ETV Bharat / sports

കോലി നല്‍കിയത് 7 ഓപ്‌ഷനുകള്‍; അത്രയും ഷോട്ടുകള്‍ കളിക്കുമായിരുന്നെങ്കില്‍ ഞാന്‍ എട്ടാം നമ്പറിലല്ല ബാറ്റ് ചെയ്യാന്‍ എത്തുക: അശ്വിന്‍

author img

By

Published : Jun 30, 2023, 5:55 PM IST

കഴിഞ്ഞ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തിന്‍റെ അവസാന പന്ത് നേരിടാന്‍ എത്തിയപ്പോഴുള്ള നിമിഷത്തെക്കുറിച്ച് സംസാരിച്ച് ആര്‍ അശ്വിന്‍.

R Ashwin recalls India s win against Pakistan  R Ashwin  R Ashwin on Virat Kohli  Virat Kohli  T20 world cup 2022  India vs Pakistan  വിരാട് കോലി  ആര്‍ അശ്വിന്‍  ഇന്ത്യ vs പാകിസ്ഥാന്‍  ടി20 ലോകകപ്പ് ഓര്‍മ്മകള്‍ പങ്കുവച്ച് ആര്‍ അശ്വിന്‍
ടി20 ലോകകപ്പ് ഓര്‍മ്മകള്‍ പങ്കുവച്ച് ആര്‍ അശ്വിന്‍

ചെന്നൈ: ഏകദിന ലോകകപ്പിന്‍റെ ആവേശത്തിലേക്കാണ് ഇനി ക്രിക്കറ്റ് ലോകം ചേരുന്നത്. ആരാധകര്‍ ഏറെ കാത്തിരിക്കുന്നതാവട്ടെ ഇന്ത്യ-പാകിസ്ഥാന്‍ ബ്ലോക്ക്‌ബസ്റ്റര്‍ പോരാട്ടത്തിനായാണ്. രാഷ്‌ട്രീയ കാരണങ്ങളാല്‍ നിലവില്‍ ഐസിസി ടൂര്‍ണമെന്‍റുകളിലാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഏറ്റുമുട്ടുന്നത്. ഇതോടെ കളിക്കളത്തിന് അകത്തും പുറത്തും വീറും വാശിയും പതിന്മടങ്ങ് ഉയരും.

2022-ല്‍ ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിലാണ് അവസാനമായി ഇരു ടീമുകളും ഏറ്റുമുട്ടിയത്. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ തോല്‍വിയുടെ വക്കില്‍ നിന്നും ഇന്ത്യയെ വിജയത്തിലേക്ക് എത്തിച്ച വിരാട് കോലിയുടെ വിരോചിത ഇന്നിങ്‌സ് ആരാധകര്‍ മറക്കാനിടയില്ല. ആര്‍ അശ്വിന്‍റെ ബാറ്റില്‍ നിന്നായിരുന്നു അന്ന് ഇന്ത്യയുടെ വിജയ റണ്‍സ് പിറന്നത്.

മത്സരത്തില്‍ വിജയത്തിനായി ഇന്ത്യയ്‌ക്ക് ഒരു പന്തിൽ രണ്ട് റൺസ് വേണമെന്നിരിക്കെ ആയിരുന്നു ആര്‍ അശ്വിന്‍ എട്ടാം നമ്പറില്‍ ക്രീസിലെത്തിയത്. ഇപ്പോഴിതാ ആ നിമിഷത്തിലെ സമ്മര്‍ദത്തെക്കുറിച്ചും അപ്പോള്‍ വിരാട് കോലിയുമായി നടത്തിയ സംഭാഷണത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ് അശ്വിന്‍. കോലിയുടെ കണ്ണുകള്‍ കണ്ടപ്പോള്‍ മറ്റൊരു ഗ്രഹത്തിലുള്ള ആളെപ്പോലെ തോന്നിയെന്നാണ് അശ്വിന്‍ പറയുന്നത്.

അത്തരമൊരു അന്തരീക്ഷത്തിനും ആൾക്കൂട്ടത്തിനും താന്‍ അതിന് മുമ്പ് സാക്ഷിയായിട്ടില്ലെന്നും അശ്വിന്‍ പറഞ്ഞു. "ആ കഠിനമായ ജോലി ചെയ്യാന്‍ എന്നെ നിര്‍ബന്ധിതനാക്കിയതിന് ഞാന്‍ ദിനേശ് കാര്‍ത്തികിനെ ശപിക്കുകയായിരുന്നു. ബാറ്റു ചെയ്യാന്‍ ക്രീസിലേക്ക് നടക്കുമ്പോള്‍ തന്നെ എത്ര വലിയ സമ്മര്‍ദത്തെയാണ് നേരിടാനുള്ളതെന്ന് എനിക്ക് അറിയാമായിരുന്നു. അത്തരമൊരു അന്തരീക്ഷത്തിനും ആൾക്കൂട്ടത്തിനും അതിന് മുമ്പ് ഞാൻ സാക്ഷിയായിട്ടില്ല.

ബാക്കിയുള്ള ആ ഒരു പന്തില്‍ കളിക്കാന്‍ ഏഴ്‌ ഓപ്‌ഷനുകളാണ് വിരാട് കോലി എനിക്ക് നല്‍കിയത്. ആ ഷോട്ടുകള്‍ കളിക്കാന്‍ മാത്രം കഴിവുള്ള ആളായിരുന്നുവെങ്കില്‍ ഞാന്‍ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ വരില്ലായിരുന്നു എന്നാണ് എനിക്ക് മനസില്‍ തോന്നിയത്.

പക്ഷെ ഞാന്‍ അതു പറഞ്ഞില്ല. വിരാടിന്‍റെ കണ്ണിലേക്ക് നോക്കുമ്പോള്‍ സര്‍വ്വകരുത്തും ആര്‍ജ്ജിച്ച മറ്റൊരു ഗ്രഹത്തില്‍ നിന്നുള്ള ഒരാളെപ്പോലെയാണ് എനിക്ക് തോന്നിയത്"- അശ്വിന്‍ പറഞ്ഞു. അവസാന പന്ത് മുഹമ്മദ് നവാസ് വൈഡ് എറിഞ്ഞപ്പോള്‍ തന്നെ മത്സരം വിജയിച്ചെന്ന് തനിക്ക് തോന്നിയെന്നും അശ്വിന്‍ കൂട്ടിച്ചേര്‍ത്തു.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഒരു ഘട്ടത്തിൽ 31/4 എന്ന നിലയിലേക്ക് തകര്‍ന്നിരുന്നു. തുടര്‍ന്ന് ഒറ്റയ്‌ക്ക് പൊരുതി നിന്ന കോലിയാണ് പാകിസ്ഥാന്‍റെ കയ്യിൽ നിന്നും വിജയം തട്ടിപ്പറിച്ചത്. 53 പന്തിൽ പുറത്താകാതെ 82 റൺസാണ് താരം നേടിയിരുന്നത്.

അതേസമയം ഇന്ത്യയില്‍ ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളിലായാണ് ഏകദിന ലോകകപ്പ് നടക്കുക. ഒക്‌ടോബര്‍ 15-ന് അഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിലാണ് ഇന്ത്യ-പാക് പോരാട്ടം നിശ്ചയിച്ചിരിക്കുന്നത്. ടൂര്‍ണമെന്‍റില്‍ പങ്കെടുക്കുന്നതിനായി പാകിസ്ഥാന്‍ ടീമിന് രാജ്യത്തെ സര്‍ക്കാര്‍ എന്‍ഒസി നല്‍കിയിട്ടില്ലെന്നാണ് അടുത്തിടെ ലഭിച്ച വിവരം.

ALSO READ: Rahane| രഹാനെയെ വൈസ് ക്യാപ്റ്റനാക്കിയതിന് പിന്നിലെ യുക്തിയെന്ത്?, ചുമതല നല്‍കേണ്ടത് മറ്റൊരു താരത്തിന്; വിമര്‍ശനവുമായി സൗരവ് ഗാംഗുലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.