.

ALSO READ: നിയമവിരുദ്ധ ആക്ഷന്‍: യുഎസ് താരത്തിന് ബോള്‍ ചെയ്യുന്നതിന് വിലക്കേര്‍പ്പെടുത്തി ഐസിസി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.